Showing posts with label നല്ല കാര്യങ്ങള്‍.. Show all posts
Showing posts with label നല്ല കാര്യങ്ങള്‍.. Show all posts

Friday, October 26, 2018

ക്രിസ്തുവിൽ പ്രിയ സഭാ വിശ്വാസികളെ...

കത്തോലിക്ക സഭക്കെതിരായി സഭാവിശ്വസികൾ എന്നവകാശപ്പെടുന്ന ഒരു കൂട്ടർ ഉളവാക്കുന്ന കിംവദന്തികൾ യഥാർത്ഥ വിശ്വാസികളെ അസ്വസ്ഥരാക്കുന്നുണ്ട്‌... സാമൂഹ്യ മാധ്യമങ്ങൾ വഴി ഗീബൽസൻ തന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് വിശ്വാസികളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ ഒന്ന് മനസിലാക്കുക...സഭയുടെ രണ്ടായിരം വർഷത്തെ ചരിത്രം വെളിപ്പെടുത്തുന്നത് ,അപകീർത്തികൾ സഭയെ തളർത്തിയിട്ടില്ല മറിച്ചു പൂർവ്വാധികം ശക്തിയോടെ , ക്രിസ്തുവിശ്വാസം ലോകം മുഴുവൻ ശക്തിപ്പെടുന്നു എന്നുള്ളതാണ്...
ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വിശ്വാസികൾ പോലും ഷെയർ ചെയ്യുന്ന ഒരു ചിത്രം , കത്തോലിക്കാ സഭയിലെ ഒരു പിതാവ് , ഏതോ ഒരു വീട്ടിൽ വിരുന്നിനു പോയപ്പോൾ എടുത്ത ഒരു ഫോട്ടോ ആണ് .ചെറുപ്പക്കാരായ കുറച്ചു വിശ്വാസികളുടെ സ്നേഹ കൂട്ടായ്മ ആണ് എന്ന് തോന്നുന്നു.എന്തായാലും മണിസൗധത്തിൽ വിരുന്നിനു പോയത് അല്ല എന്ന് ചിത്രം വ്യക്തമാക്കുന്നുണ്ട്. ...തീൻ മേശയിൽ പിതാവിന്റെ മുന്നിൽ ചിക്കൻ ഫ്രൈ ഉൾപ്പെടെ നിരവധി വിഭവങ്ങൾ കാണാം..യഥാർത്ഥത്തിൽ പിതാവിന്റെ പാത്രത്തിൽ ഒരപ്പവും ഒരിത്തിരി കൂട്ട് കറിയുമെ കാണുന്നുള്ളൂ .അത് പോലും അതിഥേയന്റെ സംതൃപ്തിക്കു വേണ്ടി ആയിരിക്കും..
എന്തായാലും പ്രസ്തുത ഫോട്ടോ പിതാവിനെ ചതിച്ചു..!! തീറ്റ പ്രിയനും ദാരിദ്ര്യ വ്രതത്തെ വെല്ലു വിളിക്കുന്നവരും ആണ് പുരോഹിതർ എന്ന തത്വത്തെ സമന്വയിപ്പിച്ചു് വിശ്വാസികളിൽ അന്തഃഛിദ്രം വളർത്തുകയാണ് പേരിൽ ക്രിസ്ത്യാനി ആയിരിക്കുന്ന ഇക്കൂട്ടർ..
...ഒന്ന് പറഞ്ഞു കൊള്ളട്ടെ..സഭയിലെ പുരോഹിതർ സ്വർഗത്തിൽ നിന്നും ഇറങ്ങി വന്നവരല്ല... നമ്മൾ ഓരോരുത്തരുടെയും കുടുംബങ്ങളിൽ നിന്നും ദൈവവിളി സ്വീകരിച്ചു വിവിധ സേവന മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നവർ ആണ്.
‎നമ്മുടെ മക്കൾ അച്ഛനാകാൻ പോകുന്നത് കൊണ്ട് ആഹാരം കഴിക്കരുത് എന്ന് നമ്മൾ മാതാ പിതാക്കൾ ആഗ്രഹിക്കുമോ...? അല്ലെങ്കിൽ ദാരിദ്ര്യ വ്രതം സ്വീകരിച്ചതിന്റെ പേരിൽ പോഷകാഹാരങ്ങൾ കഴിക്കാതെ കഞ്ഞി മാത്രം കുടിച്ചാൽ മതി എന്ന് നാം ആഗ്രഹിക്കുമോ..? അതുകൊണ്ടു , ദരിദ്ര്യവ്രതം എന്നത് കൊണ്ട് എന്താണ് സഭ അർത്ഥമാക്കുന്നത് എന്ന് കൂടി അറിയുക.. പൗരോഹിത്യ മിനിസ്ട്രിയിൽ പുരോഹിതർ ധാരാളം പ്രതിസന്ധികളിൽ ചെന്ന് പെട്ടേക്കാം..ISIS തീവ്രവാദികളാൽ തടവിലാക്കപ്പെട്ട പുരോഹിതന് ചിക്കനും മട്ടനും ആയിരുന്നില്ല ഭക്ഷണം..!! ആ പുരോഹിതൻ അനുഭവിച്ച വിശപ്പിനെ ദാരിദ്ര്യവ്രതം എന്ന് വിളിക്കാം.. ഉപവസിച്ചു പ്രാർത്ഥിക്കുന്ന ധാരാളം വൈദികർ നമുക്കുണ്ട്...അവരാരും നമ്മളോട് വന്നു വിവരം അറിയിച്ചിട്ടല്ല ഉപവസിക്കുന്നത്..പിന്നെ മാംസാഹാരം കഴിച്ചത് കൊണ്ട് ആരും ആഡംബരവിഭവങ്ങൾ കഴിക്കുന്നവരാകുന്നില്ല..ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെ മേലും ദൈവം മനുഷ്യന് ആധിപത്യം നൽകിയിട്ടുണ്ട്..നമ്മുടെ കർത്താവായ യേശുക്രിസ്തു ഭക്ഷിച്ചിരുന്നതും മൽസ്യ മാംസാദികൾ തന്നെ ആയിരുന്നു ..അതുകൊണ്ടു അച്ചന്മാർ ഭക്ഷണം കഴിച്ചതിന്റെ പേരിൽ ഇടുന്ന ഇത്തരം വില കെട്ട പോസ്റ്റുകൾ നമ്മൾ സഭാവിശ്വസികൾ തള്ളികളഞ്ഞേക്കുക...ഇതിന്റെ പിന്നിലെ ചതിക്കുഴി മുന്നേ കാണുക...
