Friday, October 26, 2018

രാത്രിജപം

രാത്രിജപം

-----------
കരുണാമയനായ കർത്താവേ, കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകളുമായി ഞാൻ തിരുസന്നിധിയിൽ അണയുന്നു.. പൊന്നുതമ്പുരാനേ.. നിശബ്ദതയിൽ വസിക്കുന്നവനേ.. വാചാലമായ എന്റെ മനസിനെ അങ്ങ്‌ വായിച്ചെടുക്കണമേ.. ഹൃദയവിചാരങ്ങളെ പരിശോധിക്കുന്ന നല്ല ദൈവമേ.. നിന്റെ കരം എന്റെ ജീവിതത്തിൽ പ്രവർത്തിക്കുവാൻ വൈകരുതേ.. വിശ്വാസത്തിന്റെ പോരായ്മകൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കുവാൻ അങ്ങ്‌ വരേണമേ.. ജീവിതത്തിന്റെ സന്തോഷവും സമാധാനവും അങ്ങ്‌ ഈ രാത്രിപ്രാർത്ഥനയിൽ ഞങ്ങളിൽ വർഷിക്കുണമേ....തടസ്സങ്ങളുടെ മേൽ ,ഭാരപ്പെടുന്ന അവസ്ഥകളുടെ മേൽ , നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളുടെ മേൽ, രോഗപീഢകളുടെ മേൽ, ജോലിയിലെ പരാജയങ്ങളുടെ മേൽ, സാമ്പത്തീക തകർച്ചകളുടെ മേൽ, സ്നേഹിക്കപ്പെടാത്ത വേദനയുടെ നിമിഷങ്ങളിൽ, പഠനത്തിലെ പ്രയാസങ്ങളുടെ മേൽ, ആത്മീയ തളർച്ചയുടെ മേൽ, സ്വപ്നങ്ങളുടെ മേൽ, കുടുബജീവിതത്തിലെ പ്രതിസന്ധികളിന്മേൽ, മക്കളുടെ വഴിതെറ്റിയ ശീലങ്ങളിന്മേൽ, മാതാപിതാക്കളുടെ സ്നേഹമില്ലാത്ത പെരുമാറ്റങ്ങളിന്മേൽ, കടഭാരങ്ങളിന്മേൽ, സൗഹൃദബന്ധങ്ങളിലെ ചൂഷണങ്ങളിന്മേൽ, വിശ്വാസത്തിലെ മരവിപ്പിന്മേൽ, അങ്ങനേ അനേകമനേകം നീറുന്ന ആവശ്യങ്ങളുമായി പ്രാർത്ഥിക്കുന്ന മക്കളിലേക്ക്‌ ഈശോയെ കടന്നുവരേണമേ... ഞങ്ങളെ രക്ഷിക്കണമേ... ഒരു പ്രാർത്ഥന പോലും കർത്താവേ...ഒരു തുള്ളി കണ്ണുനീരുപോലും നിന്റെ മുൻപിൽ വിലയില്ലാതെ പോകില്ലെന്നു ഞങ്ങൾ വിശ്വസിക്കുന്നു... കർത്താവേ അങ്ങ്‌ മാത്രം ആശ്രയം.. അങ്ങിൽ മാത്രം രക്ഷ.... നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ...
🌺ആമ്മേൻ🌺

