നമുക്ക് പ്രാർത്ഥിക്കാം... ഈശോയെ, കാലത്തിന്റെ അധിപനായ അങ്ങയുടെതാകുന്നു ഇന്നും ഇന്നലെയും നാളെയും. ഞാൻ ഈ നിമിഷം വരെ അങ്ങയിൽ നിന്നും നേടിയ സകല അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. ഈ ജീവിതത്തിനു, സ്നേഹത്തിനു, പൂക്കൾക്ക്, പുഴകൾക്ക്, മഴയ്ക്ക് വെയിലിനു... എല്ലാറ്റിനും അങ്ങേക്ക് നന്ദി പറയുന്നു. അങ്ങ് എന്റെ ജീവിതത്തിൽ അനുവദിച്ചതും അനുവദിക്കാത്തതുമായ എല്ലാ കാര്യങ്ങൾക്കും നന്ദി ഈശോയെ.
നാഥാ, ഞാൻ ചെയ്തതും ഇനി ചെയ്യേണ്ടതുമായ ജോലികളെയും, എന്റെ കുടുംബത്തെയും എന്റെ മക്കളെയും മാതാപിതാക്കളെയും അങ്ങേക്ക് സമര്‍പ്പിക്കുന്നു. എന്റെ അടുത്തുള്ളവരെയും എന്നില്‍നിന്നും അകന്നിരിക്കുന്നവരെയും എന്റെ സുഖദുഖങ്ങൾ പങ്കുവെച്ചവരെയും ഞാൻ അങ്ങേക്ക് സമര്‍പ്പിക്കുന്നു.
മാത്രമല്ല, ഈശോയെ,ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങളെ ഓര്‍ക്കുന്നു, മാപ്പ് ചോദിക്കുന്നു. ഞാൻ നഷ്ടപ്പെടുത്തിയ സമയത്തെയും പണത്തെയും പ്രതി, അനാവശ്യമായി ഉപയോഗിച്ച വാക്കുകളെ പ്രതി, മാപ്പ് ചോദിക്കുന്നു. ജോലിയിൽ കള്ളത്തരം കാണിച്ചതിനെ ഓർത്തും, ജീവിതത്തിൽ മറ്റുള്ളവരെ മുറിവേൽപ്പിച്ചതിനെയോര്ത്തും മാപ്പ് ചോദിക്കുന്നു ഈശോയെ. പ്രാർത്ഥിക്കുവൻ മടി കാണിച്ചതിനും മാപ്പ് നല്‍കണേ ഈശോയെ.
എന്റെ ഇന്നത്തെ ദിവസം അനുഗ്രഹിക്കപ്പെട്ടതാകട്ടെ, എന്നിലൂടെ മറ്റുള്ളവർ അനുഗ്രഹിക്കപ്പെടട്ടെ. ഞാൻ എത്രകാലം ജീവിക്കുമെന്ന് അങ്ങേക്ക് മാത്രമേ അറിയൂ നാഥാ.
ഇന്ന് ഞാൻ എനിക്കും എന്റെ മാതാപിതാക്കൾ സഹോദരങ്ങൾ, ബന്ധുക്കൾ, മിത്രങ്ങൾ, ജീവിതപങ്കാളി, മക്കൾ തുടങ്ങി എല്ലാവര്ക്കും അങ്ങയുടെ ജ്ഞാനവും സമാധാനവും സന്തോഷവും നല്‍കണേ എന്ന് പ്രാർത്ഥിക്കുന്നു.
ശുഭാപ്തി വിശ്വാസത്തോടും പ്രത്യാശയോടും സ്നേഹത്തോടും കൂടെ ഞാൻ എന്നും ജീവിക്കട്ടെ. എന്റെ കണ്ണുകളെ, മോശമായ കാഴ്ചകളിൽ നിന്നും എന്റെ കാതുകൾ തെറ്റായ കേൾവികളിൽ നിന്നും എന്റെ അധരങ്ങൾ തെറ്റായ സംസാരത്തിൽനിന്നും വിടുതൽ പ്രാപിക്കട്ടെ.
ഈശോയെ, വിദേശ രാജ്യങ്ങളിൽ, ഏറെ പ്രത്യേകമായി അപകട സാദ്ധ്യത കൂടിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ സഹോദരങ്ങളെയും അനുഗ്രഹിക്കണമേ. ഇന്ന് വൈദ്യപരിശോധനകൾക്ക് വിധേയരാകുന്നവരും, അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും നേഴ്സുമാരും അനുഗ്രഹിക്കപ്പെടട്ടെ. അദ്ധ്യാപകരും വിദ്ധ്യാര്തികളും അനുഗ്രഹിക്കപ്പെടട്ടെ, കര കടല്‍ ആകാശ മാർഗ്ഗങ്ങളിൽ ആയിരിക്കുന്നവർ അങ്ങയുടെ സംരക്ഷണം അനുഭവിക്കട്ടെ.
ഈശോയെ, ഈ പ്രാർത്ഥന ചൊല്ലുന്ന ഓരോ സഹോദരങ്ങളും അവരുടെ കുടുംബവും അവരുടെ നിയോഗങ്ങളും അനുഗ്രഹിക്കപ്പെടട്ടെ.
പരിശുദ്ധ അമ്മെ മാതാവേ ഞങ്ങള്‍ക്കുവേണ്ടി പ്രാർത്ഥിക്കണമേ...ആമേൻ.
No comments :
Post a Comment