Showing posts with label പ്രാര്‍ത്ഥനകള്‍. Show all posts
Showing posts with label പ്രാര്‍ത്ഥനകള്‍. Show all posts

Friday, October 26, 2018

പ്രഭാത പ്രാർത്ഥന 25.10.2018

പ്രഭാത പ്രാർത്ഥന
"പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിങ്ങള്‍പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ!"(റോമാകാര്‍ക്കെഴുതിയ ലേഖനം 15:13)ഞങ്ങളുടെ പ്രത്യാശയും, ബലവുമായ കർത്താവെ അവിടുത്തെ ഞങ്ങൾ വാഴ്ത്തുന്നു. ഈശോയെ അവിടുന്ന് അരുളി ചെയ്തിട്ടുണ്ടല്ലോ 'നിനക്ക് എന്റെ കൃപ മതി' ഇന്നേ ദിനത്തിൽ ഞങ്ങൾ അവിടുത്തെ മുൻപിൽ ആയിരുന്നു കൊണ്ട് പ്രാർത്ഥിക്കുമ്പോൾ അവിടുത്തെ കൃപ ഞങ്ങളുടെ ജീവിതങ്ങളിലേയ്ക്ക് ഒഴുകട്ടെ. വേദനിക്കുന്ന മക്കൾക്ക് ആശ്വാസമായി, രോഗികൾക്ക് സൗഖ്യമായി, നിരാശ അനുഭവിക്കുന്നവർക്ക് പ്രത്യാശയായി നല്ല ദൈവമേ അവിടുത്തെ കരുണ ഞങ്ങൾക്ക് അനുഭവ വേദ്യം ആകട്ടെ. ദൈവമേ അവിടുത്തെ ദാനമാണല്ലോ ഞങ്ങളുടെ ഈ ജീവിതം. അവിടുന്ന് ചൊരിഞ്ഞിരിക്കുന്ന അനുഗ്രഹങ്ങൾ ഞങ്ങളുടെ നേട്ടങ്ങൾ അല്ല എന്നും അത് ദൈവദാനം ആണെന്നും അറിഞ്ഞു ജീവിക്കുവാൻ കൃപ നൽകണമേ. ആത്മാവില ഉളള യഥാർത്ഥ ദാരിദ്ര്യം അനുഭവിക്കുവാൻ നാഥാ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ പടിവാതിൽക്കൽ കാത്തിരിക്കുന്ന ലാസറിനെ കണ്ടില്ലെന്നു നടിച്ചു കടന്നു പോകുവാൻ ഇടയാക്കരുതേ. ഞങ്ങളുടെ പിതാവേ ഇന്ന് ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് ചൊരിയണമേ. ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിച്ചു ജീവിതങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മേ കന്യക മറിയമേ, കാനായിലെ കല്യാണ വേദിയിൽ 'അമ്മ ഇടപെട്ടത് പോലെ ഞങ്ങളുടെ ജീവിതങ്ങളിലും ഇടപെടണമേ. ഈശോയെ ഞങ്ങളുടെ ശൂന്യത അനുഭവിക്കുന്ന ഹൃദയങ്ങളെ ആത്മാവിന്റെ സന്തോഷത്താൽ നിറയ്ക്കണമേ. പരിശുദ്ധ ആത്മാവിന്റെ കൃപകളാൽ ഞങ്ങളുടെ ജീവിതങ്ങളെ അഭിഷേകം ചെയ്യണമേ. നല്ല ദൈവമേ ഇന്നേ ദിനത്തിൽ ദൈവ ദൂതന്മാരുടെ സംരക്ഷണം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ
വിശുദ്ധ റഫായേൽ മാലാഖേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

പ്രഭാത പ്രാർത്ഥന 27.10.2018

പ്രഭാത പ്രാർത്ഥന
"കര്‍ത്താവേ, ഞങ്ങളോടു കരുണയുണ്ടാകണമേ! ഞങ്ങള്‍ അങ്ങേക്കുവേണ്ടി കാത്തിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞങ്ങളുടെ കരവും കഷ്ടതയുടെ കാലത്തു ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ!(ഏശയ്യാ,33:2)"കർത്താവെ, ഈ പ്രഭാതത്തിൽ അവിടുത്തെ സന്നിധിയിൽ പ്രാർത്ഥനയ്ക്കായി അണയുന്ന എല്ലാ മക്കളെയും ഓർത്തു പ്രാർത്ഥിക്കുന്നു. ലോകത്തിന്റെ ഭാരത്താൽ ജീവിതം വെറുത്ത മക്കളെ പ്രത്യകമായി അങ്ങയുടെ സന്നിധിയിലേക്ക് സമർപ്പിക്കുന്നു. ദാവീദിന്റെ പുത്രനായി, ഭൂമിയിൽ അവതാരമെടുത്ത ഈശോയെ, സഹനങ്ങളിൽ കൂടെ കടന്നു പോകുന്ന മക്കൾക്ക് താങ്ങായിരിക്കണമേ. വിവിധങ്ങൾ ആയ ശാരീരിക അസ്വാസ്ഥതകൾ കാരണം വിഷമിക്കുന്ന എല്ലാ മക്കളെയും ഓർക്കുന്നു. കാൻസർ രോഗികൾ, ക്ഷയ രോഗികൾ, ഹൃദ്രോഗികൾ, ലിവർ സിറോസിസിന് അടിമപെട്ടവർ, എയ്ഡ്സ് ബാധിച്ചവർ എല്ലാവരെയും ദിവ സന്നിധിയിലേക്ക് ഉയർത്തി പ്രാർത്ഥിക്കുന്നു. കർത്താവെ അവിടുത്തെ പദ്ധതി അവരുടെ ജീവിതത്തിൽ നിറവേറട്ടെ. നാഥാ ദൈവിക സംരക്ഷണം അവർ ഈ അവസ്ഥകളിൽ അനുഭവിക്കുവാൻ ഇടവരുത്തണമേ. രോഗങ്ങളെയും, സഹനങ്ങളെയും തുടർന്ന് ദൈവ വിശ്വാസത്തിൽ നിന്നും അകന്നു പോയവർ ഉണ്ട്. ദൈവം എന്റെ സഹന സമയത്തു എവിടെ ആയിരുന്നു എന്ന് ചോദിച്ചു കൊണ്ട് വിശ്വാസത്തിൽ നിന്നും അകന്നു പോയവരെ ഓർത്തു പ്രാർത്ഥിക്കുന്നു.ഈശോയെ അവിടുത്തെ പദ്ധതി അങ്ങ് അവർക്ക് വെളിപ്പെടുത്തി നൽകണമേ. ജീവിതത്തിന്റെ പരുക്കൻ പ്രതലങ്ങളിൽ തട്ടി ഞങ്ങളുടെ ആത്മാവിന് മുറിവേൽക്കുവാൻ ഇടവരുത്തരുതേ. വലിയ ദൈവ വിശ്വാസത്തിൽ ഞങ്ങളെ അഭിഷേകം ചെയ്യണമേ. ഹൃദയത്തിന്റെ നിറവിൽ ദൈവത്തെ സ്തുതിച്ചു കൊണ്ട് സഹനങ്ങളിൽ കൂടെ കടന്നു പോകുവാൻ ഇടവരണമേ. പിതാവേ ഇന്ന് പ്രത്യകമായി, ഞങ്ങളെ പരിഹസിക്കുന്ന, വേദനിപ്പിക്കുന്ന മക്കളെ ഓർക്കുന്നു. അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അവരുടെ ആത്മാക്കൾ നശിച്ചു പോകുവാൻ ഇടയാക്കരുതേ. സഭയെയും, വിശ്വാസികളെയും നശിപ്പിച്ചു കൊണ്ട് വിജയം നേടുവാൻ ശത്രുവിന് ഇടയ്ക്കാരുതേ. ആമേൻ
വിശുദ്ധ ഔസേപ്പ് പിതാവേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

Monday, November 23, 2015

പ്രഭാത പ്രാര്‍ത്ഥന...

പ്രഭാത പ്രാര്‍ത്ഥന...
ദൈവമേ അങ്ങയെ ആരാധിക്കുവാനും സഹോദര സ്നേഹത്തിലൂടെ അങ്ങയെ മഹത്വപ്പെടുത്തുവാനുമായി ഒരു ദിവസം കൂടി നല്‍കുവാന്‍ തിരുവുള്ളമായ അങ്ങയുടെ സ്നേഹത്തിനും കാരുണ്യത്തിനും നന്ദി അര്‍പ്പിക്കുന്നു. കര്‍ത്താവായ യേശുക്രിസ്തുവിലൂടെ അങ്ങേയ്ക്ക് ഞാന്‍ ആരാധനയും സ്തുതിയും അര്‍പ്പിക്കുന്നു.
കര്‍ത്താവേ അങ്ങ് നല്ലവനും അങ്ങയുടെ കാരുണ്യം ശാശ്വതവുമാണെന്ന് ഞാന്‍ അറിയുന്നു. എന്റെ ജീവിതത്തിന്റെ നിയന്ത്രണം അങ്ങേറ്റെടുക്കണമെ. പിതാവായ ദൈവമേ ഞങ്ങളുടെ ഹൃദയങ്ങളെ സത്യത്തിന്റെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ നയിക്കണമേ. അസ്വസ്ഥമായ ഞങ്ങളുടെ ജീവിതങ്ങളെ ശാന്തമാക്കണമേ.
അങ്ങെനിക്കു നല്‍കിയ എന്റെ കുടുംബത്തെ അതിന്റെ എല്ലാ സുഖ ദുഃഖങ്ങളോടും കൂടെ സമര്‍പ്പിക്കുന്നു. വിശുദ്ധീകരിക്കണമേ.
വിദേശത്ത്‌ ജോലി ചെയ്യുന്ന മക്കളുടെമേല്‍ അങ്ങയുടെ കാരുണ്യം ഉണ്ടാകട്ടെ. സ്വന്തമായി ഭവനവും തൊഴിലും അന്വേഷിക്കുന്നവര്‍ക്ക് അങ്ങ് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കണമേ.
എല്ലാ ഹൃദയങ്ങളും അങ്ങയെ അന്വേഷിക്കുകയും അങ്ങയില്‍ ആശ്വസിക്കുകയും ചെയ്യട്ടെ. ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നു... ക്രിസ്തുവില്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുന്ന ദൈവമേ അങ്ങേക്ക് സ്തുതി.
ഇന്നത്തെ തിരുവചനം.

Friday, November 13, 2015

പ്രഭാത പ്രാര്‍ത്ഥന...