‎ അടുത്തതു , ബ്രഹ്മചര്യത്തെ കുറിച്ച് ഇക്കൂട്ടർ ഇടുന്ന പോസ്റ്റുകൾ വിലയിരുത്തുന്നതിനു മുൻപ് ചിന്തിക്കുക...നാളെ പുരോഹിതനായി കർമം ചെയ്യുന്നത് നമ്മിൽ ഒരാൾ തന്നെ ആണ്...നമ്മുടെ മകനോ , സഹോദരനോ , അല്ലെങ്കിൽ സുഹൃത്തോ ഒക്കെ ആണ് പതിമൂന്നു കൊല്ലത്തോളം വൈദികപഠനം കഴിഞ്ഞു പുരോഹിതനായി പട്ടം സ്വീകരിക്കപ്പെടുന്നത്.. നമ്മുടെ ഇടവകയിൽ സേവനത്തിനായി എത്തുന്ന പുരോഹിതരോട് നന്മയിൽ നിലനിൽകേണ്ടുന്നത് നമ്മൾ തന്നെ ആണ്...ദ്വയാർത്ഥപ്രയോഗങ്ങളിൽ പുരോഹിതരോട് സംസാരിച്ചു അവരെ വഴിതെറ്റിക്കുന്നവരും , പേരിൽ ക്രിസ്ത്യാനികൾ ആയിരിക്കുന്ന ഇക്കൂട്ടർ തന്നെ... ഇടവക വൈദികരോട് അമിതമായ സൗഹൃദ നിയന്ത്രണം സ്ത്രീ ജനങ്ങൾ പാലിക്കേണ്ടതുണ്ട് . അവരെ പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണം , സ്പർശനം , ദ്വയാർത്ഥ പ്രയോഗങ്ങൾ എന്നിവയിൽ നിന്നും യഥാർത്ഥ വിശ്വാസികൾ വ്യതിചലിക്കണം ."ദൈവത്തെ ഭയപ്പെടുകയും. അവിടുത്തെ വഴികളിൽ ചരിക്കയും ചെയ്യുന്നവൻ ഭാഗ്യവാൻ "
‎ക്രിസ്തു ലോകരക്ഷകൻ ആണ് എന്ന് നാം ഉറച്ചു വിശ്വസിക്കുമ്പോൾ ക്രിസ്തുവിന്റെ പ്രതി പുരുഷന്മാരായ പുരോഹിതരെ ദൈവികതയോടെ കാണണം .അവർക്കുവേണ്ടിപ്രാർത്ഥിക്കണം .അവരെ കുറ്റം പറയുമ്പോൾ നാം സ്വയം ചിന്തിക്കണം , ഞാൻ കുറ്റമറ്റവനാണോ എന്ന്...മറ്റുള്ളവരെ വിധിക്കായ്ക കൊണ്ട് , നാം സ്വയം വിധിക്കപ്പെടാതെ ഇരിക്കട്ടെ.."കർത്താവു തന്റെ അടുക്കലേക്കു തിരിയുന്നവരോട് കാണിക്കുന്ന കരുണ്യവും ക്ഷമയും എത്ര വലുതാണ് "
‎പിന്നെ , ഇടവകയുടെ സാമ്പത്തിക കാര്യങ്ങൾ പറയുമ്പോൾ , വൈദികൻ നമ്മോടു വ്യക്തിപരമായി ഒരു സാമ്പത്തിക സഹായത്തിനും അഭ്യര്ഥിക്കാറില്ല.
‎നമുക്കു കഴിയുമെങ്കിൽ മാത്രം സാമ്പത്തികസഹായം ചെയ്താൽ മതി . ധനകാര്യ കമ്മിറ്റിയുടെ നിയന്ത്രണത്തിൽ ആണല്ലോ ഇടവകയിലെ ഓരോ വികസനപ്രവൃത്തികളും നടക്കുന്നത് . സീസറിന് ഉള്ളത് സീസറിനും ദൈവത്തിനു ഉള്ളത് ദൈവത്തിനും കൊടുക്കുക . അവിടെ നിർബന്ധം ഇല്ല , മനോഭാവം മാത്രമേ ഉള്ളൂ..
‎തെറ്റ് ചെയ്യുന്നവർ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചുള്ള ശിക്ഷയും അനുഭവിക്കുന്നുണ്ട്..
തടവറ സന്ദർശനം സഭയുടെ പുണ്യ പ്രവർത്തികളിൽ ഒന്നാണ്... അവിടെ വ്യക്തിയുടെ കുറ്റകൃത്യത്തിന്റെ അളവോ , സ്വഭാവമോ നോക്കാറില്ല...സഭയുടെ പരമ്പരാഗത പുണ്യങ്ങൾ ആയ തടവറ സന്ദർശനം , കുഷ്ഠ രോഗി പരിപാലനം , വൃദ്ധസദന സന്ദർശനം ..ഇതൊക്കെ നമ്മൾ വിശ്വാസികൾ മറന്നുപോകുമ്പോഴും , നമ്മുടെ കന്യാസ്ത്രീകളും അച്ചന്മാരും പ്രസ്തുത സേവനം അഭംഗുരം മുന്നോട്ടു കൊണ്ടു പോകുന്നത് കൊണ്ട് ആണ് കർത്താവു ഇന്നും ജീവിക്കുന്നവനായി നമ്മുക്ക് അനുഭവപ്പെടുന്നത്...