പ്രഭാത പ്രാർത്ഥന 25.10.2018

പ്രഭാത പ്രാർത്ഥന
"പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിങ്ങള്‍പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ!"(റോമാകാര്‍ക്കെഴുതിയ ലേഖനം 15:13)ഞങ്ങളുടെ പ്രത്യാശയും, ബലവുമായ കർത്താവെ അവിടുത്തെ ഞങ്ങൾ വാഴ്ത്തുന്നു. ഈശോയെ അവിടുന്ന് അരുളി ചെയ്തിട്ടുണ്ടല്ലോ 'നിനക്ക് എന്റെ കൃപ മതി' ഇന്നേ ദിനത്തിൽ ഞങ്ങൾ അവിടുത്തെ മുൻപിൽ ആയിരുന്നു കൊണ്ട് പ്രാർത്ഥിക്കുമ്പോൾ അവിടുത്തെ കൃപ ഞങ്ങളുടെ ജീവിതങ്ങളിലേയ്ക്ക് ഒഴുകട്ടെ. വേദനിക്കുന്ന മക്കൾക്ക് ആശ്വാസമായി, രോഗികൾക്ക് സൗഖ്യമായി, നിരാശ അനുഭവിക്കുന്നവർക്ക് പ്രത്യാശയായി നല്ല ദൈവമേ അവിടുത്തെ കരുണ ഞങ്ങൾക്ക് അനുഭവ വേദ്യം ആകട്ടെ. ദൈവമേ അവിടുത്തെ ദാനമാണല്ലോ ഞങ്ങളുടെ ഈ ജീവിതം. അവിടുന്ന് ചൊരിഞ്ഞിരിക്കുന്ന അനുഗ്രഹങ്ങൾ ഞങ്ങളുടെ നേട്ടങ്ങൾ അല്ല എന്നും അത് ദൈവദാനം ആണെന്നും അറിഞ്ഞു ജീവിക്കുവാൻ കൃപ നൽകണമേ. ആത്മാവില ഉളള യഥാർത്ഥ ദാരിദ്ര്യം അനുഭവിക്കുവാൻ നാഥാ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ പടിവാതിൽക്കൽ കാത്തിരിക്കുന്ന ലാസറിനെ കണ്ടില്ലെന്നു നടിച്ചു കടന്നു പോകുവാൻ ഇടയാക്കരുതേ. ഞങ്ങളുടെ പിതാവേ ഇന്ന് ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് ചൊരിയണമേ. ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിച്ചു ജീവിതങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മേ കന്യക മറിയമേ, കാനായിലെ കല്യാണ വേദിയിൽ 'അമ്മ ഇടപെട്ടത് പോലെ ഞങ്ങളുടെ ജീവിതങ്ങളിലും ഇടപെടണമേ. ഈശോയെ ഞങ്ങളുടെ ശൂന്യത അനുഭവിക്കുന്ന ഹൃദയങ്ങളെ ആത്മാവിന്റെ സന്തോഷത്താൽ നിറയ്ക്കണമേ. പരിശുദ്ധ ആത്മാവിന്റെ കൃപകളാൽ ഞങ്ങളുടെ ജീവിതങ്ങളെ അഭിഷേകം ചെയ്യണമേ. നല്ല ദൈവമേ ഇന്നേ ദിനത്തിൽ ദൈവ ദൂതന്മാരുടെ സംരക്ഷണം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ
വിശുദ്ധ റഫായേൽ മാലാഖേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

ക്രിസ്തുവിൽ പ്രിയ സഭാ വിശ്വാസികളെ...