പ്രഭാത പ്രാര്‍ത്ഥന...
കര്‍ത്താവേ എങ്ങനിക്കായി ഒരുക്കിയ ഈ പ്രഭാതത്തിനും ഈ ദിവസത്തിനും ഞാന്‍ നന്ദി പറയുന്നു. എന്റെ മനസ്സ് ഇന്നത്തെ ദിവസത്തിന്റെ ആകുലതകളിലെക്കും വ്യഗ്രതകളിലേക്കും പോകുന്നതിനുമുന്പ് അതിനെ ഞാന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു. നാഥാ, അങ്ങയുടെ നന്മയും കരുണയും ഞാന്‍ ധ്യാനിക്കുന്നു. അങ്ങയില്‍ വിശ്വസിച്ചും പ്രത്യാശയര്‍പ്പിച്ചുംകൊണ്ട് ഞാന്‍ ഇന്നത്തെ ദിവസം ആരംഭിക്കട്ടെ. അങ്ങയുടെ സന്തോഷവും സമാധാനവുംകൊണ്ട് എന്റെ ഹൃദയത്തെ, ജീവിതത്തെ കുടുംബത്തെ നിറയ്ക്കണമേ. നാഥാ, എന്റെ ശരീരത്തെയും ആത്മാവിനെയും ഒരു ബലിയായി അങ്ങേക്ക് സമര്‍പ്പിക്കുന്നു. അനേകരെ സ്നേഹിക്കുന്ന സേവിക്കുന്ന ഒരു ഉപകരണമാക്കി എന്നെ മാറ്റണമേ. എന്റെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണെന്ന് തിരിച്ചറിഞ്ഞ് വിശുദ്ധമായ കാര്യങ്ങളില്‍ മുഴുകി ജീവിക്കുവാന്‍ എന്നെ സഹായിക്കണമേ. കര്‍ത്താവേ അങ്ങേനിക്കുവേണ്ടി നല്‍കിയ ഈ ദിവസത്തില്‍ ഞാന്‍ സഹോദര സ്നേഹത്തിലൂടെ അങ്ങയെ മഹത്വപ്പെടുത്തട്ടെ. എന്റെ പ്രാര്‍ത്ഥനാസഹായം യാചിച്ച എല്ലാവരെയും ഓര്‍ക്കുന്നു, അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ഏറെ പ്രത്യേകമായി പരിശുദ്ധ അമ്മയുടെയും വിശുദ്ധ ഔസേപ്പ് പിതാവിന്റെയും സഹായം വിദേശത്തു ജോലിചെയ്യുന്ന മക്കള്‍ക്കായി അപേക്ഷിക്കുന്നു. ദൈവമേ ഞങ്ങളെ അനുഗ്രഹിച്ചാലും. 

Sunday, September 29, 2013

പ്രിയ സഹോദരങ്ങളെ

പ്രിയ സഹോദരങ്ങളെ, തിരുസഭാ മാതാവ് ആണ്ടുവട്ടത്തിലെ ഇരുപത്തി ആറാം ഞായറാഴ്ചയിലാണ്. ഇന്നത്തെ സുവിശേഷം, ധനവാന്റെയും ലാസറിന്റെയും ഉപമയാണ്. നമുക്ക് പ്രാർത്ഥിക്കാം. പ്രിയ സഹോദര, സഹോദരി, ഈശോ നമ്മുടെ ജീവിതത്തിൽ ധനവാനോളം സമ്പത്തും ലാസറിനോളം ദാരിദ്ര്യവു...ം നല്കിയിട്ടുണ്ടാവില്ല. എങ്കിലും നമുക്ക് ആവശ്യമുള്ളത് ദൈവം നല്കിയിട്ടുണ്ട്. അവിടുന്ന് ദുഷ്ടന്റെയും ശിഷ്ടന്റെയും മേൽ ഒരുപോലെ മഞ്ഞും മഴയും പെയ്യിക്കുന്ന ദൈവമാണ്. നാം കൂടുതൽ ചോദിക്കുമ്പോഴും, നമുക്ക് എന്തുമാത്രം ഉൾക്കൊള്ളാനും താങ്ങാനും കഴിയുമെന്ന് അവിടുത്തെക്കറിയാം. അതുകൊണ്ട് തന്നെ ആവശ്യമുള്ളവ നമുക്ക് നല്കുന്നു. പലപ്പോഴും നാം ചോദിച്ച പലതും കിട്ടാത്തതിൽ ദൈവത്തോട് നമുക്ക് പരിഭവം തോന്നിയിട്ടില്ലേ. എന്നാൽ ദൈവം നോക്കുന്നത്, അവിടുന്ന് നമുക്ക് ദാനമായി നല്കിയ സുഖവും സൌകര്യങ്ങളും, അവയൊന്നും ഇല്ലാത്ത സഹോദരങ്ങളുമായി നാം പങ്കുവെക്കുന്നോ എന്നുള്ളതാണ്. ധനവാൻ പട്ടുവസ്ത്രങ്ങൾ ധരിച്ചു സുഭിക്ഷമായി ഭക്ഷിച്ചു കഴിയുമ്പോൾ തന്റെ വാതിലിൽ വൃണങ്ങളാൽ നിറയപ്പെട്ട ലാസറിനെ, കണ്ടു, എന്നാൽ കാണാത്തതുപോലെ ജീവിച്ചു. സമ്പത്ത് നേടിയതല്ല ധനവാന്റെ കുറ്റം, ആ സമ്പത്ത് എപ്രകാരം ലാസറിനു വേണ്ടിക്കൂടി ഉപയോഗിച്ച് എന്നാണു ദൈവം നോക്കുന്നത്. പ്രിയസ സഹോദരങ്ങളെ, നാം അദ്ധ്വാനിച്ചു സമ്പത്ത് നേടുന്നതിൽ ദൈവം നമ്മെ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ ആ സമ്പത്ത് ദരിദ്രരായ സഹോദരങ്ങളുമായി അപ്രകാരം നാം പങ്കുവെക്കുന്നു എന്നുള്ളതിന് നാം കണക്കു കൊടുക്കേണ്ടി വരും. അഗ്നിയിൽ കിടക്കുന്ന സമ്പന്നൻ കാണുന്നത് അബ്രഹാമിന്റെ മടിത്തട്ടിലെ ലാസറിനെയാണ്. പലപ്പോഴും നാമും, നമ്മുടെ സന്തോഷത്തിലും സുഖത്തിലും സൌകര്യങ്ങളിൽ നിന്നും അനേകരെ മാറ്റി നിര്ത്തിയിട്ടില്ലേ. ഓര്ക്കുക, ഇപ്രകാരം നാം ഒഴിവാക്കുന്നവരാണ് ദൈവത്തിന്റെ പ്രിയപ്പെട്ടവർ. ഈ ഭൂമിയില്‍ കരയുവാനും സഹിക്കുവാനും വിധിക്കപ്പെട്ട നമ്മുടെ സഹോദരങ്ങളെ കണ്ടിട്ടും കാണാതെ ജീവിക്കുന്ന നമുക്ക് നഷ്ടമാകുന്നത് സ്വര്ഗ്ഗീയ സന്തോഷമാണ്. ഈ ഭൂമിയാണ്‌ എല്ലാം, ഈ ഭൂമിയിലാണ് എല്ലാം എന്ന് കരുതി ജീവിക്കുന്ന നമുക്ക് ദൈവം നല്കുന്ന ഒരു മുന്നറിയിപ്പാണിത്. എന്നും ഓരോ നന്മ ചെയ്തു ജീവിക്കാം.. പുണ്യത്തിൽ വളരാം. അവിടുത്തെ കൃപയുടെ തണലിൽ ആയിരിക്കാം എപ്പോഴും. നമുക്കുള്ളത് പങ്കുവെച്ചു ജീവിക്കുവാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ആ അനുഗ്രഹത്തിനായി ഇന്ന് പ്രാർത്ഥിക്കാം. വചനം നമ്മോടു പറയുന്നു....
 

Saturday, September 21, 2013

ഈ പ്രഭാതത്തിൽ

ഈ പ്രഭാതത്തിൽ... ഈശോക്ക് നന്ദി പറയാം.. ഈ ദിവസത്തിനു, ഇന്നത്തെ ജീവിതത്തിനു, ഇതുവരെ നമ്മെ സംരക്ഷിച്ചതിന്, പാപങ്ങൾ ക്ഷമിച്ചതിനു, നല്ലവഴികളിലൂടെ നടത്തിയതിനു, എല്ലാറ്റിനും ഈശോക്ക് നന്ദി പറയാം.. അവിടുന്ന് നല്കാത്തതായി നമ്മുടെ ജീവിതത്തിൽ ഒന്നുമില്ല...ശൂന്യമായ കരങ്ങളുമായി ഭൂമിയിലേക്ക്‌ വന്ന നമ്മൾ ശൂന്യമായ കരങ്ങളോടെ ഈ ഭൂമിയിൽ നിന്നും പോകേണ്ടി വരും. കൂടെ നടന്നവരും, കൂടെ മദ്യപിച്ചവരും, തെറ്റിലേക്ക് നയിച്ചവരു...ം, കൂടെ കളിച്ചവരും ഒന്നും നമ്മളുടെ കൂടെ വരില്ല.. നാം ചെയ്ത പുണ്യങ്ങൾ നമ്മെ അനുഗമിക്കും.
മകനെ, മകളെ, ഇന്ന് ഒരു നന്മയെങ്കിലും ചെയ്യാതെ നീ ഉറങ്ങരുത്. ഇന്ന് സൂര്യൻ അസ്തമിക്കും മുൻപ് ആര്ക്കെങ്കിലും ഒരു നന്മ ചെയ്യുക. നിന്റെ പ്രയത്നങ്ങൾ കര്ത്താവിനെ ഏൽപ്പിക്കുക അവിടുന്ന് നിന്നെ സംരക്ഷിക്കും. നീ നടക്കേണ്ട വഴികൾ ഈശോ നിനക്ക് കാണിച്ചു തരും. നിന്റെ ജീവിതത്തിന്റെ ഏതു കാര്യത്തെ കുറിച്ചും മറ്റുള്ളവരോട് ആലോചിക്കുന്നതിനു മുൻപ്, നീ ഈശോയുമായി ആലോചിക്കുക.. അവിടുന്ന് നിന്നെ സത്യത്തിലേക്കും ജീവനിലെക്കും നയിക്കും.. ഓര്ക്കുക ഈശോയെ പ്പോലെ നിന്നെ സ്നേഹിക്കാൻ ഈ ഭൂമിയിൽ ആര്ക്കുമാവില്ല.. അവിടുത്തെ അമ്മയെ നമ്മുടെ അമ്മയായി വരെ തന്നു....അതിനാൽ അവിടുന്ന് ഇന്ന് നിനക്ക് നല്കുന്ന ഈ വാഗ്ദാനം സ്വീകരിക്കുക. ഈശോ നമ്മളോട് പറയുന്നു....
 