Saturday, September 21, 2013

വെളിച്ചം അണഞ്ഞിട്ടില്ല ജെറിൻ തിരി കൊളുത്തിയിട്ടുണ്ട്

വെളിച്ചം അണഞ്ഞിട്ടില്ല ജെറിൻ തിരി കൊളുത്തിയിട്ടുണ്ട്
Written by  സാബു ജോസ് എറണാകുളം     



എറണാകുളം: കാഴ്ച നഷ്ടപ്പെട്ടിട്ടും കർത്താവിന്റെ കരങ്ങളിൽ പിടിച്ചുകൊണ്ട്, സന്തോഷകരമായ മാതൃകാജീവിതം നയിക്കുകയാണ് 25 വയസുകാരനായ ജെറിൻ ജോസ്. വ്യവസായ നഗരമായ കൊച്ചിയിലെ എം.ജി.റോഡിൽ ബസിറങ്ങി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ടാം നിലയിലേക്ക് പടി കയറുന്ന ഈ സുമുഖനായ യുവാവിനെ കണ്ടാൽ ആർക്കും ഒരു കുറവും തോന്നുകയില്ല. സൂക്ഷിച്ച് നോക്കിയാൽ കൈയിൽ വൈറ്റ് കെയിൻ (ചെറിയ ഊന്നുവടി) കാണാം. അതാണ് അസിസ്റ്റന്റ് മാനേജരുടെ ഇപ്പോഴത്തെ വഴിയോര സഹായി.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഐരൂർ, സെന്റ് ആന്റണിസ് ഇടവകയിലെ കീഴേത്താൻ ജോസ്-റോസി ദമ്പതികളുടെ മൂത്തമകനാണ് ഇദ്ദേഹം. ആറു വർഷം മുമ്പുവരെ ഏതൊരു യുവാവിനെയുംപോലെ പ്രകൃതിയിലെ എല്ലാ ദൃശ്യങ്ങളും കൺ കുളിർക്കെ കണ്ടാസ്വദിച്ചാണ്  ജെറിൻ നടന്നത്.

പ്ലസ്ടു കഴിഞ്ഞ് ഈറോഡ് ജെ.കെ.കെ. നടരാജ കോളജ് ഓഫ് ഫാർമസിയിൽ ഫാർമസിസ്റ്റാകാൻ പഠിക്കുമ്പോഴാണ് ഈ ലോകദൃശ്യങ്ങൾ അദ്ദേഹത്തിൽനിന്ന് പതുക്കെ മറയ്ക്കപ്പെട്ടത്. അഞ്ചാം ക്ലാസുമുതൽ കണ്ണട ധരിച്ചിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോൾ കൊച്ചിയിലെ പ്രശസ്തമായ ഒരു കണ്ണാശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ ഡോക്ടർ, അടുത്ത് വിളിച്ചിരുത്തി പറഞ്ഞു. റെറ്റിനെറ്റിസ് പിഗ്മെസ്‌കോൻ- ആർ.പി. എന്ന ഓമനപ്പേരിലുള്ള ഈ രോഗം അത്യപൂർവ അവസ്ഥയാണെന്ന്. കാര്യമായ ചികിത്സയില്ല. റെറ്റിനായുടെ പ്രവർത്തനശേഷി ക്രമേണ നഷ്ടപ്പെടുന്നതാണ് രോഗം. നേത്രനാഡിയുടെ ഞരമ്പിലെ കോശങ്ങൾ നിർജീവമാകുന്നതനുസരിച്ച് കാഴ്ച കുറയും. ഒരുപക്ഷേ, പൂർണമായും നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഒറ്റയ്ക്കാണ് ഡോക്ടറെ കാണാൻ പോയത്. മടങ്ങിയെത്തിയപ്പോൾ വീട്ടുകാർ വിവരം തിരക്കിയെങ്കിലും സാരമില്ലെന്ന് പറഞ്ഞ് വീട്ടുകാരെ ആശ്വസിപ്പിക്കുകയായിരുന്നു.