കത്തോലിക്ക സഭക്കെതിരായി സഭാവിശ്വസികൾ എന്നവകാശപ്പെടുന്ന ഒരു കൂട്ടർ ഉളവാക്കുന്ന കിംവദന്തികൾ യഥാർത്ഥ വിശ്വാസികളെ അസ്വസ്ഥരാക്കുന്നുണ്ട്‌... സാമൂഹ്യ മാധ്യമങ്ങൾ വഴി ഗീബൽസൻ തന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് വിശ്വാസികളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ ഒന്ന് മനസിലാക്കുക...സഭയുടെ രണ്ടായിരം വർഷത്തെ ചരിത്രം വെളിപ്പെടുത്തുന്നത് ,അപകീർത്തികൾ സഭയെ തളർത്തിയിട്ടില്ല മറിച്ചു പൂർവ്വാധികം ശക്തിയോടെ , ക്രിസ്തുവിശ്വാസം ലോകം മുഴുവൻ ശക്തിപ്പെടുന്നു എന്നുള്ളതാണ്...
ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വിശ്വാസികൾ പോലും ഷെയർ ചെയ്യുന്ന ഒരു ചിത്രം , കത്തോലിക്കാ സഭയിലെ ഒരു പിതാവ് , ഏതോ ഒരു വീട്ടിൽ വിരുന്നിനു പോയപ്പോൾ എടുത്ത ഒരു ഫോട്ടോ ആണ് .ചെറുപ്പക്കാരായ കുറച്ചു വിശ്വാസികളുടെ സ്നേഹ കൂട്ടായ്മ ആണ് എന്ന് തോന്നുന്നു.എന്തായാലും മണിസൗധത്തിൽ വിരുന്നിനു പോയത് അല്ല എന്ന് ചിത്രം വ്യക്തമാക്കുന്നുണ്ട്. ...തീൻ മേശയിൽ പിതാവിന്റെ മുന്നിൽ ചിക്കൻ ഫ്രൈ ഉൾപ്പെടെ നിരവധി വിഭവങ്ങൾ കാണാം..യഥാർത്ഥത്തിൽ പിതാവിന്റെ പാത്രത്തിൽ ഒരപ്പവും ഒരിത്തിരി കൂട്ട് കറിയുമെ കാണുന്നുള്ളൂ .അത് പോലും അതിഥേയന്റെ സംതൃപ്തിക്കു വേണ്ടി ആയിരിക്കും..
എന്തായാലും പ്രസ്തുത ഫോട്ടോ പിതാവിനെ ചതിച്ചു..!! തീറ്റ പ്രിയനും ദാരിദ്ര്യ വ്രതത്തെ വെല്ലു വിളിക്കുന്നവരും ആണ് പുരോഹിതർ എന്ന തത്വത്തെ സമന്വയിപ്പിച്ചു് വിശ്വാസികളിൽ അന്തഃഛിദ്രം വളർത്തുകയാണ് പേരിൽ ക്രിസ്ത്യാനി ആയിരിക്കുന്ന ഇക്കൂട്ടർ..
...ഒന്ന് പറഞ്ഞു കൊള്ളട്ടെ..സഭയിലെ പുരോഹിതർ സ്വർഗത്തിൽ നിന്നും ഇറങ്ങി വന്നവരല്ല... നമ്മൾ ഓരോരുത്തരുടെയും കുടുംബങ്ങളിൽ നിന്നും ദൈവവിളി സ്വീകരിച്ചു വിവിധ സേവന മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നവർ ആണ്.
‎നമ്മുടെ മക്കൾ അച്ഛനാകാൻ പോകുന്നത് കൊണ്ട് ആഹാരം കഴിക്കരുത് എന്ന് നമ്മൾ മാതാ പിതാക്കൾ ആഗ്രഹിക്കുമോ...? അല്ലെങ്കിൽ ദാരിദ്ര്യ വ്രതം സ്വീകരിച്ചതിന്റെ പേരിൽ പോഷകാഹാരങ്ങൾ കഴിക്കാതെ കഞ്ഞി മാത്രം കുടിച്ചാൽ മതി എന്ന് നാം ആഗ്രഹിക്കുമോ..? അതുകൊണ്ടു , ദരിദ്ര്യവ്രതം എന്നത് കൊണ്ട് എന്താണ് സഭ അർത്ഥമാക്കുന്നത് എന്ന് കൂടി അറിയുക.. പൗരോഹിത്യ മിനിസ്ട്രിയിൽ പുരോഹിതർ ധാരാളം പ്രതിസന്ധികളിൽ ചെന്ന് പെട്ടേക്കാം..ISIS തീവ്രവാദികളാൽ തടവിലാക്കപ്പെട്ട പുരോഹിതന് ചിക്കനും മട്ടനും ആയിരുന്നില്ല ഭക്ഷണം..!! ആ പുരോഹിതൻ അനുഭവിച്ച വിശപ്പിനെ ദാരിദ്ര്യവ്രതം എന്ന് വിളിക്കാം.. ഉപവസിച്ചു പ്രാർത്ഥിക്കുന്ന ധാരാളം വൈദികർ നമുക്കുണ്ട്...അവരാരും നമ്മളോട് വന്നു വിവരം അറിയിച്ചിട്ടല്ല ഉപവസിക്കുന്നത്..പിന്നെ മാംസാഹാരം കഴിച്ചത് കൊണ്ട് ആരും ആഡംബരവിഭവങ്ങൾ കഴിക്കുന്നവരാകുന്നില്ല..ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെ മേലും ദൈവം മനുഷ്യന് ആധിപത്യം നൽകിയിട്ടുണ്ട്..നമ്മുടെ കർത്താവായ യേശുക്രിസ്തു ഭക്ഷിച്ചിരുന്നതും മൽസ്യ മാംസാദികൾ തന്നെ ആയിരുന്നു ..അതുകൊണ്ടു അച്ചന്മാർ ഭക്ഷണം കഴിച്ചതിന്റെ പേരിൽ ഇടുന്ന ഇത്തരം വില കെട്ട പോസ്റ്റുകൾ നമ്മൾ സഭാവിശ്വസികൾ തള്ളികളഞ്ഞേക്കുക...ഇതിന്റെ പിന്നിലെ ചതിക്കുഴി മുന്നേ കാണുക...