ഈ പ്രഭാതത്തിൽ... 21.09.2013

ഈ പ്രഭാതത്തിൽ.. പ്രിയ സഹോദരങ്ങളെ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിനു നന്ദി പറയാം. നമ്മുടെ കണ്ണുനീർ കാണുകയും, അലച്ചിലുകൾ എണ്ണുകയും ചെയ്യുന്ന ദൈവം നമ്മോടു കൂടെയുണ്ട്. അവിടുന്ന് തക്ക സമയത്ത് നമുക്ക് നീതി നടത്തി തരും. പെറ്റമ്മ മറന്നാ...ലും മറക്കാത്ത സ്നേഹമായ ദൈവത്തെ പോലെ നമ്മുടെ കാര്യത്തിൽ താല്പര്യം കാണിക്കാൻ ഈ ഭൂമിയിൽ ഒരു ദേവന്മാരുമില്ല. കാഴ്ചയോ കേൾവിയോ ഇല്ലാത്ത ദൈവമല്ല നമ്മുടെ ദൈവം. ദൈവം തന്നെയായ സ്വന്തം പുത്രനെ തന്നുപോലും നമ്മെ സ്നേഹിച്ച ദൈവം.. ആ പുത്രനായ ദൈവമാകട്ടെ, സ്വയം ശൂന്യനായി നമ്മോടുകൂടെ എന്നും പരിശുദ്ധ കുർബാനയിൽ വസിക്കുന്നു. വിശുദ്ധ അഗസ്റ്റിൻ പറയുന്ന മനോഹരമായ ഒരു കാര്യമുണ്ട്. ഓ അതി നൂതനവും, അതി പുരാതനവുമായ സത്യസൌന്ദര്യമേ നീ എന്റെ ഉള്ളില ഉണ്ടായിരുന്നിട്ടും ഞാൻ അങ്ങയെ അന്വേഷിച്ചു പുറത്തു അലയുകയായിരുന്നു, എന്ന്. നമ്മളും ഇതുപോലെ അലയുകയാണ്. ഒരുകാര്യം നമുക്ക് മനസിലാക്കാം.. നമ്മുടെ ശിരസ്സിലെ മുടികൾ പോലും എണ്ണി തിട്ടപ്പെടുത്തുന്ന അവിടുത്തെ കരുതലിന് കീഴിലാണ് നമ്മൾ. അവിടുന്നിൽ പൂര്ണമായി ആശ്രയിക്കുവാനും വിശ്വസിക്കുവാനും സാധിക്കുന്നവർ ഭാഗ്യവാന്മാർ. മന്ത്രവാദികൾക്കോ കൈനോട്ടക്കാർക്കോ നമ്മുടെ ഭാവി അറിയില്ല. അത് അറിയുന്നവാൻ ദൈവം മാത്രമാണ്... പൂര്ണമായ വിശ്വാസത്തോടെ, ശരണത്തോടെ നമുക്ക് ഈ ദിവസം ആരംഭിക്കാം... ദൈവം നമ്മളോട് പറയുന്നു......
 

Tuesday, September 17, 2013

ഈ പ്രഭാതത്തിൽ....18.09.2013



ഈ പ്രഭാതത്തിൽ....സ്നേഹരാജനായ ഈശോയെ, എല്ലാ നന്മകളുടെയും ഉറവിടമായ അങ്ങയെ ഞാൻ ആരാധിക്കുന്നു, സ്തുതിക്കുന്നു.
അങ്ങയെപ്പോലെ എന്നെ സ്നേഹിക്കുവാനും കരുതുവാനും ക്ഷമിക്കുവാനും ഈ പ്രപഞ്ചത്തിൽ മറ്റൊരു ദൈവമില്ലെന്നു എനിക്കറിയാം. അങ്ങേക്ക് മാത്രമേ എന്റെ ഹൃദയത്തെ സ്പർശിക്കുവാൻ സാധിക്കു.
ഇതാ ഈ പ്രഭാതത്തിൽ എളിമയുള്ള ഹൃദയത്തിനായി പ്രാർത്ഥിക്കുന്നു. എന്നെ ശരിക്കും എളിമപ്പെടുത്തണമേ. എപ്പോഴൊക്കെ ഞാൻ അങ്ങയെ ഒഴിവാക്കി വിജയം ആഗ്രഹിക്കുന്നുവോ അവിടെ പരാജയവും, എപ്പോഴൊക്കെ അങ്ങയെ ഒഴിവാക്കി ഞാൻ സന്തോഷം തേടുന്നുവോ അവിടെ ദുഖവും നല്കി എന്നെ  എളിമപ്പെടുത്തണമേ.
അങ്ങാണ് എന്റെ എല്ലാമെല്ലാം. എന്റെ ബലഹീനതയിലെ ശക്തിയും, ഞാൻ തേടുന്ന നിധിയും അങ്ങുതന്നെ. അമൂല്യമായ രത്നത്തെയെന്നപോലെ ഞാൻ അങ്ങയെ അന്വേഷിക്കുന്നു.
എന്റെ പാപങ്ങൾ ഭാരങ്ങൾ ശാപങ്ങൾ എല്ലാം ഏറ്റെടുത്തു എന്നെ സ്വതന്ത്രനാക്കിയ അങ്ങാണ് എന്റെയും ലോകം മുഴുവന്റെയും ദൈവം. അങ്ങയുടെ നാമത്തിനു മഹത്വമുണ്ടാകട്ടെ ഈശോയെ.
ഞാൻ വീഴും മുൻപേ എന്നെ താങ്ങുന്ന ദൈവവും, വാടിക്കരിയും മുൻപേ, ജലം നല്കി എന്നെ പരിപാലിക്കുന്നവനും അങ്ങാണ്.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടെ, എല്ലാ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടെതാകുന്നു. ആ സ്വർഗ്ഗരാജ്യത്തിൽ എത്തുവാൻ എന്നെ യോഗ്യനാക്കുന്ന സ്നേഹവും എളിമയും ക്ഷമയും വിശുദ്ധിയും വിശ്വാസവും അവയെല്ലാം പൂര്ത്തിയാക്കുന്ന പുണ്യപ്രവര്ത്തി ചെയ്യാനുള്ള കൃപാവരവും എനിക്ക് നല്കണമേ.
യേശുവേ, രക്ഷക, അങ്ങയെ അറിയാത്ത, അറിഞ്ഞിട്ടും അങ്ങയെ സ്നേഹിക്കാത്ത എല്ലാ സഹോദരങ്ങളെയും ഈ നിമിഷം സമര്പ്പിക്കുന്നു. ജാതിമത ഭേദമന്യേ എല്ലാ മക്കളും അങ്ങയുടെ സ്നേഹത്തിന്റെ ചിറകിൻ കീഴില ഒരുമിക്കുകയും അഭയം കണ്ടെത്തുകയും ചെയ്യട്ടെ.
ഇതാ എന്റെ ഭവനം, എന്റെ കുടുംബം, തൊഴിൽ, സാമ്പത്തികം, ബന്ധങ്ങൾ, എല്ലാം അങ്ങയുടെ ദാനമാണെന്നു തിരിച്ചറിയുകയും, അവയെല്ലാം വിശുദ്ധീകരിക്കപ്പെടുവാൻ വേണ്ടി അങ്ങയുടെ കരങ്ങളിൽ സമര്പ്പിക്കുകയും ചെയ്യുന്നു.
തിരുക്കരത്താൽ താങ്ങി ഞങ്ങളെ, തിരുഹിതംപോൽ നടത്തണമേ. ഞങ്ങൾ അങ്ങയുടെ കയ്യിലെ കളിമണ്ണാണ്, ഞങ്ങളെ അങ്ങയുടെ ഇഷ്ടംപോലെ രൂപപ്പെടുത്തണമേ.
ഈശോയെ, എന്റെ തൊഴിലിൽ, പഠനത്തിൽ, ഭവനത്തിൽ ഞാൻ അങ്ങേക്ക് ഇഷ്ടമില്ലാത്ത ഒന്നും ചെയ്യാതിരിക്കട്ടെ.
ഇതാ അങ്ങയുടെ അമ്മയായ മറിയത്തിനെയും, അങ്ങയുടെ സഹോദരങ്ങളായ വിശുദ്ധരെയും സ്നേഹിച്ചുകൊണ്ട് ഞാൻ അവരുടെ പുണ്യ യോഗ്യതകളോട് ചേര്ത്തു എന്റെ ഇന്നത്തെ എല്ലാ നിയോഗങ്ങളും ജീവിതവും സമര്പ്പിക്കുന്നു. ദൈവമേ അങ്ങെന്നെന്നും വാഴ്ത്തപ്പെടട്ടെ....ആമേൻ..

Monday, September 16, 2013

ഈ പ്രഭാതത്തില്‍....17.09.2013

ഈ പ്രഭാതത്തില്‍.... പെറ്റമ്മയേക്കാൾ എന്നെ സ്നേഹിക്കുകയും, ഞാന്‍ ജനിക്കും മുന്‍പേ എന്റെ പേരും രൂപവും കൈവെള്ളയില്‍ കുറിച്ച് വെക്കുകയും ചെയ്ത ഈശോയെ അങ്ങേക്കാരാധന... ഞാന്‍ എന്താകുന്നുവോ അത് അങ്ങയുടെ കൃപയാലാകുന്നു. അങ്ങിലല്ലതെ എന്റെ ജീവിതത്തിനു ഒരു അര്‍ത്ഥവുമില്ലെന്ന് ഞാന്‍ മനസിലാകുന്നു. ഈശോയെ, ആഗ്രഹിച്ചില്ലെങ്കില്‍ പോലും, പലപ്പോഴും അങ്ങില്‍ നിന്ന് അകന്നുപോയി ഞാന്‍.. ധൂര്‍ത്തനായി, പാപിയായി, എന്നാല്‍ ഇന്നിതാ അനുതാപത്തോടെ അങ്ങയുടെ കാരുണ്യത്തിനും അനുഗ്രഹത്തിനുമായി അങ്ങയുടെ സന്നിധിയില്‍ എളിമയോടെ ഞാന്‍ നില്‍ക്കുന്നു. അങ്ങയുടെ സ്നേഹ സമ്മാനമായ പ്രഭാതത്തെ, ഈ ദിവസത്തെ ഞാന്‍ അങ്ങയുടെ കരങ്ങളില്‍ നിന്നും സ്വീകരിക്കട്ടെ. ഇന്ന് എനിക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകളില്‍, പ്രലോഭനങ്ങളില്‍, ദുഖങ്ങളില്‍ അങ്ങ് എന്നെ ശക്തിപ്പെടുത്തണമേ. എന്റെ ഭൂതകാലവും ഭാവികാലവും അറിയാവുന്ന അങ്ങ് എന്റെമേല്‍ കരുണയായിരിക്കേണമേ. ഈശോയെ, ഇതാ അങ്ങയുടെ കരങ്ങളിലേക്ക് എന്റെ മാതാപിതാക്കളെയും, സഹോദരങ്ങളെയും ജീവിത പങ്കാളിയെയും മക്കളെയും സുഹൃത്തുക്കളെയും സമര്‍പ്പിക്കുന്നു. അവര്‍ക്ക് വേണ്ടുന്ന അനുഗ്രഹം നല്‍കി അവരെ അനുഗ്രഹിക്കണമേ. എന്റെ തൊഴിലും തൊഴില്‍ മേഖലയും, സഹപ്രവര്‍ത്തകരും, എന്റെ മുതലാളിയും, തൊഴിലാളികളും അനുഗ്രഹിക്കപ്പെടട്ടെ. നാഥാ, അര്‍ഹിക്കാത്തത് എനിക്ക് നല്‍കരുതെ, അര്‍ഹിക്കുന്നത് എന്നില്‍ നിന്നും എടുത്തുമാറ്റുകയുമരുതെ. ഇന്ന് ആരോടും കോപിക്കാതെ, അങ്ങയുടെ സ്നേഹത്തിന്റെയും ക്ഷമയുടെയും ഉപകരണമാകുവാന്‍ എന്നെ സഹായിക്കണമേ. ജോലിയില്ലാതെ വിഷമിക്കുന്ന സഹോദരങ്ങളെ സമര്‍പ്പിക്കുന്നു. വിവാഹ തടസ്സം നേരിടുന്ന മക്കളെ സമര്‍പ്പിക്കുന്നു. മാരകമായ രോഗങ്ങളുമായി ജനിച്ച കുഞ്ഞു മക്കളെ സമര്‍പ്പിക്കുന്നു. ചികിത്സയില്ലാത്ത രോഗങ്ങള്‍മൂലം വേദനിക്കുന്ന സഹോദരങ്ങളെ സമര്‍പ്പിക്കുന്നു. അങ്ങേക്ക് ഒന്നും അസാദ്ധ്യമല്ല എന്നുഞാന്‍ വിശ്വസിക്കുന്നു. ഈ സമയം എന്റെ പ്രാര്‍ത്ഥന ആവശ്യപ്പെട്ട മകനെ, മകളെ, സ്പര്‍ശിക്കണമെ. തെരുവോരങ്ങളില്‍ ജീവിക്കുന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്ക്‌ നന്മ ചെയ്യുവാന്‍ ഉദാരമായ ഒരു മനസ് ഞങ്ങള്‍ക്ക് നല്കണമേ. കര്‍ത്താവേ, ജീവിതത്തിലെ പ്രയാസങ്ങള്‍ കാരണം അങ്ങയിലുള്ള വിശ്വാസവും പ്രത്യാശയും നഷ്ടപ്പെട്ട മക്കളെ അങ്ങ് സന്ദര്‍ശിക്കണമേ. അവരെ കുറിച്ചുള്ള അങ്ങയുടെ പദ്ധതി പൂര്‍ത്തിയാക്കണമേ. എന്നും എപ്പോഴും അങ്ങ് ആകാശത്തിലും ഭൂമിയിലും ആരാധിക്കപ്പെടുവാനും സ്തുതിക്കപ്പെടുവാനും , ഇതാ എന്റെ ജീവിതത്തെ പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും പുണ്യങ്ങളോട് ചേര്‍ത്തു അങ്ങേക്ക് നല്‍കുന്നു. ഈശോയെ, സ്വീകരിച്ചാലും, അനുഗ്രിച്ചാലും...ആമേന്‍..

