Wednesday, August 28, 2013
ഈ പ്രഭാതത്തില്‍
ഈ പ്രഭാതത്തില്‍, ആകാശവും ഭൂമിയും കടന്നുപോകാം എന്നാല്‍ എന്റെ വാക്കുകള്‍ ഒരിക്കലും കടന്നു പോകുകയില്ല എന്നരുള്‍ചെയ്ത ഈശോയെ, അങ്ങേക്ക് ഞാന്‍ ആരാധനയും സ്തുതിയും സമര്‍പ്പിക്കുന്നു. രാത്രിയിലെ നല്ല ഉറക്കത്തിനും ഈ പ്രഭാതത്തിനും ഈ നിമിഷം വരെയുള്ള സംരക്ഷണത്തിനും അങ്ങേക്ക് നന്ദി. കര്‍ത്താവേ ഞാന്‍ എന്തായിരിക്കുന്നുവോ അത് അങ്ങയുടെ വലിയ പദ്ധതിയുടെ ഭാഗമാണല്ലോ. ഞാന്‍ എന്നെത്തന്നെ അംഗീകരിക്കുവാനും മനസിലാക്കുവാനുമുള്ള കൃപ നല്കണമേ. കര്‍ത്താവേ എന്റെ ജീവിതംകൊണ്ടു ഞാന്‍ അങ്ങേക്ക് ഒരു പുതിയ കീര്‍ത്തനം ആലപിക്കട്ടെ. കര്‍ത്താവേ അങ്ങയുടെ വചനം സത്യവും അവിടുത്തെ പ്രവര്‍ത്തികള്‍ വിശ്വസനീയവുമാണ്. കര്‍ത്താവേ എന്നെ എന്റെ അമ്മയുടെ ഉദരത്തില്‍ ഉരുവാക്കുകയും എനിക്ക് രൂപം നല്‍കുകയും ചെയ്ത അങ്ങയുടെ മഹാസ്നേഹത്തിനു എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. എന്റെ സൃഷ്ടാവായ അങ്ങയില്‍ ആശ്രയിക്കാതെ ഞാന്‍ മനുഷ്യരില്‍ ആശ്രയിക്കുകയും നിരാഷനാവുകയും ചെയ്തിട്ടുണ്ട്. എന്നെ കുറിച്ച് വലിയ പദ്ധതികള്‍ ഒരുക്കി കാത്തിരിക്കുന്ന അങ്ങയെ പലപ്പോഴും ഞാന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ലോകത്തിന്റെ സുഖവും സന്തോഷവും സ്ഥാനവും പ്രശസ്തിയുമൊക്കെ ആഗ്രഹിച്ചു പോയിട്ടുണ്ട്. ഇവയൊന്നും ശാശ്വതമല്ല എന്നെനിക്കറിയാം. എങ്കിലും അറിയാതെ ഉണ്ടാകുന്ന ഈ പാപങ്ങളെ അതിജീവിക്കുവാന്‍ എനിക്ക് കൃപ നല്കണമേ. കര്‍ത്താവേ അങ്ങയുടെ തിരുഹിതം അനുസരിച്ച് ഞാന്‍ ജീവിക്കട്ടെ. ഈശോയെ അങ്ങയുടെ മഹത്വത്തിന്റെ സിംഹാസന സന്നിധിയില്‍ നിരന്തരം നില്‍ക്കുവാന്‍ അങ്ങ് തിരഞ്ഞെടുത്ത മാലാഖമാരും വിശുദ്ധരും എത്രയോ ഭാഗ്യവാന്മാരാണ്. പരിശുദ്ധ കുര്‍ബാനയില്‍ എന്നെ വലുതാക്കുവാന്‍ വളര്‍ത്തുവാന്‍ സ്വയം ചെറുതാകുന്ന ആ വലിയ സ്നേഹത്തിനു പകരം എന്താണ് ഞാന്‍ നല്‍കേണ്ടത്. പാപം നിറഞ്ഞ ഈ ജീവിതം അങ്ങയുടെ തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിച്ചു അങ്ങേക്ക് പ്രീതികരമായ ഒരു ബലിയായി സ്വീകരിക്കണമേ. ഈശോയെ ഉദരത്തില്‍ വഹിക്കുവാന്‍ ഭാഗ്യം ലഭിച്ച പരിശുദ്ധ അമ്മെ, ഈശോയെ എന്നും ഹൃദയത്തില്‍ വഹിക്കുവാനുള്ള കൃപ ഈശോയില്‍ നിന്നും എനിക്ക് വാങ്ങി തരണമേ. ഹാലേലൂയ ഹാലേലൂയ ഹാലേലൂയ
Labels:
പ്രാര്‍ത്ഥനകള്‍
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment