Showing posts with label നോവേന പ്രാര്‍ത്ഥനകള്‍. Show all posts
Showing posts with label നോവേന പ്രാര്‍ത്ഥനകള്‍. Show all posts

Sunday, September 1, 2013

വി . യൂദാശ്ലീഹായുടെ നൊവേന

                           മിശിഹായുടെ  സ്നേഹിതനും  വിശ്വസ്ത  ദാസനുമായ  വി.യൂദാശ്ലീഹായേ, ഏറ്റവും  കഷ്ടപ്പെടുന്ന  എനിക്കുവേണ്ടി അപേക്ഷിക്കണമേ.യാതൊരു   സഹായവും  ഫലസിദ്ധിയില്ലാതെ  വരുന്ന  സന്ദര്‍ഭത്തില്‍  ഏറ്റവും  ത്വരിതവും  ഗോചരവുമായ സഹായം  ചെയ്യുന്നതിന്  അങ്ങേയ്ക്ക്  വിശേഷവിധിയായി  കിട്ടിയിരിക്കുന്ന  അനുഗ്രഹത്തെ  അങ്ങ്  ഉപയോഗിക്കണമേ .എന്‍റെ  എല്ലാ  ആവശ്യങ്ങളിലും  വിശിഷ്യാ  (ആവശ്യം  പറയുക ) അങ്ങേ സഹായം  ഞാനപേക്ഷിക്കുന്നു .ഭാഗ്യപ്പെട്ട  യൂദാശ്ലീഹായേ! അങ്ങേ ഈ  അനുഗ്രഹത്തെ  ഞാന്‍  സദാ ഓര്‍ക്കുമെന്നും  അങ്ങേ  സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും  ഞാന്‍  വാഗ്ദാനം ചെയ്യുന്നു .    ആമ്മേന്‍          

( ഈ  പ്രാര്‍ത്ഥന  ദിവസം 9 പ്രാവശ്യം  ചൊല്ലുക . )                                                        

മുഖ്യ ദൈവദൂതനായ വി.മീഖായേലിനോടുള്ള ജപം

  മുഖ്യ ദൂതനായ വിശുദ്ധ മീഖായേലേ,പോരാട്ടസമയത്ത് അങ്ങ് ഞങ്ങളുടെ തുണയും സഹായവുമായിരിക്കണമേ.പിശാചി ന്‍റെ ദുഷ്ടതയിലും കെണിയിലും    നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കണമേ.ദൈവം അവനെ ശാസിക്കട്ടെയെന്ന് ഞങ്ങള്‍ എളിമയോടെ പ്രാര്‍ത്ഥിക്കുന്നു.ആത്മാക്കളെ നശിപ്പിക്കാന്‍ ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനേയും മറ്റെല്ലാ ദുഷ്ടാരൂപികളെയും അല്ലയോ സ്വര്‍ഗ്ഗീയ  സൈന്യാധിപ അങ്ങ് ദൈവത്തിന്‍റെ ശക്തിയാല്‍ നരകാഗ്നിയിലേക്ക്‌ തള്ളുകയും ചെയ്യണമേ                                                  ആമ്മേന്‍.

മാതാപിതാക്കളുടെ പ്രാര്‍ത്ഥന

                                                                                                                                         
  സ്നേഹസമ്പന്നനായ  ദൈവമെ ,അങ്ങയെ  ഞങ്ങള്‍ ആരാധിക്കുന്നു .വിവാഹമെന്ന പരിശുദ്ധകൂദാശയിലൂടെ അങ്ങയുടെ  സൃഷ്ടികര്‍മത്തില്‍ ഞങ്ങളെ  പങ്കാളികളാക്കിയ  നല്ല ദൈവമേ ,ഞങ്ങളുടെ  ഈ  കൊച്ചുഭവനത്തെ  അങ്ങ് കാണുന്നുവല്ലോ .നസ്രത്തിലെ  കൊച്ചുഭവനത്തിന്‍റെ  ചൈതന്യം ഉള്‍ക്കൊള്ളുവാന്‍  ഞങ്ങളെ  സഹായിക്കേണമേ .പരസ്പരം മനസ്സിലാക്കുവാനും സ്നേഹിക്കുവാനും ഞങ്ങളെ ശക്തരാക്കണമേ .പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും  ഈ  ഭവനത്തില്‍  നിറഞ്ഞുനില്‍ക്കട്ടെ .ഞങ്ങളുടെ ഈ  ഭവനം  ശാന്തിയുടെയും സമാധാനത്തിന്‍റെയും വിളനിലമാകട്ടെ .ദൈവം നല്‍കുന്ന  മക്കളെ ദൈവചിന്തയില്‍  വളര്‍ത്തുവാനും നല്ല ബോധ്യങ്ങളും ചിന്തകളും ഉള്‍ക്കൊണ്ട്‌ അത്  തലമുറക്ക് പങ്കുവെക്കുവാനും   ഞങ്ങളെ  പ്രപ്തരാക്കണമേ .അബ്രാഹത്തെയും സാറായേയും  അനുഗ്രഹിച്ച  കാരുണ്യവാനായ  അങ്ങ്  ഞങ്ങളുടെ ജീവിതത്തെയും ഐശ്വര്യപൂര്‍ണമാക്കണ മേ  .ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്ന ഞങ്ങളുടെ ഈ  കൊച്ചുഭവനം ഒന്നിച്ചുനീങ്ങുവാന്‍  സഹായിക്കണമേ .മദ്യപാനത്തിലും  മയക്കു മരുന്നിലും  മുഴുകാതെയും അസന്മാര്‍ഗ്ഗികതയിലും  അബദ്ധസഞ്ചാരങ്ങളിലുംപെട്ട്  താളം  തെറ്റാതെയും ഞങ്ങളെ  കാത്തുകൊള്ളേണമേ .സന്തോഷത്തിലും ,ദു :ഖത്തിലും ,സമ്പത്തിലും ,ദാരിദ്രത്തിലും  അങ്ങയുടെ  തിരുമനസ്സ് നിറവേറ്റുവാന്‍ ഞങ്ങളെ ശക്തരാക്കണമേ .അങ്ങയുടെ സന്ദേശം  ഞങ്ങളുടെ പാദങ്ങള്‍ക്ക്  വിളക്കും വഴികളില്‍  പ്രകാശവുമാകട്ടെ .ഞങ്ങളുടെ  പരിശ്രമങ്ങളെ ഫലമണിയിക്കുകയും ജീവിതത്തെ  വിജയിപ്പിക്കുകയും ചെയണമേ .നിത്യം  പിതാവും പുത്രനും പരിശുദ്ധാത്മാവുമായ  സര്‍വ്വേ ശ്വരാ !                                               
  