Thursday, September 12, 2013

ഈ പ്രഭാതത്തില്‍......

 
 
പ്രിയ മകനെ മകളെ, ഇതാ മനസ്സ് നിറഞ്ഞ സന്തോഷത്തോടെ നിന്നെ ഈ ദിവസത്തിലേക്ക് ഞാൻ ക്ഷണിക്കുന്നു. നിനക്ക് ജീവിക്കുവാൻ ഒരുക്കിയ ഈ പ്രപഞ്ചത്തിൽ പാപം വളരെ കൌശലപൂർവം കടന്നുകയറി. ഇതാ നന്മയും തിന്മയും നിറഞ്ഞ ഒരു ലോകത്തിലേക്കാണ് നീ ഉണര്ന്നിരിക്കുന്നത്. നീ എനിക്കെന്നും അമൂല്യനായത് കൊണ്ട് ഞാൻ എപ്പോഴും നിന്നെ കുറിച്ച് ചിന്തിക്കുന്നു. ഭയപ്പെടേണ്ട, ഞാൻ നിന്നെ എന്റെ ഉള്ളം കയ്യിൽ താങ്ങിയിരിക്കുന്നു. ഇന്നത്തെ ഓരോ ചുവടുവയ്പ്പിലും ഞാൻ നിനക്ക് വഴി കാണിച്ചു തരും. ഞാൻ കാണിച്ചു തരുന്ന വഴിയിലൂടെ മാത്രം നീ സഞ്ചരിക്കുക.
നിന്റെ ഹൃദയം ഇന്ന്, അസ്വസ്തമാകാതിരിക്കട്ടെ. എന്നിൽ നീ വിശ്വസിക്കുകയും പ്രത്യാശിക്കുകയും ശരനപ്പെടുകയും ചെയ്യുക.
നിനക്ക് അജ്ഞാതമായതും എന്നാൽ നിനക്ക് അനുഗ്രഹപ്രദമായതുമായ ഒരു പദ്ധതി എന്റെ മനസിലുണ്ട്. നീ ചോദിക്കുന്ന പല കാര്യങ്ങളും നിനക്ക് അനുഗ്രഹദായകമായ കാര്യങ്ങളല്ല. അവ അല്‍പ്പ സുഖവം പ്രദാനം ചെയ്യും, പിന്നീട് നിന്നെ ദുഖത്തിലേക്ക് നയിക്കും. അതിനാല എപ്പോഴും, ഈശോയെ അങ്ങയുടെ ഇഷ്ടം പൂര്ത്തിയാകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുക.
നീ വിശ്വസിക്കുകയും പ്...രാർത്ഥിക്കുകയും പുണ്യ പ്രവർത്തികളിൽ വ്യാപ്രുതനാവുകയും ചെയ്യുക, സ്വർഗ്ഗസ്ഥനായ പിതാവ് തന്റെ സമ്പന്നതയുടെ പൂർണതയിൽ നിന്ന് നിനക്ക് ആവശ്യമുള്ളവയെല്ലാം നല്കും. അധികം ലഭിക്കുമ്പോൾ അഹങ്കരിക്കാതിരിക്കുക. കുറച്ചു ലഭിക്കുമ്പോൾ പരാതി പറയാതിരിക്കുക. നിനക്ക് ആവശ്യമായത് ദൈവം നല്കും. നിന്റെ ആവശ്യത്തിൽ കവിഞ്ഞു നിന്റെ കൈവശമുള്ളതെന്തും തന്നെ നിന്റെ സഹോദരങ്ങളുമായി പങ്കുവെക്കുവാൻ ഉള്ളതാണ്.
ഒരിക്കലും നീ ദൈവത്തെ മറന്നു ജീവിക്കാതിരിക്കുക. എനിക്കറിയാം നീ ആഗ്രഹിചില്ലെങ്കിൽ പോലും നിന്റെ സുഹൃത്തുക്കളിലൂടെ സാത്താൻ നിന്നെ പാപത്തിലെക്കും, പിന്നീട് നിരാശയിലേക്കും നയിക്കും. ജാഗ്രതയോടുകൂടെ ജീവിക്കുക. നിനക്ക് ഒരു ജോലി തന്ന ദൈവത്തെ മറന്നു, നീ ജീവിക്കരുത്. നിന്റെയോ മറ്റുള്ളവരുടെയോ അദ്ധ്വാനഫലമായ സമ്പത്ത് മദ്യത്തിനോ മറ്റു അനാവശ്യ കാര്യങ്ങൾക്കോ നീ ഉപയോഗിക്കരുത്. നിന്നെ സ്നേഹിക്കുന്ന ദൈവത്തെ നീ വേദനിപ്പിക്കരുത്.
ഓര്ക്കുക, നിന്നിലുള്ള പ്രത്യാശയോടുകൂടെ ജീവിക്കുന്ന ഒരു കുടുംബം ഉണ്ട്. അവരെ നീ നിരാശരാക്കരുത്.
നിന്നെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവം ഞാനാകുന്നു. നീ ഭയപ്പെടേണ്ട ഞാൻ നിന്റെ കൂടെയുണ്ട്. നീ വിശ്വസ്തമായ ഒരു ജീവിതം നയിക്കുക. നീ അഗനിയിലൂടെയും ആഴിയിലൂടെയും നടന്നാലും നിനക്ക് ഒന്നും സംഭവിക്കുകയില്ല. നിന്റെ ശത്രുക്കള കാണ്‍കെ ഞാൻ നിനക്ക് വിരുന്നൊരുക്കും.
ഇതാ നിന്നെ ഞാൻ അനുഗ്രഹിക്കുകയും ചെയ്യുന്നു, സാധിക്കുമെങ്കിൽ ഇന്നത്തെ ബലിയർപ്പണത്തിൽ പങ്കുകൊണ്ടു പരിശുദ്ധ കുര്‍ബാന്‍ സ്വീകരിക്കുക. എന്റെ അമ്മയും വിശുദ്ധരും നിനക്ക് സഹായകമായി കൂടെയുണ്ടാകും. സമാധാനം നിന്റെ കൂടെയുണ്ടായിരിക്കട്ടെ...... നിന്നെ സ്നേഹിക്കുന്ന നിന്റെ ഈശോ....

Tuesday, September 10, 2013

ഈ പ്രഭാതത്തിൽ



ഈ പ്രഭാതത്തിൽ...ഈശോയെ, അങ്ങയുടെ സ്നേഹത്തിന്റെ സമ്മാനമായി ഈ പ്രഭാതം അങ്ങെനിക്കു നല്കിയതിനു അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു.
ഇന്നും എന്നും, ചിന്തയിലും വാക്കിലും പ്രവര്ത്തിയിലും അങ്ങയുടെ സ്വന്തമായി തന്നെ ജീവിക്കുവാൻ എന്നെ സഹായിക്കണമേ.
ഇന്ന് എന്റെ ജീവിതത്തിൽ സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി അങ്ങനുവദിക്കുന്ന എല്ലാ കാര്യങ്ങളിലും  അങ്ങയുടെ തിരുവിഷ്ടം അറിഞ്ഞു ഞാൻ പ്രവര്ത്തിക്കുവാൻ അങ്ങയുടെ കൃപ എനിക്ക് വേണം.
നന്മയിൽ നടക്കുവാൻ, നല്ലത് ചിന്തിക്കുവാൻ, നന്മ പറയുവാൻ, നല്ലത് കേള്ക്കുവാൻ, മറ്റുള്ളവരിൽ നന്മ ദർശിക്കുവാൻ, അങ്ങയുടെ മനോഭാവം എനിക്കും നല്കണമേ.
എല്ലാം നേടുവാനുള്ള ആഗ്രഹം എന്നിൽ നിന്നും എടുത്തു മാറ്റണമേ, അങ്ങയെ പ്രതി എല്ലാം നഷ്ടപ്പെടുത്തുവാൻ എന്നെ പഠിപ്പിക്കണമേ.
ആയുസ്സും പ്രശസ്തിയും, പണവും സ്ഥാനമാനങ്ങളും ഞാൻ അങ്ങയോടു ചോദിക്കുന്നുള്ള, അന്നന്ന് ദൈവസ്നേഹത്തിലും പരസ്നേഹത്തിലും ജീവിക്കുവാൻ എന്നെ സഹായിക്കണമേ.
എനിക്കുള്ളത്, അല്പ്പമാണെങ്കിൽ പോലും, ദാരിദ്ര്യം അനുഭവിക്കുന്ന സഹോദരങ്ങളുമായി പങ്കുവെക്കുവാൻ എന്നെ സഹായിക്കണമേ
അങ്ങയുടെ പരിശുദ്ധാതമാവിനെ എന്നിൽ നിന്നും എടുത്തു മാറ്റരുതേ. സത്യത്തിന്റെയും സ്നേഹത്തിന്റെയും ക്ഷമയുടെയും എളിമയുടെയും വഴിയിൽ സഞ്ചരിക്കുവാൻ പരിശുദ്ധാത്മാവ് എന്നെ സഹായിക്കട്ടെ.
അങ്ങയുടെ മനസിനെ വേദനിപ്പിക്കുന്ന ഒന്നും എന്റെ ജീവിതത്തിൽ സംഭവിക്കാതിരിക്കട്ടെ.
പരിശുദ്ധ അമ്മയും മാലാഖമാരും വിശുദ്ധരും എനിക്കും ലോകം മുഴുവനും വേണ്ടി സമര്പ്പിക്കുന്ന പ്രാർത്ഥനകളിൽ അങ്ങ് സംപ്രീതനാകണമേ..ആമേൻ//