പള്ളിയിൽനിന്ന് അഞ്ഞൂറ് മീറ്ററിനടുത്താണ് വീട്. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ ഏറെ താൽപര്യം പുലർത്തിയിരുന്ന കുടുംബം. കെ.സി.എസ്.എൽ, സി.എൽ.സി, കെ.സി.വൈ.എം തുടങ്ങിയ ഭക്തസംഘടനകളിൽ പ്രവർത്തിച്ചിരുന്നു. കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് മറച്ചുവച്ചതിനാൽ, വീട്ടുകാർ മൂന്നു ലക്ഷത്തോളം രൂപ വിദ്യാഭ്യാസലോൺ എടുത്താണ് ഈറോഡിൽ പഠിക്കുവാൻ അയച്ചത്. രണ്ടാം വർഷം ഒരു ദിവസം റെക്കോർഡ് ബുക്ക് എഴുതുവാൻ ഇരുന്നപ്പോഴാണ് ആദ്യമായി കാഴ്ച മറക്കപ്പെട്ടതെന്ന് ജറിൻ ഓർക്കുന്നു.  മുന്നിൽ വെളുപ്പും കറുപ്പും മാത്രം. ഡോക്ടറുടെ വാക്കുകൾ പൂർത്തിയാകുകയാണെന്ന സത്യം ജെറിൻ തിരിച്ചറിഞ്ഞു. വർഷങ്ങളായി കണ്ണടയുടെ പവർ ഗ്ലാസ് മാറ്റികൊടുക്കുകയാണ് ഡോക്ടർമാർ ചെയ്തിരുന്നത്. ഇനി കണ്ണടകൊണ്ട് കാര്യമില്ല. ജീവിതം വഴിമുട്ടിയിരിക്കുന്നു.

റിക്കോർഡ് എഴുതാൻ കഴിയാതെ വന്നപ്പോൾ സഹപാഠികളിൽ പലരും കരുതി, ജെറിൻ മടക്കയാത്രയ്ക്ക് തയാറെടുക്കുമെന്ന്. എന്നാൽ വീട്ടുകാർക്ക് ഞെട്ടലും വിഷമവും ഉണ്ടാകാതിരിക്കാൻ ജെറിൻ തന്നെ വിളിച്ചു പറഞ്ഞു, ''എനിക്കിപ്പോൾ എഴുതുവാനും വായിക്കുവാനും കഴിയുന്നില്ല. എന്നാലും കുഴപ്പമില്ല, കർത്താവ് കൂട്ടുകാരെക്കൊണ്ട് എല്ലാം ചെയ്യിക്കുന്നു. ഇപ്പോൾ കൂടുതൽ സ്‌നേഹവും സംരക്ഷണവും തിരിച്ചറിയുന്നു. ഇപ്പോൾ പഠിക്കുവാൻ കുറച്ചുകൂടി എളുപ്പമായി.''

പഠനം വേണ്ടതുപോലെ നടത്തുവാൻ കഴിയാതെ വന്നതിനാൽ, രണ്ടാം വർഷം മൂന്ന് പേപ്പറുകൾക്ക് വിജയിക്കാൻ കഴിഞ്ഞില്ല. അതിനാൽ അതിൽ വിജയിക്കാതെ കോളജിൽ തുടർന്ന് പഠിക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന കാര്യം അധികൃതർ അറിയിച്ചു. കാഴ്ച മങ്ങിയപ്പോൾ തന്നെ കോളജ് അധികാരികളും ചില അധ്യാപകരും മടങ്ങിപ്പോകാനാണ് ഉപദേശിച്ചത്. ''വിജയിക്കാൻ കാഴ്ചയുള്ളവർക്കുപോലും എളുപ്പമല്ല. ഇനി നല്ല മാർക്ക് നേടി വിജയിച്ചാലും ജോലി കിട്ടുകയില്ലല്ലോ.'' കോഴ്‌സിൽ തുടർന്ന് പഠിക്കാൻ കഴിയാതെ, വീട്ടിൽ വന്ന് നിന്നപ്പോൾ കേട്ട വാക്കുകൾ, ഹൃദയത്തിൽ പതിയുന്ന കൂരമ്പ് കണ്ണീരോടെ മാത്രം കേൾക്കാൻ കഴിയുന്നതുമായിരുന്നു. ''പ്രാർത്ഥന, ജീസസ് യൂത്ത്... എന്നിട്ട് എവിടെ നിന്റെ കർത്താവ്? കാഴ്ചയും പോയി, പഠിക്കാനുള്ള അവസരവും നഷ്ടപ്പെട്ടു. ഇനിയെങ്കിലും ശുശ്രൂഷകൾ നിറുത്തിക്കൂടെ...?'' ഉത്തരം പറയാതെ ''കർത്താവേ, കൃപ ചൊരിയണമേ'' എന്നുമാത്രം മുട്ടിപ്പായി പ്രാർത്ഥിച്ചു.
ആർക്കും വിശദീകരിക്കാൻ കഴിയാത്ത ഒരത്ഭുതം അക്കാലത്ത് ഉണ്ടായി. തമിഴ്‌നാട് ഡോ. എം.ജി.ആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി, ഒരത്യപൂർവ തീരുമാനം എടുത്തു. മുഴുവൻ പേപ്പറുകൾക്ക് വിജയിക്കാത്തവർക്കും തുടർന്ന് കോളജിൽ ഇരുന്ന് പഠിക്കാൻ അവസരം നൽകുമെന്നായിരുന്നു യൂണിവേഴ്‌സിറ്റി നിർദേശം. ജെറിൻ വീണ്ടും ഈറോഡ് കോളജിൽ ചേർന്ന് പഠനം തുടർന്നു. എന്നാൽ ഒന്നരമാസം കഴിഞ്ഞപ്പോൾ, ആ ഉത്തരവ് പിൻവലിച്ചുകൊണ്ട് ഓർഡർ ഇറക്കി. എന്നാൽ പുനർപ്രവേശനം നേടിയ ജെറിന് തുടർന്ന് പഠിക്കാൻ തടസമില്ലായിരുന്നു. ഇത് ജെറിനുവേണ്ടി കർത്താവ് നൽകിയ ഉത്തരവെന്ന് പറയുവാനാണ് സുഹൃത്തുക്കൾക്ക് താൽപര്യം. കളിയാക്കിയവർ മാനസാന്തരപ്പെട്ടു. പലരും ദൈവവിശ്വാസത്തിൽ ആഴപ്പെടാനാണ് ആ സംഭവം ഇടയാക്കിയത്. പിന്നീടൊരിക്കൽ വൈസ് ചാൻസലറെ പോയി നേരിൽക്കണ്ട് ജെറിൻ തന്റെ ദുരവസ്ഥ വിശദീകരിച്ചു. വിദഗ്ധ പരിശോധനാ റിപ്പോർട്ടും കോളജ് അധികൃതരുടെ ശുപാർശയും പരിഗണിച്ച് വി.സി. ഒരു പഠനസഹായിയെ നിയമിച്ച് ഉത്തരവിറക്കി. അന്യനാട്, തപ്പിത്തടഞ്ഞുള്ള ജീവിതം... എന്നിട്ടും 65 ശതമാനം മാർക്ക് വാങ്ങി കോഴ്‌സിൽ വിജയിച്ചു. കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള രജിസ്‌ട്രേഡ് ഫാർമസിസ്റ്റാണ് ജെറിൻ ഇപ്പോൾ.

''ലൈസൻസ് മാത്രം മതി, വെറുതെയിരുന്ന് വിശ്രമിക്കുക, ശമ്പളം വീട്ടിൽ എത്തിക്കാം..'' ഇങ്ങനെ പല വിധ വാഗ്ദാനങ്ങളുമായി പലരും വന്നു. എന്നാൽ തനിക്ക് ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായി ചെയ്യാനാവില്ലെന്ന് പറഞ്ഞ് ജെറിൻ ഒഴിഞ്ഞുമാറുകായിരുന്നു. മരുന്ന് കുറിപ്പടികൾ തനിക്ക് വായിക്കാനാവില്ല. സഹായിയെ വച്ചാലും ഉറപ്പില്ല. 'മനുഷ്യജീവന്റെ കാര്യമല്ലേ, മരുന്ന് മാറിയാൽ മരണംപോലും സംഭവിക്കാം.' ഒരക്ഷരം മാറി വായിച്ചാൽ മരുന്ന് മാറും. ഫാർമസിസ്റ്റ്, മെഡിക്കൽ ഷോപ്പിൽ എപ്പോഴും വേണം. രസീതിൽ ഒപ്പിടണം. ഇതൊന്നും പാലിക്കാതെ കടകൾ നടത്തുന്നത് നീതിരഹിതമാണ്. സുഖമായി ശമ്പളം വാങ്ങി, വീട്ടിലിരിക്കുന്നത് അതിനേക്കാൾ വലിയ നീതികേടാണ്. ദൈവമഹത്വത്തിനായിട്ടാണ് ഞാൻ ഫാർമസി പഠനം പൂർത്തീകരിച്ചത്. അത് അനേകർക്ക് കർത്താവിനെ കൂടുതൽ അറിയുവാനുള്ള അവസരവുമായിരുന്നു. ഉറച്ച വിശ്വാസവും ദൃഢനിശ്ചയവും ഏത് പ്രതിസന്ധിയിൽ നിന്നും മനുഷ്യനെ കരകയറ്റുമെന്നുള്ള  പാഠം അനേകർക്ക് നൽകുകയായിരുന്നു ജറിൻ.