‎ അടുത്തതു , ബ്രഹ്മചര്യത്തെ കുറിച്ച് ഇക്കൂട്ടർ ഇടുന്ന പോസ്റ്റുകൾ വിലയിരുത്തുന്നതിനു മുൻപ് ചിന്തിക്കുക...നാളെ പുരോഹിതനായി കർമം ചെയ്യുന്നത് നമ്മിൽ ഒരാൾ തന്നെ ആണ്...നമ്മുടെ മകനോ , സഹോദരനോ , അല്ലെങ്കിൽ സുഹൃത്തോ ഒക്കെ ആണ് പതിമൂന്നു കൊല്ലത്തോളം വൈദികപഠനം കഴിഞ്ഞു പുരോഹിതനായി പട്ടം സ്വീകരിക്കപ്പെടുന്നത്.. നമ്മുടെ ഇടവകയിൽ സേവനത്തിനായി എത്തുന്ന പുരോഹിതരോട് നന്മയിൽ നിലനിൽകേണ്ടുന്നത് നമ്മൾ തന്നെ ആണ്...ദ്വയാർത്ഥപ്രയോഗങ്ങളിൽ പുരോഹിതരോട് സംസാരിച്ചു അവരെ വഴിതെറ്റിക്കുന്നവരും , പേരിൽ ക്രിസ്ത്യാനികൾ ആയിരിക്കുന്ന ഇക്കൂട്ടർ തന്നെ... ഇടവക വൈദികരോട് അമിതമായ സൗഹൃദ നിയന്ത്രണം സ്ത്രീ ജനങ്ങൾ പാലിക്കേണ്ടതുണ്ട് . അവരെ പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണം , സ്പർശനം , ദ്വയാർത്ഥ പ്രയോഗങ്ങൾ എന്നിവയിൽ നിന്നും യഥാർത്ഥ വിശ്വാസികൾ വ്യതിചലിക്കണം ."ദൈവത്തെ ഭയപ്പെടുകയും. അവിടുത്തെ വഴികളിൽ ചരിക്കയും ചെയ്യുന്നവൻ ഭാഗ്യവാൻ "
‎ക്രിസ്തു ലോകരക്ഷകൻ ആണ് എന്ന് നാം ഉറച്ചു വിശ്വസിക്കുമ്പോൾ ക്രിസ്തുവിന്റെ പ്രതി പുരുഷന്മാരായ പുരോഹിതരെ ദൈവികതയോടെ കാണണം .അവർക്കുവേണ്ടിപ്രാർത്ഥിക്കണം .അവരെ കുറ്റം പറയുമ്പോൾ നാം സ്വയം ചിന്തിക്കണം , ഞാൻ കുറ്റമറ്റവനാണോ എന്ന്...മറ്റുള്ളവരെ വിധിക്കായ്ക കൊണ്ട് , നാം സ്വയം വിധിക്കപ്പെടാതെ ഇരിക്കട്ടെ.."കർത്താവു തന്റെ അടുക്കലേക്കു തിരിയുന്നവരോട് കാണിക്കുന്ന കരുണ്യവും ക്ഷമയും എത്ര വലുതാണ് "
‎പിന്നെ , ഇടവകയുടെ സാമ്പത്തിക കാര്യങ്ങൾ പറയുമ്പോൾ , വൈദികൻ നമ്മോടു വ്യക്തിപരമായി ഒരു സാമ്പത്തിക സഹായത്തിനും അഭ്യര്ഥിക്കാറില്ല.
‎നമുക്കു കഴിയുമെങ്കിൽ മാത്രം സാമ്പത്തികസഹായം ചെയ്താൽ മതി . ധനകാര്യ കമ്മിറ്റിയുടെ നിയന്ത്രണത്തിൽ ആണല്ലോ ഇടവകയിലെ ഓരോ വികസനപ്രവൃത്തികളും നടക്കുന്നത് . സീസറിന് ഉള്ളത് സീസറിനും ദൈവത്തിനു ഉള്ളത് ദൈവത്തിനും കൊടുക്കുക . അവിടെ നിർബന്ധം ഇല്ല , മനോഭാവം മാത്രമേ ഉള്ളൂ..
‎തെറ്റ് ചെയ്യുന്നവർ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചുള്ള ശിക്ഷയും അനുഭവിക്കുന്നുണ്ട്..
തടവറ സന്ദർശനം സഭയുടെ പുണ്യ പ്രവർത്തികളിൽ ഒന്നാണ്... അവിടെ വ്യക്തിയുടെ കുറ്റകൃത്യത്തിന്റെ അളവോ , സ്വഭാവമോ നോക്കാറില്ല...സഭയുടെ പരമ്പരാഗത പുണ്യങ്ങൾ ആയ തടവറ സന്ദർശനം , കുഷ്ഠ രോഗി പരിപാലനം , വൃദ്ധസദന സന്ദർശനം ..ഇതൊക്കെ നമ്മൾ വിശ്വാസികൾ മറന്നുപോകുമ്പോഴും , നമ്മുടെ കന്യാസ്ത്രീകളും അച്ചന്മാരും പ്രസ്തുത സേവനം അഭംഗുരം മുന്നോട്ടു കൊണ്ടു പോകുന്നത് കൊണ്ട് ആണ് കർത്താവു ഇന്നും ജീവിക്കുന്നവനായി നമ്മുക്ക് അനുഭവപ്പെടുന്നത്...