Saturday, September 7, 2013

ഇന്നത്തെ പ്രാർത്ഥന. അമ്മക്ക് ജന്മദിനാശംസകള്‍ 08.09.2013

...
ആരാധനയ്ക്ക് യോഗ്യനായ ഈശോയെ അങ്ങയുടെ പ്രിയ മാതാവിന്റെ ഈ ജന്മദിനത്തിൽ അമ്മയോട് ചേർന്ന് അങ്ങയെ ഞങ്ങൾ ആരാധിക്കുക്കയും സ്തുതിക്കുകയും ചെയ്യുന്നു. ഇതാ നിന്റെ അമ്മ എന്ന് പറഞ്ഞു കാൽവരിയിലെ മഹായാഗത്തിന്റെ മഹനീയ നിമിഷങ്ങളിൽ അങ്ങയുടെ പ്രിയ ശിഷ്യനായ യോഹന്നാനെ ഭരമെല്പ്പിച്ച അങ്ങയുടെ അമ്മയെ ഞാനും എന്റെ കുടുംബവും അമ്മയായി സ്വീകരിക്കുന്നു.  ആ അമ്മയിലൂടെ ചോദിച്ചതൊന്നും ഇതുവരെ നിരസിക്കാത്ത അങ്ങ് അമ്മയിലൂടെ കൂടുതൽ മഹത്വപ്പെടുവാൻ വേണ്ടി ഇതാ ഞാൻ എന്റെ പ്രാർത്ഥനകൾ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലൂടെ അങ്ങേക്ക് സമര്പ്പിക്കുന്നു. സ്വീകരിച്ചു അനുഗ്രഹിക്കണമേ.
വിശുദ്ധ ഔസേപ്പ് പിതാവിനെ, ദൈവഹിതത്താൽ സ്വീകരിക്കുവാൻ തയ്യാറായ അമ്മെ, ദൈവം ഞങ്ങളുടെ ജീവിതത്തിൽ നല്കുന്ന ഓരോ ബന്ധങ്ങളെയും വിശുദ്ധമായി കാത്തുസൂക്ഷിക്കുവാനും അവരെ ബഹുമാനിക്കുവാനും ഞങ്ങളെ സഹായിക്കണമേ.
വിശുദ്ധ ഗബ്രിയേൽ ദൂതന്റെ ദൈവ സന്ദേശത്തിന് ചെവിചായ്ച്ച അമ്മെ, ദൈവീക പദ്ധതികളുടെ മുന്നില് ഞങ്ങളെത്തന്നെ പൂര്ണമായി സമര്പ്പിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ.
തന്റെ ചാര്ച്ചക്കാരിയായ എലിസബത്തിനെ സഹായിക്കുവാൻ പോയ അമ്മെ, സഹായം ആവശ്യമായിരിക്കുന്നവരേ, യാതൊരു പ്രതിഫലവും കൂടാതെ സഹായിക്കുവാൻ എന്നെ സഹായിക്കണമേ.
ദൈവാലയത്തിൽ വെച്ച് കാണാതായ യേശുവിനെ അന്വേഷിച്ചുപോയ അമ്മെ, ഈശോയെ ഞാൻ നഷ്ടപ്പെടുത്തുന്ന സമയങ്ങളിൽ, എന്നെ കഴിവതും വേഗം യേശുവിനെ തിരികെ കണ്ടെത്തുവാനും ആ സ്നേഹത്തിൽ ജീവിക്കുവാനും സഹായിക്കണമേ.
കാനയിലെ കല്യാണ വിരുന്നിൽ അവരുടെ വിഷമം തിരിച്ചറിഞ്ഞ അമ്മെ, അപരന്റെ വേദനകളിൽ പങ്കുചേരുവാനും, അവരുടെ കുറവുകൾ പുറമേ പറഞ്ഞുനടന്നു അവര്ക്ക് ഞാൻ അപമാനം ഉണ്ടാക്കുവാതിരിക്കുവാനും എന്നെ സഹായിക്കണമേ.
യേശുവിന്റെ പരസ്യ ജീവിതകാലത്ത് യേശുവിനെ നിഴല്പോലെ അനുഗമിച്ച അമ്മെ, എന്റെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും യേശുവിനെ അനുഗമിക്കുവാൻ എന്നെ സഹായിക്കണമേ.
യേശുവിന്റെ കുരിശു യാത്രയിൽ യേശുവിനെ അനുഗമിച്ച അമ്മെ, ഞങ്ങളുടെ ജീവിതത്തിലെ സഹനങ്ങളിൽ ഇപ്പോഴും യേശുവിന്റെ സഹനങ്ങളെ ധ്യാനികുവാനും യേശുവിനെ അനുഗമിക്കുവാനും ഞങ്ങളെ സഹായിക്കണമേ.
കുരിശിൻ ചുവട്ടിൽ യേശുവിന്റെ വേദനകൾ മുഴുവൻ ഹൃദയത്തിലൊതുക്കിയ അമ്മെ,  എന്റെ ജീവിതത്തിന്റെ വേദനകളിൽ ആ കുരിശിൻ ചുവട്ടിൽ ഞാനും അഭയം കണ്ടെത്തട്ടെ.
യേശുവിന്റെ ശരീരം ഉദരത്തിലും മടിയിലും സ്വീകരിക്കുവാൻ ഭാഗ്യം ലഭിച്ച അമ്മെ, പരിശുദ്ധ കുർബാനയിൽ എഴുന്നള്ളിവരുന്ന ഈശോയെ വിശുദ്ധിയോടെ സ്വീകരിക്കുവാൻ എന്നെ സഹായിക്കണമേ.
കുരിശിൻ ചുവട്ടിൽ, അവസാന നിമിഷംവരെ യേശുവിനെ അനുഗമിച്ച പ്രിയ ശിഷ്യന് യേശു നല്കിയ സ്നേഹ സമ്മാനമാണ് അമ്മ. അമ്മെ, ഇതാ ഈശോയുടെ തുറക്കപ്പെട്ട ആ ഹൃദയത്തിൽ നിന്ന് ഞാനും അമ്മയെ സ്വീകരിക്കുന്നു. എന്റെ ഭാവനത്തിലെക്കും വരുവാൻ മനസാകണമേ. അമ്മെ, എന്റെ ഭവനവും കുടുംബവും നസ്രത്തിലെ തിരുക്കുടുംബംപോലെയാക്കണമെ.
ഈശോയെ അങ്ങയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്കും തള്ളിക്കളയാനാകാത്ത സത്യമാണ് അമ്മ.

ഈ ജന്മദിനത്തിൽ അമ്മയോട് ചേർന്ന് എന്നും അങ്ങയുടെ മകനും മകളുമായി ജീവിക്കുവാൻ എന്നെ ഞാൻ സമര്പ്പിക്കുന്നു. യേശുവേ ആരാധന മഹത്വം എന്നേക്കും അങ്ങേക്ക്..ആമേൻ...

Thursday, September 5, 2013

ഇന്നത്തെ പ്രാര്‍ത്ഥന....06.09.2013



ഇന്നത്തെ പ്രാര്‍ത്ഥന....
സര്‍വശക്തനായ ദൈവമേ പാപികളും ബലഹീനരുമായ ഞങ്ങള്‍ അങ്ങയുടെ കരുണക്കായി യാചിക്കുന്നു. ഞങ്ങളുടെ അപേക്ഷ അവിടുന്ന് നിരസിക്കരുതെ. ശാന്തിയും സമാധാനവും നഷ്ടമായിരിക്കുന്ന ഈ ലോകത്തിനു അവിടുത്തെ സമാധാനം നല്കണമേ. കലഹങ്ങളാലും, യുദ്ധ ഭീഷണിയാലും ബുദ്ധിമുട്ടനുഭവിക്കുന്ന രാജ്യങ്ങളെ അങ്ങ് കാത്തുകൊള്ളണമേ. ഓരോ രാജ്യത്തിന്റെയും ഭരണാധികാരികളെ അങ്ങയുടെ പരിശുദ്ധാതമാവിന്റെ വരങ്ങളാൽ നിറയ്ക്കെണമേ. ദൈവമേ രാജ്യങ്ങളും ജനങ്ങളും അങ്ങയുടെതാണെന്ന ബോദ്ധ്യം അവർക്ക് നല്കണമേ. അങ്ങയുടെ രാജ്യവും അങ്ങയുടെ നീതിയും ഭൂമിയിൽ സംജാതമാകുവാൻ ഞങ്ങൾ ഓരോരുത്തരും പരിശ്രമിക്കട്ടെ. ദൈവമേ, അങ്ങയുടെ മക്കളുടെ ചോരയാൽ ഈ ഭൂമി നനയാതിരിക്കട്ടെ. യുദ്ധങ്ങളിൽ മരിച്ചുവീഴുന്ന നിർദ്ധനരും നിസ്സഹായരുമായ ഞങ്ങളുടെ സഹോദരങ്ങളുടെ ചിത്രങ്ങൾ ഹൃദയം തകർക്കുന്നു ദൈവമേ. ദൈവമേ, ഓരോ വ്യക്തിയിലും, ഓരോ കൂട്ടായ്മയിലും ഓരോ രാജ്യത്തും അങ്ങയുടെ സമാധാനം നല്കണമേ. യുദ്ധത്തെ കുറിച്ച് ചിന്തിക്കുന്നവർ അതില്നിന്നും പിൻവാങ്ങട്ടെ. സ്വാർത്ഥതയും അസൂയയും അഹങ്കാരവും ഞങ്ങളിൽ നിന്നും അകന്നുനില്ക്കട്ടെ. ദൈവമേ, പരിശുദ്ധാത്മാവിനെ അയച്ചു ഞങ്ങളുടെ ഹൃദയങ്ങളെയും ഭൂമിയും നവീകരിക്കണമേ. അങ്ങാണ് ഞങ്ങളുടെ രാജാവ്. അങ്ങാണ് ഞങ്ങളുടെ സൃഷ്ടാവ്. ഭൂമിയിലുള്ള ഒരു നേതാവിനും നല്കുവാനാകാത്ത സമാധാനവും സന്തോഷവും നല്കുവാൻ അങ്ങേക്ക് മാത്രമേ സാധിക്കു. നിസ്സഹായരായ അങ്ങയുടെ മക്കളെ എല്ലാവിധ അപകടങ്ങളില്‍ നിന്നും രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യണമേ. അങ്ങേക്ക് അസാദ്ധ്യമായി ഒന്നുമില്ല ദൈവമേ.
അനഗ്യുടെ തിരുവിഷ്ടത്തിനു ഞങ്ങളെയും ഞങ്ങളുടെ രാജ്യങ്ങളെയും ഞങ്ങളുടെ നേതാക്കളെയും സമര്പ്പിക്കുന്നു. ആമേൻ. പരിശുദ്ധ അമ്മെ, സമാധാനത്തിന്റെ രാജ്ഞി ഈ ലോകം മുഴുവനുംവേണ്ടി പ്രാർത്ഥിക്കണമേ.