തന്റെ യഥാർത്ഥ ശാരീരിക മാനസികാവസ്ഥ മനസിലാക്കി, മറ്റൊരു ജോലിമേഖലയ്ക്ക് അവൻ പരിശ്രമം തുടങ്ങി. ആർ.സി.ജി.എസ്.ആർ.വി.സി വഴി ഇൻഫോ പാർക്കിൽ പഠനം നടത്തി. തുടർന്ന് ബാംഗ്ലൂരിൽ വിപ്‌റോയിൽ എച്ച്.ആർ വിഭാഗത്തിൽ ജോലി ലഭിച്ചു. പിന്നീട് 2012 ലെ ബാങ്ക് ടെസ്റ്റ് എഴുതി. 2013 ഏപ്രിൽ മുതൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി. രണ്ടാം നിലയിലുള്ള ഓഫിസിൽ എത്തുവാൻ രാവിലെ ബസിൽ കയറും. താമസം നഗരത്തിലെ 'മാമാംഗലം' എന്ന സ്ഥലത്തെ വാടകവീട്ടിൽ. മാന്യമായ ജോലി, സ്ഥിരമായ വരുമാനം. അടുത്ത സുഹൃത്തുക്കൾ പലരും വിവാഹാലോചനകൾ കൊണ്ടുവരുന്നു. ജീവിതപങ്കാളി ശുശ്രൂഷാജീവിതം ആഗ്രഹിക്കുന്ന വ്യക്തിയായിരിക്കണമെന്നതാണ് ഒരേഒരു വ്യവസ്ഥ. കാഴ്ച കുറഞ്ഞു വരുന്ന അനുജൻ, മാതാപിതാക്കൾ എന്നിവരെയെല്ലാം സ്‌നേഹിക്കാനും സംരക്ഷിക്കാനും കഴിയണം. കുറച്ചു കഴിയട്ടെ. എന്നെപ്പോലെ കാഴ്ച ഇടക്കാലത്ത് നഷ്ടപ്പെട്ടവരടക്കം അന്ധസഹോദരങ്ങൾക്കായി പല പദ്ധതികളും ചെയ്യണം. അതു കഴിഞ്ഞുവേണം കുടുംബജീവിതം. ജെറിൻ സൂചിപ്പിച്ചു. ഭാരതീയർ യൂണിവേഴ്‌സിറ്റിയിൽ എം.ബി.എ.യ്ക്ക് രണ്ടാം വർഷം ചേർന്നിട്ടുമുണ്ട്. ജെറിന്റെ ലക്ഷ്യങ്ങൾക്കും പദ്ധതികൾക്കും പരിധിയില്ല.

രണ്ടുവർഷംകൊണ്ട് ബൈബിളും യുകാറ്റും പലരും പഠിക്കുന്നതറിഞ്ഞപ്പോൾ തന്നെപ്പോലുള്ളവർ എന്തു ചെയ്യുമെന്നായി ചിന്ത. ബൈബിളും യുകാറ്റും പ്രാർത്ഥനകളും കാഴ്ച നശിച്ചവർക്കായി തയാറാക്കാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചു. ഇംഗ്ലീഷിൽ എന്തെങ്കിലും ടൈപ്പ് ചെയ്ത് അയച്ചാൽ അത് ജെറിന് വായിക്കുവാൻ കഴിയില്ല. എന്നാൽ അത് കമ്പ്യൂട്ടറിലോ മൊബൈലിലോ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച്  മലയാളത്തിൽ വായിച്ച് കേൾപ്പിക്കുവാനുള്ള ഒരു സംവിധാനം അദ്ദേഹം ചെയ്തിട്ടുണ്ട്. ഈ സോഫ്റ്റ് വെയർ ഇദ്ദേഹത്തിന്റെ കമ്പ്യൂട്ടറിലും മൊബൈലിലും ഉണ്ട്.

സമാന സംവിധാനത്തോടെ മലയാളത്തിൽ പി.ഒ.സി ബൈബിൾ, യുകാറ്റ്, പ്രാർത്ഥനകൾ എന്നിവ ഡിജിറ്റൽ ആക്‌സബിൾ ഇൻഫോർമേഷൻ സിസ്റ്റത്തിൽ തയാറാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. 'വിശ്വാസവർഷത്തിൽ കാഴ്ചയില്ലാത്തവർക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആത്മാവ് മന്ത്രിക്കുന്നു. കാഴ്ചയില്ലാത്തവർക്ക് പ്രാർത്ഥനകൾ ചൊല്ലാനും, നല്ല ലേഖനങ്ങൾ വായിച്ചറിയുവാനും അവസരം നൽകണം'' ജെറിന്റെ തീക്ഷ്ണത നിറഞ്ഞ ആഗ്രഹം.