പരിശുദ്ധ കുര്‍ബാന


പ്രഭാത പ്രാർത്ഥന 27.10.2018

പ്രഭാത പ്രാർത്ഥന
"കര്‍ത്താവേ, ഞങ്ങളോടു കരുണയുണ്ടാകണമേ! ഞങ്ങള്‍ അങ്ങേക്കുവേണ്ടി കാത്തിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞങ്ങളുടെ കരവും കഷ്ടതയുടെ കാലത്തു ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ!(ഏശയ്യാ,33:2)"കർത്താവെ, ഈ പ്രഭാതത്തിൽ അവിടുത്തെ സന്നിധിയിൽ പ്രാർത്ഥനയ്ക്കായി അണയുന്ന എല്ലാ മക്കളെയും ഓർത്തു പ്രാർത്ഥിക്കുന്നു. ലോകത്തിന്റെ ഭാരത്താൽ ജീവിതം വെറുത്ത മക്കളെ പ്രത്യകമായി അങ്ങയുടെ സന്നിധിയിലേക്ക് സമർപ്പിക്കുന്നു. ദാവീദിന്റെ പുത്രനായി, ഭൂമിയിൽ അവതാരമെടുത്ത ഈശോയെ, സഹനങ്ങളിൽ കൂടെ കടന്നു പോകുന്ന മക്കൾക്ക് താങ്ങായിരിക്കണമേ. വിവിധങ്ങൾ ആയ ശാരീരിക അസ്വാസ്ഥതകൾ കാരണം വിഷമിക്കുന്ന എല്ലാ മക്കളെയും ഓർക്കുന്നു. കാൻസർ രോഗികൾ, ക്ഷയ രോഗികൾ, ഹൃദ്രോഗികൾ, ലിവർ സിറോസിസിന് അടിമപെട്ടവർ, എയ്ഡ്സ് ബാധിച്ചവർ എല്ലാവരെയും ദിവ സന്നിധിയിലേക്ക് ഉയർത്തി പ്രാർത്ഥിക്കുന്നു. കർത്താവെ അവിടുത്തെ പദ്ധതി അവരുടെ ജീവിതത്തിൽ നിറവേറട്ടെ. നാഥാ ദൈവിക സംരക്ഷണം അവർ ഈ അവസ്ഥകളിൽ അനുഭവിക്കുവാൻ ഇടവരുത്തണമേ. രോഗങ്ങളെയും, സഹനങ്ങളെയും തുടർന്ന് ദൈവ വിശ്വാസത്തിൽ നിന്നും അകന്നു പോയവർ ഉണ്ട്. ദൈവം എന്റെ സഹന സമയത്തു എവിടെ ആയിരുന്നു എന്ന് ചോദിച്ചു കൊണ്ട് വിശ്വാസത്തിൽ നിന്നും അകന്നു പോയവരെ ഓർത്തു പ്രാർത്ഥിക്കുന്നു.ഈശോയെ അവിടുത്തെ പദ്ധതി അങ്ങ് അവർക്ക് വെളിപ്പെടുത്തി നൽകണമേ. ജീവിതത്തിന്റെ പരുക്കൻ പ്രതലങ്ങളിൽ തട്ടി ഞങ്ങളുടെ ആത്മാവിന് മുറിവേൽക്കുവാൻ ഇടവരുത്തരുതേ. വലിയ ദൈവ വിശ്വാസത്തിൽ ഞങ്ങളെ അഭിഷേകം ചെയ്യണമേ. ഹൃദയത്തിന്റെ നിറവിൽ ദൈവത്തെ സ്തുതിച്ചു കൊണ്ട് സഹനങ്ങളിൽ കൂടെ കടന്നു പോകുവാൻ ഇടവരണമേ. പിതാവേ ഇന്ന് പ്രത്യകമായി, ഞങ്ങളെ പരിഹസിക്കുന്ന, വേദനിപ്പിക്കുന്ന മക്കളെ ഓർക്കുന്നു. അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അവരുടെ ആത്മാക്കൾ നശിച്ചു പോകുവാൻ ഇടയാക്കരുതേ. സഭയെയും, വിശ്വാസികളെയും നശിപ്പിച്ചു കൊണ്ട് വിജയം നേടുവാൻ ശത്രുവിന് ഇടയ്ക്കാരുതേ. ആമേൻ
വിശുദ്ധ ഔസേപ്പ് പിതാവേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