Sunday, September 1, 2013

ഈ പ്രഭാതത്തിൽ....


ഈശോയെ, ഞാൻ കണ്ണുകൾ തുറക്കുമ്പോൾ, ഞാൻ ആദ്യം അങ്ങയുടെ രൂപം കാണട്ടെ. അങ്ങയെ കണ്ടുകൊണ്ടു എന്റെ ദിവസം ഞാൻ ആരംഭിക്കട്ടെ. ഈശോയെ പ്രഭാതത്തിൽ അങ്ങയുടെ നാമത്തിനു ആരാധനയും സ്തുതിയും കൃതജ്ഞതയും അര്പ്പിക്കുന്നത് എത്രയോ ഉചിതമാണ്. ഈ സമയം ഞാൻ അങ്ങയുടെ മുന്നില് നില്ക്കുന്നത് അങ്ങെനിക്കു നല്കിയ അനുഗ്രഹങ്ങൾക്കെല്ലാം നന്ദി പറയുവാനാണ് നാഥാ. എത്രയോ അനുഗ്രഹങ്ങളാണ് ഞാൻ തിരിച്ചറിയാതെ പോയത്.  ഈശോയെ നന്ദി നിറഞ്ഞ ഹൃദയത്തോടും അധരങ്ങളിൽ സ്തുതികളോടും കൂടെ അങ്ങയുടെ മുന്നില് നില്ക്കുവാൻ കഴിയുന്നതുതന്നെ അനുഗ്രഹമാണല്ലോ. എന്റെ മനസ്സും കരങ്ങളും ഉയരത്തി ഞാൻ അങ്ങേക്ക് നന്ദി പറയുന്നു.
എന്റെ ജീവിതത്തിൽ അങ്ങ് ചെയ്ത എല്ലാ കാര്യങ്ങൾക്കും ഞാൻ അങ്ങേക്ക് നന്ദി പറയുന്നു.
എന്റെ പാപങ്ങൾ ഏറ്റെടുത്തതിനും, എന്റെ രോഗങ്ങൾ സുഖപ്പെടുത്തിയത്തിനും എന്റെ ജീവിതത്തിലെ അന്ധകാരത്തിൽ പ്രകാശം ചൊരിഞ്ഞതിനും, എന്റെ അപമാനം നീക്കിയതിനും നന്ദി ദൈവമേ.
എനിക്കായി ജനിച്ചതിനും വേദനകൾ സഹിച്ചതിനും മരിച്ചതിനും ഉയർത്തെഴുന്നെറ്റതിനും പിതാവിന്റെ വലതുഭാഗത്ത് മഹത്വത്തോടുകൂടെ ഉപവിഷ്ടനായി ഞങ്ങള്ക്കായി മാദ്ധ്യസ്ഥം വഹിക്കുന്നതിനും നന്ദി ഈശോയെ.
ജ്ഞാനസ്നാനം, സ്ഥൈര്യലേപനം, കുമ്പസാരം, കുര്ബാന  എന്നീ ദിവ്യരഹസ്യങ്ങളുടെ കൂദാശകളെയോര്ത്തു നന്ദി ഈശോയെ.
ഞങ്ങളുടെ മാതാപിതാക്കൾ, മക്കൾ, ജീവിതപങ്കാളി, സഹോദരങ്ങൾ തൊഴിൽ ഭവനം കുടുംബം എന്നിവയെ ഓരത്തും നന്ദി ഈശോയെ.
ഇന്നേ ദിവസം എനിക്കുണ്ടാകുന്ന തകർച്ചകളിൽ രോഗങ്ങളിൽ ഭാരങ്ങളിൽ ഞാൻ അങ്ങയെ പുകഴ്ത്തും ഈശോയെ. 
ഇന്ന് ഞാൻ നടക്കേണ്ട വഴികൾ എന്നെ പഠിപ്പിക്കണേ. വഴിതെറ്റി സഞ്ചരിച്ചു ഞങ്ങൾ നരകത്തിനു അഹരാകാതിരിക്കട്ടെ.
അങ്ങയെ സ്തുതിക്കു ഈശോയെ. ഇന്ന് വേദന നിറഞ്ഞ മനസ്സോടെ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എഴുന്നേറ്റ എല്ലാ മക്കളെയും ആശ്വസിപ്പിക്കണേ. ഈ പ്രാര്ത്ഥന ചൊല്ലുന്ന മക്കളും ആര്ക്കെല്ലാം വേണ്ടി ഈ പ്രാര്ത്ഥന ചൊല്ലപ്പെടുന്നുവോ അവരും അനുഗ്രഹിക്കപ്പെടട്ടെ. ഈ ലോകത്തിലെ ഓരോ മക്കളും അങ്ങയുടെ സ്നേഹവും കരുണയും ക്ഷമയും അനുഭവിക്കട്ടെ. ആമേൻ ഈശോ....

Saturday, August 31, 2013

പ്രഭാത പ്രാര്‍ത്ഥന 01.09.2013

എന്റെ നല്ല ഈശോയെ, ഇതാ ഞാൻ..................(നിങ്ങളുടെ പേര് പറയുക) അങ്ങയെ ആരാധിക്കുവാനും സ്തുതിക്കുവാനുമായി അങ്ങയുടെ സന്നിധിയിൽ നില്ക്കുന്നു. എന്റെ പൂര്ണ ഹൃദയത്തോടെ അങ്ങയെ ഞാൻ ആരാധിക്കുന്നു. എന്നെ സൃഷ്ടിച്ചതിനും ഇന്ന് എനിക്ക് ജീവിതം നൽകിയതിനും നന്ദി പറയുന്നു. ഇന്നത്തെ എന്റെ എല്ലാ പ്രവര്ത്തനങ്ങളും അങ്ങയുടെ സന്നിധിയിൽ സമര്പ്പിക്കുന്നു. അവയെല്ലാം അങ്ങയുടെ മഹത്വത്തിന് മാത്രം കാരണമാകട്ടെ. അങ്ങയെ എന്നിൽ നിന്നും അകറ്റുന്ന ഒരു പാപകരമായ വാക്കോ നോട്ടമോ കേൾവിയോ ചിന്തയോ സംഭവിക്കാതിരിക്കട്ടെ. എന്റെ മുഖം ഇപ്പോഴും അങ്ങയിലേക്ക് തിരിയുകയും എന്റെ ഹൃദയം അങ്ങയെ തേടുകയും ചെയ്യട്ടെ. ഈശോയെ അങ്ങ് ആഗ്രഹിക്കുന്നതുപോലെ ചിന്തിക്കാനും കേള്ക്കാനും സംസാരിക്കുവാനും ജീവിക്കുവാനും ഇന്നെനിക്കു സാധിക്കട്ടെ. മറ്റുള്ളവരാൽ ഒഴിവാക്കപ്പെടുന്ന സഹോദരങ്ങളുടെ അടുത്തേക്ക്‌ പോയി അവരോടു അൽപ സമയം ചെലവഴിക്കുവാനും അവരുമായി സംസാരിക്കുവാനും എന്നെ അനുഗ്രഹിക്കണമേ. എന്റെ ജീവിതത്തിൽ പ്രമുഖ സ്ഥാനമോ പേരോ പ്രശസ്തിയോ ഞാൻ ആഗ്രഹിക്കാതിരിക്കട്ടെ. ലോകം നല്കുന്ന സ്ഥാനമാനങ്ങളെ അങ്ങയുടെ നാമത്തിൽ ആശ്രയിച്ചു ഞാൻ വേണ്ടെന്നു പറയട്ടെ. ഈശോയെ ലോകത്തെ ആയിരംപെരോട് സംസാരിച്ചാൽ കിട്ടാത്ത സന്തോഷം അങ്ങയോടു സംസാരിക്കുമ്പോൾ ലഭിക്കുന്നു. ഈ ലോകത്തിനു നല്കുവാൻ സാധിക്കാത്ത സമാധാനംകൊണ്ടു അങ്ങ് എന്റെഹൃദയം നിറയ്ക്കുന്നു. സ്വര്ഗ്ഗം ലക്ഷ്യമാക്കി ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ. ഈശോയെ, ഈ ഭൂമിയിൽ ആരുമെന്നെ സ്നേഹിക്കാൻ ഇല്ലാതിരുന്നപ്പോൾ എന്നെ സ്നേഹിച്ചത് അങ്ങ് മാത്രമാണ്. എന്നെ ആരും കാണുകയോ കേള്ക്കുകയോ ചെയ്യാതിരുന്നപ്പോൾ കാണുകയും കേള്ക്കുകയും ചെയ്തവാൻ അങ്ങ് മാത്രമാണു. അതിനാൽ തന്നെ അങ്ങയോടുള്ള എന്റെ നന്ദി ജീവിതംകൊണ്ടു പൂർത്തിയാക്കേണ്ടിയിരിക്കുന്നു. എന്നെ പേരുചൊല്ലി വിളിക്കുകയും വഴിനടത്തുകയും ചെയ്യുന്ന ഈശോയെ അങ്ങേക്ക് നന്ദി. ഈ നിമിഷം വരെ കണ്ണിലെ കൃഷ്ണമണി പോലെ എന്നെ കാത്തു പരിപാലിച്ച അങ്ങേക്ക് രക്ഷയുടെ പാനപാത്രമുയര്ത്തി നന്ദി പറയും. ഈശോയെ തൊഴിൽ ചെയ്തിട്ടും മാസങ്ങളായി ശമ്പളം ലഭിക്കാത്ത മക്കളെ സമര്പ്പിക്കുന്നു. അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളെ അങ്ങയുടെ സംരക്ഷണയിൽ സമര്പ്പിക്കുന്നു. അതോടൊപ്പം തന്നെ തെറ്റിദ്ധാരണയുടെ പേരില് അകന്നു ജീവിക്കുന്ന ദമ്പതികളെ ഓര്ക്കുന്നു, സമര്പ്പിക്കുന്നു. ഐക്യത്തിൽ ജീവിക്കുവാനും പരസ്പരം പൊറുക്കുവാനും അവരെ അനുഗ്രഹിക്കണമേ. ഈശോയെ ഞാനും , എല്ലാ സഹോദരങ്ങളും അങ്ങയുടെ ഇഷ്ടം മാത്രം പൂര്ത്തിയാക്കി പരിശുദ്ധ അമ്മയും മാലാഖമാരും വിശുദ്ധരും നിരന്തരം അങ്ങയെ പാടിസ്തുതിക്കുന്ന സ്വർഗ്ഗത്തിൽ എത്തിചേരട്ടെ. ആമേൻ.