കെ.സി.ബി.സി ബൈബിൾ കമ്മീഷൻ, സൊസൈറ്റി നേതൃത്വവുമായി പി.ഒ.സിയിൽ പോയി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിക്കഴിഞ്ഞു. 'എത്ര സമയമെടുത്താലും തുക ചെലവായാലും മലയാളത്തിൽ ബൈബിൾ വായിക്കുവാൻ അവസരം നൽകണം. പ്രാർത്ഥനയും അനേകരുടെ പിന്തുണയും ആവശ്യമാണ്. തിരുവചനങ്ങൾ ഓഡിയോ ആക്കി, എഡിറ്റ് ചെയ്ത് ഒ.ബി.ഐ ട്രാക്കിലേക്ക് മാറ്റണം. പ്രാർത്ഥനാനുഭവമുള്ള സൗണ്ട് എഡിറ്റേഴ്‌സിന്റെ സഹകരണം ആവശ്യമാണ്. ബൈബിൾ ഓഡിയോ തയാറാക്കിയവർ അത് ഉപയോഗിക്കുവാൻ അനുവദിച്ചാൽ എളുപ്പമായി.'' ജറിന്റെ വാക്കുകൾക്ക് ഉൾക്കാഴ്ചയുടെ കരുത്ത്...

അനുജൻ റെജിന്റെയും കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കൊടകര സഹൃദയ കോളജിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസിന് ഒന്നാംവർഷ കോഴ്‌സിൽ ഇദ്ദേഹം പഠിക്കുന്നു. കാഴ്ച നഷ്ടപ്പെട്ടവരുടെ പാതയിലൂടെ ചരിക്കുന്ന ഈ സഹോദരങ്ങൾ വിശ്വാസജീവിതത്തിൽ ഏറെ മുന്നിലാണ്.
ഫോണിൽ വിളിച്ചാൽ ജെറിനുമായി സംസാരിക്കാം, ആശയങ്ങൾ പങ്കുവയ്ക്കാം, പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കാം. 9539510031.

കടപ്പാട്.. സണ്ടേ ശാലോം...

Monday, September 2, 2013

അന്ന് അമ്മ അങ്ങനെയൊരു തീരുമാനമെടുത്തില്ലായിരുന്നുവെങ്കിൽ



അന്ന് അമ്മ അങ്ങനെയൊരു തീരുമാനമെടുത്തില്ലായിരുന്നുവെങ്കിൽ... Written by  ബിജു സെബാസ്റ്റ്യൻ    

അതെ, റോസ സിൽവ എന്ന അമ്മ അന്ന് അങ്ങനെയൊരു തീരുമാനമെടുത്തില്ലായിരുന്നുവെങ്കിൽ ഇന്ന്  പൗലോയും  ഫിലിപ്പിയും ദൈവത്തിന്റെ അഭിഷിക്തരായി ശുശ്രൂഷ ചെയ്യുവാൻ ഈ ഭൂമിയിലുണ്ടാവുമായിരുന്നില്ല. സഹനങ്ങളും ദുരിതങ്ങളും ഏറ്റെടുക്കാൻ ഒരമ്മ മനസായപ്പോൾ അതിന് മീതെ ദൈവം ആശീർവദിച്ച കഥയാണ് ഇരട്ടസഹോദരങ്ങളും വൈദികരുമായ പൗലോയുടെയും ഫിലിപ്പിയുടേതും.

ചിലിയിലാണ് സംഭവം.  ഗർഭിണിയായ റോസയുടെ സ്‌കാനിങ്ങ് റിപ്പോർട്ട് പരിശോധിച്ചപ്പോൾ അതിശയകരമായ കാഴ്ചയാണ് ഡോക്‌ടേഴ്‌സ് കണ്ടത്. കുഞ്ഞിന് മൂന്ന് കൈകൾ.. രണ്ട് ശിരസ്..കാലുകൾ കെട്ടുപിണഞ്ഞ അവസ്ഥയിൽ...

ചികിത്സയുമായി ബന്ധപ്പെട്ട് അബോർഷൻ ചിലിയിൽ അനുവദനീയമായിരുന്നതിനാൽ ഡോക്‌ടേഴ്‌സ് ആ വഴി സ്വീകരിക്കാനാണ് ഉപദേശിച്ചത്. റോസയുടെ ജീവന് തന്നെ ഭീഷണിയായതിനാൽ അത് അത്യാവശ്യമാണെന്നും അവർ ശഠിച്ചു.

പക്ഷേ റോസയ്ക്ക് അതിന് സമ്മതമുണ്ടായിരുന്നില്ല. ദൈവം അയക്കുന്ന എന്തിനെയും താൻ സ്വീകരിച്ചുകൊള്ളാമെന്ന് അവൾ മെഡിക്കൽ സംഘത്തോട് പറഞ്ഞു. പിന്നെ അവളെ നിർബന്ധിക്കാൻ അവർക്കായില്ല. അങ്ങനെ ആ ദിവസമെത്തി. 1984 സെപ്റ്റംബർ 10. റോസ പ്രസവിച്ചു. ഫിലിപ്പിയെ.