                                                                                                                        ആമ്മേന്‍                            
'മാതാപിതാക്കളെ  ബഹുമാനിക്കുന്നവനെ  അവന്‍റെ  തലമുറകള്‍  സന്തോഷിപ്പിക്കും '                                                                                                                             
(പ്രഭാ . 3:5)                                                                                                                                            

ഈശോയുടെ തിരുഹൃദയത്തോടുള്ള കുടുംബപ്രതിഷ്ഠ ജപം


കുടുംബനായകന്‍ :    ഈശോയുടെ  തിരുഹൃദയമേ ,( സമൂഹവും കൂടി ) ഈ  കുടുംബത്തെയും  ഞങ്ങളെ  ഓരോരുത്തരെയും / ഞങ്ങള്‍  അങ്ങേക്ക്  പ്രതിഷ്ടിക്കുന്നു .ഞങ്ങളുടെ ഈ  കുടുംബത്തില്‍ /അങ്ങ്  രാജാവായി  വാഴണമേ .ഞങ്ങളുടെ  പ്രവര്‍ത്തികളെല്ലാം /അങ്ങുതന്നെ  നിയന്ത്രിക്കണമേ .ഞങ്ങളുടെ  ഉദ്യമങ്ങളെല്ലാം / ആശീര്‍വദിക്കുകയും /ഞങ്ങളുടെ  സന്തോഷങ്ങള്‍  വിശുദ്ധീകരിക്കുകയും / സങ്കടങ്ങളില്‍  ആശ്വാസം  നല്‍കുകയും  ചെയണമേ .ഞങ്ങളില്‍  ആരെങ്കിലും /അങ്ങയെ  ഉപദ്രവിക്കാനിടയായാല്‍ /ഞങ്ങളോടു  ക്ഷമിക്കണമേ .ഈ  കുടുംബത്തിലുള്ളവരെയും /ഇവിടെനിന്ന് അകന്നിരിക്കുന്നവരെയും /സമൃദ്ധമായി  അനുഗ്രഹിക്കണമേ .( മരിച്ചുപോയ  ഞങ്ങളുടെ  കുടുംബാംഗങ്ങളെ  നിത്യഭാഗ്യത്തിലേക്ക്  പ്രവേശിപ്പിക്കണമേ ).ആത്മീയവും  ശാരീരികവുമായ  എല്ലാ  വിപത്തുകളിലും  നിന്ന് /ഞങ്ങളെ  കാത്തുകൊള്ളേണമേ .സ്വര്‍ഗത്തില്‍ അങ്ങയെ  കണ്ടാനന്ദിക്കുവാന്‍ /ഞങ്ങള്‍ക്കെല്ലാവര്‍ക്കും /അനുഗ്രഹം  നല്കണമേ .
                               മറിയത്തിന്‍റെ  വിമലഹൃദയവും /മാര്‍  യൌസെപ്പിതാവും /ഞങ്ങളുടെ  പ്രതിഷ്ഠയെ /അങ്ങേക്കു  സമര്‍പ്പികുകയും /ജീവിതകാലം മുഴുവനും /ഇതിന്‍റെ സജീവ സ്മരണ /ഞങ്ങളില്‍  നിലനിര്‍ത്തുകയും  ചെയട്ടെ .
                            ഈശോമിശിഹായുടെ  തിരുഹൃദയമേ !ഞങ്ങളെ  അനുഗ്രഹിക്കണമേ .
                            മറിയത്തിന്‍റെ  വിമല ഹൃദയമേ !ഞങ്ങള്‍ക്കുവേണ്ടി  അപേക്ഷിക്കണമേ .
                           വിശുദ്ധ ഔസേപ്പേ !ഞങ്ങള്‍ക്കുവേണ്ടി  അപേക്ഷിക്കണമേ .
                          വിശുദ്ധ  മാര്‍ഗ്ഗരീത്താമറിയമേ ! ഞങ്ങള്‍ക്കുവേണ്ടി  അപേക്ഷിക്കണമേ