Friday, August 30, 2013

ഈ പ്രഭാതത്തില്‍ 30.08.213

ഈശോയെ ഇതാ പുതിയ പ്രഭാതത്തില്‍ ഒരു പുതിയ മനുഷ്യനാകുവാനുള്ള ആഗ്രഹത്തോടെ ഞാന്‍ അങ്ങയുടെ സന്നിധിയില്‍ നില്ക്കു ന്നു. ഈ ദിവസത്തെ കൃപകള്ക്ക് നന്ദി പറയുന്നു നാഥാ. എനിക്ക് വേണ്ടിയുള്ള അങ്ങയുടെ പദ്ധതികള്‍ ഞാന്‍ മനസിലാക്കുകയും അവയില്‍ പൂര്ണമായി വിശ്വസിക്കുകയും ചെയ്യുന്നു. ഞാന്‍ അവസാന കുമ്പസാരത്തിനു ശേഷം ചെയ്തുപോയ പാപങ്ങളെ കുറിച്ച് അനുതപിക്കുകയും, കഴിയുന്നതും ഏറ്റവും അടുത്ത സാഹചര്യത്തില്‍ കുമ്പസാരിക്കാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. അങ്ങയുടെ തിരുരക്തത്താല്‍ എന്നെ കഴുകണെ ഈശോയെ. ഞാന്‍ ഇന്ന് ചെയ്യുവാന്‍ പോകുന്ന എല്ലാ കാര്യങ്ങളെയും അങ്ങയുടെ കരുണയില്‍ ആശ്രയിച്ചു കൊണ്ട് അങ്ങേക്ക് സമര്പ്പിക്കുന്നു. അവ അങ്ങയുടെ മഹത്വത്തിനും സഹോദരങ്ങളുടെ നന്മയ്ക്കുമായി ചെയ്യുവാന്‍ എന്നെ സഹായിക്കണമേ. ഈ ദിവസം ആരംഭിക്കുന്ന ഈ നിമിഷത്തില്‍ അങ്ങയെ ഞാന്‍ എന്റെ മുന്പിംലും ഉള്ളിലും പ്രതിഷ്ടിക്കുന്നു. എല്ലാം നന്മയ്ക്കായി മാറ്റുന്ന അങ്ങയുടെ തിരുഹിതമാണ് എനിക്കെന്നും ആശ്രയം. ഇന്ന്, സാത്താന്‍ എനിക്കെതിരായി കൊണ്ടുവരുന്ന ഓരോ പദ്ധതികളും ഞാന്‍ തകര്ത്ത് അവനെ തോല്പ്പിനക്കും. അങ്ങയുടെ അതിശക്തമായ നാമത്താല്‍ അവനെ ഞാന്‍ പരാജയപ്പെടുത്തും. ഞാന്‍ ഭവനത്തിലോ തൊഴില്‍ മേഖലയിലോ പുറത്തോ ആയിരിക്കുമ്പോള്‍ അങ്ങയുടെ സംരക്ഷണവും സ്നേഹവുംകൊണ്ട് എന്നെ പൊതിയണമേ. ഈശോയെ എന്റെ ജീവിതത്തിന്റെ നിയന്ത്രണം അങ്ങ് ഏറ്റെടുക്കണമേ. ഞാന്‍ ഈ ലോകത്തിനു ഒരു അനുഗ്രഹമായിരിക്കട്ടെ. ഈശോയെ ഇന്ന് ജന്മദിനമോ, വിവാഹ വാര്ഷികാമോ, ആഘോഷിക്കുന്നവരെ അനുഗ്രഹിക്കണമേ. ഇന്ന് ജനിക്കുന്ന കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും അനുഗ്രഹിക്കണമേ. ഇന്ന് രോഗത്താല്‍ ചികിത്സ തേടുന്നവരെ ആശ്വസിപ്പിക്കുകയും സുഖപ്പെടുത്തുകയും ചെയ്യണമേ. തൊഴില്‍ തേടുന്നവര്ക്ക്യ മാര്ഗ്ഗ് നിര്ദ്ദേ ശം നല്കണമേ. ഈശോയെ ഇത് അങ്ങ് നിര്മിദച്ച ദിവസമാണ്. അതുകൊണ്ട് തന്നെ അങ്ങയുടെ കരങ്ങളില്‍ നിന്നുമാണ് ഞാന്‍ ഈ ദിവസത്തെ സ്വീകരിക്കുന്നത്. ഞങ്ങള്‍ സ്വര്ഗ്ഗീ യ പിതാവിന്റെ മക്കളായി വളരുവാന്‍ അങ്ങ് നല്കു്ന്ന അനുഗ്രഹീത ദിവസമാണിത്. ഈശോയെ എന്റെ ഭവനത്തില്‍ അങ്ങയുടെ സാന്നിദ്ധ്യംകൊണ്ട്‌ നിറയ്ക്കെണമെ. ഈശോയും പരിശുദ്ധ അമ്മയും വിശുദ്ധ ഔസേപ്പ് പിതാവും ചേര്ന്നൊ രുക്കിയ നസ്രത്തിലെ തിരുക്കുടുംബത്തിലെ സമാധാനവും സ്നേഹവും സന്തോഷവും എന്റെ ഭവനത്തിലും നിറയട്ടെ. ഞാനും എന്റെ ജീവിത പങ്കാളിയും മക്കളും ഇപ്പോഴും അങ്ങയുടെ ഹിതമറിഞ്ഞ് ജീവിക്കട്ടെ. ഞങ്ങളുടെ പ്രാര്ത്ഥനകള്‍ കേള്ക്കുന്ന യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന.

Thursday, August 29, 2013

ഈ പ്രഭാതത്തില്‍... 30. 08. 2013

ഈശോയെ ഇതാ ഞാൻ ഈ പുതിയ ദിവസത്തെ അങ്ങയുടെ കരങ്ങളിൽ നിന്നും സ്വീകരിക്കുന്നു. ഈ ദിവസത്തിനു, ഞാൻ അങ്ങയെ പൂര്ണ ശക്തിയോടും പൂര്ണ മനസ്സോടും കൂടെ നന്ദി പറയുന്നു. ഇന്ന് ഞാൻ ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്, അങ്ങയുടെ സ്നേഹത്തിലും കാരുണ്യത്തിലും ആശ്രയിച്ചുകൊണ്ടു. ഇന്നത്തെ ദിവസം മുഴുവൻ അങ്ങയുടെ സാന്നിദ്ധ്യം എന്റെകൂടെ ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു നാഥാ. നല്ല തീരുമാനങ്ങളോട്കൂടെ ഞാൻ ഈ ദിവസം ആരംഭിക്കുന്നു. ഈശോയെ അങ്ങ് എന്റെകൂടെയും എന്റെ കുടുംബത്തിന്റെ കൂടെയും എന്റെ തൊഴിലിന്റെ കൂടെയും ഉണ്ടെന്നു ഞാൻ പൂര്ണമായി വിശ്വസിക്കുന്നു. ഇന്ന് ഞാൻ പഠിക്കേണ്ടതും ചെയ്യേണ്ടതുമായ എല്ലാ ജോലികളെയും അങ്ങേക്ക് സമര്പ്പിക്കുന്നു. ഞാൻ ചെയ്യുന്ന ഓരോ കാര്യവും അങ്ങേക്കും മറ്റുള്ളവര്ക്കും സന്തോഷം നല്കുന്നതായിരിക്കട്ടെ. ഈശോയെ ഇന്നത്തെ ദിവസത്തെ സ്നേഹവും ക്ഷമയും കരുണയും സമാധാനവും കൊണ്ട് ഞാൻ നിറയ്ക്കട്ടെ. എന്നെ സമീപിക്കുന്നവർ അങ്ങയുടെ സ്നേഹവും സാന്നിദ്ധ്യവും അനുഭവിക്കട്ടെ. ഈ ലോകം പണമോ പദവിയോ പ്രശസ്തിയോ എന്റെ മുന്നില് വെച്ച് നീട്ടുമ്പോൾ ഞാൻ അങ്ങയെ മറന്നുപോകാതിരിക്കട്ടെ. ഞാനല്ല എന്നിലൂടെ അങ്ങാണ് മഹത്വപ്പെടെണ്ടത് എന്നാ ചിന്ത എനിക്ക് ഒരിക്കലും നഷ്ടമാകാതിരിക്കട്ടെ. സ്വർഗ്ഗസ്ഥനായ പിതാവേ ഒത്തിരി നന്ദി. എന്നെയിന്നു അങ്ങയുടെ സാന്നിദ്ധ്യത്തിൽ ജീവിക്കുവാൻ അനുവദിക്കണമെ. അങ്ങയുടെ വിശുദ്ധരും മാലാഖമാരും എന്നോടുക്കൂടെയുണ്ടായിരിക്കട്ടെ. അവർ സഞ്ചരിച്ച വിശുദ്ധിയുടെ പാതയിലൂടെ ഞാനും സഞ്ചരിച്ചു അങ്ങയുടെ സന്നിധിയിൽ എത്തിചെരട്ടെ. എന്റെ ഓരോ ചിന്തയും ഓരോ വാക്കും ഓരോ പ്രവര്ത്തിയും എന്നെയും മറ്റുള്ളവരെയും അങ്ങയിലേക്ക് നയിക്കട്ടെ. ഇന്നത്തെ ദിവസം അങ്ങയുടെ സന്നിധിയിൽ വ്യാപരിക്കുവാനും അങ്ങയുടെ മഹത്വത്തിന് കാരണമാകുന്ന സഹോദര സേവനങ്ങളിൽ മുഴുകുവാനുമുള്ള എന്റെ ആഗ്രഹത്തെ അങ്ങയുടെ പ്രിയ മാതാവായ പരിശുദ്ധ മരിയത്തിലൂടെ സമര്പ്പിച്ചുകൊണ്ട്‌ ഞാൻ ഈ ദിവസം ആരംഭിക്കുന്നു , ഈശോയെ എന്റെ സമര്പ്പനത്തെ സ്വീകരിച്ചു അനുഗ്രഹിച്ചാലും...ആമേൻ..