Monday, November 23, 2015

പ്രഭാത പ്രാര്‍ത്ഥന...

പ്രഭാത പ്രാര്‍ത്ഥന...
ദൈവമേ അങ്ങയെ ആരാധിക്കുവാനും സഹോദര സ്നേഹത്തിലൂടെ അങ്ങയെ മഹത്വപ്പെടുത്തുവാനുമായി ഒരു ദിവസം കൂടി നല്‍കുവാന്‍ തിരുവുള്ളമായ അങ്ങയുടെ സ്നേഹത്തിനും കാരുണ്യത്തിനും നന്ദി അര്‍പ്പിക്കുന്നു. കര്‍ത്താവായ യേശുക്രിസ്തുവിലൂടെ അങ്ങേയ്ക്ക് ഞാന്‍ ആരാധനയും സ്തുതിയും അര്‍പ്പിക്കുന്നു.
കര്‍ത്താവേ അങ്ങ് നല്ലവനും അങ്ങയുടെ കാരുണ്യം ശാശ്വതവുമാണെന്ന് ഞാന്‍ അറിയുന്നു. എന്റെ ജീവിതത്തിന്റെ നിയന്ത്രണം അങ്ങേറ്റെടുക്കണമെ. പിതാവായ ദൈവമേ ഞങ്ങളുടെ ഹൃദയങ്ങളെ സത്യത്തിന്റെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ നയിക്കണമേ. അസ്വസ്ഥമായ ഞങ്ങളുടെ ജീവിതങ്ങളെ ശാന്തമാക്കണമേ.
അങ്ങെനിക്കു നല്‍കിയ എന്റെ കുടുംബത്തെ അതിന്റെ എല്ലാ സുഖ ദുഃഖങ്ങളോടും കൂടെ സമര്‍പ്പിക്കുന്നു. വിശുദ്ധീകരിക്കണമേ.
വിദേശത്ത്‌ ജോലി ചെയ്യുന്ന മക്കളുടെമേല്‍ അങ്ങയുടെ കാരുണ്യം ഉണ്ടാകട്ടെ. സ്വന്തമായി ഭവനവും തൊഴിലും അന്വേഷിക്കുന്നവര്‍ക്ക് അങ്ങ് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കണമേ.
എല്ലാ ഹൃദയങ്ങളും അങ്ങയെ അന്വേഷിക്കുകയും അങ്ങയില്‍ ആശ്വസിക്കുകയും ചെയ്യട്ടെ. ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നു... ക്രിസ്തുവില്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുന്ന ദൈവമേ അങ്ങേക്ക് സ്തുതി.
ഇന്നത്തെ തിരുവചനം.