Wednesday, August 28, 2013

ഈ പ്രഭാതത്തില്‍....29.08.2014

നമുക്ക് പ്രാർത്ഥിക്കാം... ഈശോയെ, കാലത്തിന്റെ അധിപനായ അങ്ങയുടെതാകുന്നു ഇന്നും ഇന്നലെയും നാളെയും.  ഞാൻ ഈ നിമിഷം വരെ അങ്ങയിൽ നിന്നും നേടിയ സകല അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. ഈ ജീവിതത്തിനു, സ്നേഹത്തിനു, പൂക്കൾക്ക്, പുഴകൾക്ക്, മഴയ്ക്ക് വെയിലിനു... എല്ലാറ്റിനും അങ്ങേക്ക് നന്ദി പറയുന്നു. അങ്ങ് എന്റെ ജീവിതത്തിൽ അനുവദിച്ചതും അനുവദിക്കാത്തതുമായ എല്ലാ കാര്യങ്ങൾക്കും നന്ദി ഈശോയെ.
നാഥാ, ഞാൻ ചെയ്തതും ഇനി ചെയ്യേണ്ടതുമായ ജോലികളെയും, എന്റെ കുടുംബത്തെയും എന്റെ മക്കളെയും മാതാപിതാക്കളെയും അങ്ങേക്ക് സമര്പ്പിക്കുന്നു. എന്റെ അടുത്തുള്ളവരെയും എന്നില്നിന്നും അകന്നിരിക്കുന്നവരെയും എന്റെ സുഖദുഖങ്ങൾ പങ്കുവെച്ചവരെയും ഞാൻ അങ്ങേക്ക് സമര്പ്പിക്കുന്നു.
മാത്രമല്ല, ഈശോയെ,ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങളെ ഓര്ക്കുന്നു, മാപ്പ് ചോദിക്കുന്നു. ഞാൻ നഷ്ടപ്പെടുത്തിയ സമയത്തെയും പണത്തെയും പ്രതി, അനാവശ്യമായി ഉപയോഗിച്ച വാക്കുകളെ പ്രതി, മാപ്പ് ചോദിക്കുന്നു. ജോലിയിൽ കള്ളത്തരം കാണിച്ചതിനെ ഓർത്തും, ജീവിതത്തിൽ മറ്റുള്ളവരെ മുറിവേൽപ്പിച്ചതിനെയോര്ത്തും  മാപ്പ് ചോദിക്കുന്നു ഈശോയെ. പ്രാർത്ഥിക്കുവൻ മടി കാണിച്ചതിനും മാപ്പ് നല്കണേ ഈശോയെ.
എന്റെ ഇന്നത്തെ ദിവസം അനുഗ്രഹിക്കപ്പെട്ടതാകട്ടെ, എന്നിലൂടെ മറ്റുള്ളവർ അനുഗ്രഹിക്കപ്പെടട്ടെ.  ഞാൻ എത്രകാലം ജീവിക്കുമെന്ന് അങ്ങേക്ക് മാത്രമേ അറിയൂ നാഥാ.
ഇന്ന് ഞാൻ എനിക്കും എന്റെ മാതാപിതാക്കൾ സഹോദരങ്ങൾ, ബന്ധുക്കൾ, മിത്രങ്ങൾ, ജീവിതപങ്കാളി, മക്കൾ തുടങ്ങി എല്ലാവര്ക്കും അങ്ങയുടെ ജ്ഞാനവും സമാധാനവും സന്തോഷവും നല്കണേ എന്ന് പ്രാർത്ഥിക്കുന്നു.
ശുഭാപ്തി വിശ്വാസത്തോടും പ്രത്യാശയോടും സ്നേഹത്തോടും കൂടെ ഞാൻ എന്നും ജീവിക്കട്ടെ. എന്റെ കണ്ണുകളെ, മോശമായ കാഴ്ചകളിൽ നിന്നും എന്റെ കാതുകൾ തെറ്റായ കേൾവികളിൽ നിന്നും എന്റെ അധരങ്ങൾ തെറ്റായ സംസാരത്തിൽനിന്നും വിടുതൽ പ്രാപിക്കട്ടെ.
ഈശോയെ, വിദേശ രാജ്യങ്ങളിൽ, ഏറെ പ്രത്യേകമായി അപകട സാദ്ധ്യത കൂടിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ സഹോദരങ്ങളെയും അനുഗ്രഹിക്കണമേ. ഇന്ന് വൈദ്യപരിശോധനകൾക്ക് വിധേയരാകുന്നവരും, അവരെ ചികിത്സിക്കുന്ന ഡോക്ടര്മാരും നേഴ്സുമാരും അനുഗ്രഹിക്കപ്പെടട്ടെ. അദ്ധ്യാപകരും വിദ്ധ്യാര്തികളും അനുഗ്രഹിക്കപ്പെടട്ടെ, കര കടല്‍  ആകാശ മാർഗ്ഗങ്ങളിൽ ആയിരിക്കുന്നവർ അങ്ങയുടെ സംരക്ഷണം അനുഭവിക്കട്ടെ.
ഈശോയെ, ഈ പ്രാർത്ഥന ചൊല്ലുന്ന ഓരോ സഹോദരങ്ങളും അവരുടെ കുടുംബവും അവരുടെ നിയോഗങ്ങളും അനുഗ്രഹിക്കപ്പെടട്ടെ.
പരിശുദ്ധ അമ്മെ മാതാവേ ഞങ്ങള്ക്കുവേണ്ടി പ്രാർത്ഥിക്കണമേ...ആമേൻ.

ഈ പ്രഭാതത്തില്‍

ഈ പ്രഭാതത്തില്‍ ... എന്റെ നല്ല ഈശോയെ നന്ദി തന്‍ ബലിയായി എന്നുടെ ഹൃദയമേകിടാം, തന്ന നന്മകള്‍ ഓരോന്നായി എണ്ണിയോര്‍ത്തീടാം. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമേന്‍. പുത്രനായ യേശുവിന്റെ നാമത്തില്‍ യേശുവിലൂടെ പരിശുട്ധാത്മാവുമായുള്ള ഐക്യത്തില്‍ എല്ലാ മഹിമയും ആരാധനയും എന്നും എന്നേക്കും. ഈശോയെ ഇന്നത്തെ എന്റെ എല്ലാ ചിന്തകളും പ്രവര്‍ത്തികളും വാക്കുകളും അങ്ങേക്ക് സമര്പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധാത്മാവ് വഴി അവയെ അങ്ങയുടെ മഹ്ത്വത്തിനുതകുംവിധം ആക്കി തീര്‍ക്കണമേ. എനിക്ക് അങ്ങ് നല്‍കിയ തൊഴിലും സൌഹൃദവും തൊഴില്‍ ശാലയും അങ്ങയുടെ ദിവ്യപരിപാലനയില്‍ സമര്‍പ്പിക്കുന്നു. എന്റെ ഈ ജീവിതം സ്വര്‍ഗരാജ്യത്തിനു ഒരുങ്ങുവാനുള്ള അവസരമാണെന്ന് ഞാന്‍ മനസിലാക്കുന്നു. എങ്കിലും പലസാച്ചര്യങ്ങളിലും വാക്കിലും നോക്കിലും ഞാന്‍ പാപം ചെയ്തു പോകുന്നു. ഈശോയുടെ അതിദാരുണമായ പീഡാനുഭാവങ്ങളെ പ്രതി എന്റെമേല്‍ കനിയണമേ. ദൈവമേ, ഈ ക്രിസ്തുമസ്കാലം നല്ല ഒരുക്കം നടത്തി ഈശോയുടെ ജന്മദിനം ഉചിതമായി ആഘോഷിക്കുവാന്‍ എന്നെ സഹായിക്കണമേ. മദ്യപാനത്തില്‍ നിന്നും മറ്റു ദുശ്ശീലങ്ങളില്‍ നിന്നും എനിക്ക് മോചനമേകണമേ. എന്നെ അങ്ങയുടെ സ്വന്തായി മാറ്റണമേ. അങ്ങയെ സ്വന്തമായി സ്വീകരിച്ചു ജീവിച്ചു മാതൃക നല്‍കിയ പരിശുദ്ധ അമ്മയും വിശുദ്ധരും എന്നെ സഹായിക്കട്ടെ.. ആമേന്‍..

ഈ പ്രഭാതത്തില്‍

ഈ പ്രഭാതത്തില്‍, ആകാശവും ഭൂമിയും കടന്നുപോകാം എന്നാല്‍ എന്റെ വാക്കുകള്‍ ഒരിക്കലും കടന്നു പോകുകയില്ല എന്നരുള്‍ചെയ്ത ഈശോയെ, അങ്ങേക്ക് ഞാന്‍ ആരാധനയും സ്തുതിയും സമര്‍പ്പിക്കുന്നു. രാത്രിയിലെ നല്ല ഉറക്കത്തിനും ഈ പ്രഭാതത്തിനും ഈ നിമിഷം വരെയുള്ള സംരക്ഷണത്തിനും അങ്ങേക്ക് നന്ദി. കര്‍ത്താവേ ഞാന്‍ എന്തായിരിക്കുന്നുവോ അത് അങ്ങയുടെ വലിയ പദ്ധതിയുടെ ഭാഗമാണല്ലോ. ഞാന്‍ എന്നെത്തന്നെ അംഗീകരിക്കുവാനും മനസിലാക്കുവാനുമുള്ള കൃപ നല്കണമേ. കര്‍ത്താവേ എന്റെ ജീവിതംകൊണ്ടു ഞാന്‍ അങ്ങേക്ക് ഒരു പുതിയ കീര്‍ത്തനം ആലപിക്കട്ടെ. കര്‍ത്താവേ അങ്ങയുടെ വചനം സത്യവും അവിടുത്തെ പ്രവര്‍ത്തികള്‍ വിശ്വസനീയവുമാണ്. കര്‍ത്താവേ എന്നെ എന്റെ അമ്മയുടെ ഉദരത്തില്‍ ഉരുവാക്കുകയും എനിക്ക് രൂപം നല്‍കുകയും ചെയ്ത അങ്ങയുടെ മഹാസ്നേഹത്തിനു എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. എന്റെ സൃഷ്ടാവായ അങ്ങയില്‍ ആശ്രയിക്കാതെ ഞാന്‍ മനുഷ്യരില്‍ ആശ്രയിക്കുകയും നിരാഷനാവുകയും ചെയ്തിട്ടുണ്ട്. എന്നെ കുറിച്ച് വലിയ പദ്ധതികള്‍ ഒരുക്കി കാത്തിരിക്കുന്ന അങ്ങയെ പലപ്പോഴും ഞാന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ലോകത്തിന്റെ സുഖവും സന്തോഷവും സ്ഥാനവും പ്രശസ്തിയുമൊക്കെ ആഗ്രഹിച്ചു പോയിട്ടുണ്ട്. ഇവയൊന്നും ശാശ്വതമല്ല എന്നെനിക്കറിയാം. എങ്കിലും അറിയാതെ ഉണ്ടാകുന്ന ഈ പാപങ്ങളെ അതിജീവിക്കുവാന്‍ എനിക്ക് കൃപ നല്കണമേ. കര്‍ത്താവേ അങ്ങയുടെ തിരുഹിതം അനുസരിച്ച് ഞാന്‍ ജീവിക്കട്ടെ. ഈശോയെ അങ്ങയുടെ മഹത്വത്തിന്റെ സിംഹാസന സന്നിധിയില്‍ നിരന്തരം നില്‍ക്കുവാന്‍ അങ്ങ് തിരഞ്ഞെടുത്ത മാലാഖമാരും വിശുദ്ധരും എത്രയോ ഭാഗ്യവാന്മാരാണ്. പരിശുദ്ധ കുര്‍ബാനയില്‍ എന്നെ വലുതാക്കുവാന്‍ വളര്‍ത്തുവാന്‍ സ്വയം ചെറുതാകുന്ന ആ വലിയ സ്നേഹത്തിനു പകരം എന്താണ് ഞാന്‍ നല്‍കേണ്ടത്. പാപം നിറഞ്ഞ ഈ ജീവിതം അങ്ങയുടെ തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിച്ചു അങ്ങേക്ക് പ്രീതികരമായ ഒരു ബലിയായി സ്വീകരിക്കണമേ. ഈശോയെ ഉദരത്തില്‍ വഹിക്കുവാന്‍ ഭാഗ്യം ലഭിച്ച പരിശുദ്ധ അമ്മെ, ഈശോയെ എന്നും ഹൃദയത്തില്‍ വഹിക്കുവാനുള്ള കൃപ ഈശോയില്‍ നിന്നും എനിക്ക് വാങ്ങി തരണമേ. ഹാലേലൂയ ഹാലേലൂയ ഹാലേലൂയ