എന്നാൽ പ്ലസന്റ വേർപെട്ടിരുന്നില്ല. ഗർഭപാത്രം തുന്നിക്കെട്ടാൻ ഡോക്ടർമാർ തയ്യാറായപ്പോൾ റോസ അതിനും തടസം പറഞ്ഞു. ഒരു കുഞ്ഞ് കൂടി  പിറന്നുവീഴാനുണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു. അതുകൊണ്ട് അല്പം കാത്തിരിക്കണം. റോസ പറഞ്ഞു. പതിനേഴ് മിനിറ്റുകൾക്ക് ശേഷം റോസ  പൗലോയ്ക്ക് ജന്മം നല്കി.

''എന്റെ ജനനത്തിന്റെ അവസാനനിമിഷങ്ങൾ വളരെ നിർണായകമായിരുന്നു. പ്ലസന്റ പുറത്തേയ്ക്ക് വരാത്തതിനാൽ അത് പുറത്തേക്ക് വരാനായി ചില ഉപകരണങ്ങൾ കൊണ്ട് അത് നീക്കം ചെയ്യാൻ ഡോക്ടർമാർ ശ്രമിച്ചപ്പോൾ അമ്മ തടസം പറഞ്ഞു. ഞാൻ കൂടി ജനിക്കാനുണ്ടെന്ന് അമ്മയ്ക്കറിയാമായിരുന്നു..'' ഫാ. പൗലോ പറഞ്ഞു.

''ഞങ്ങൾ എപ്പോഴും അമ്മയുടെ ധീരതയെയും സന്മനസിനെയും കുറിച്ചോർക്കും. അതാണ് ഞങ്ങൾ ജനിച്ചുവീഴാൻ കാരണം. ഞങ്ങൾ അമ്മയോട് എന്നും കടപ്പെട്ടിരിക്കുന്നു..''
2003 മാർച്ചിലാണ് ഇരുവരും സെമിനാരിയിൽ പ്രവേശിക്കുന്നത്. എങ്കിലും തങ്ങളിൽ ആർക്കാണ് ആദ്യം ദൈവവിളിയുണ്ടായതെന്ന് എന്നതിനെക്കുറിച്ച് ഇവർക്ക് ഓർമ്മയില്ല.'' ഒരു പുരോഹിതനായിരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു.'' ഫാ. ഫിലിപ്പി പറഞ്ഞു.

കത്തോലിക്കാവിശ്വാസത്തിലാണ്  വളർന്നുവന്നതെങ്കിലും ജീവിതത്തിലെ ഒരു ഘട്ടത്തിൽ  വിശ്വാസത്തിൽ അകന്നുജീവിക്കുന്ന സാഹചര്യവും അവരുടെ ജീവിതത്തിൽ സംഭവിച്ചു. അങ്ങനെ പള്ളിയിൽ പോക്കും കൂദാശാസ്വീകരണവും നിലച്ചു. പിന്നീട് മാതാപിതാക്കളുടെ വേർപിരിയലിനെ തുടർന്ന് അവർ സഭാത്മകജീവിതത്തിലേക്ക് തിരികെ വരുകയായിരുന്നു.ഫിലിപ്പിയുടെ ദൈവവിളിയിൽ  ഫാ. റെയ്‌നാൾഡോ സോറിയോയ്ക്ക് നിർണ്ണായക പങ്കുണ്ട്.  അദ്ദേഹം പിന്നീട് ഫിലിപ്പിയുടെ സെമിനാരിയിലെ ഫോർമേഷൻ ഡയറക്ടറായി. ഇവരുടെ സെമിനാരിപ്രവേശനം കുടുംബത്തിൽ ആദ്യം എതിർപ്പാണ് ഉണ്ടാക്കിയത്. ഇരുവരും സെമിനാരിയിൽ ചേർന്നതിന് ശേഷമുള്ള ഒരുവർഷം മനസിൽ വളരെ ശാന്തതയും സമാധാനവും തനിക്ക് അനുഭവിക്കാൻ കഴിഞ്ഞുവെന്ന് അമ്മ പറഞ്ഞു. അത് തങ്ങളുടെ ദൈവവിളിയുടെ സ്ഥിരത ഉറപ്പാക്കാൻ അവരെ സഹായിക്കുകയും ചെയ്തു.

 ഇരുവരും സെമിനാരിയിൽ ആറുവർഷം പൂർത്തിയാക്കിയതിന് ശേഷമാണ് തങ്ങളുടെ ജനനകഥ അമ്മയിൽ നിന്ന് അവർ ആദ്യമായി അറിയുന്നത്. 2012 ഏപ്രിൽ 28 ന് ഇരുവരും അഭിഷിക്തരായി. ''ദൈവവിളി മനോഹരമാണ്. അത് പരിപൂർണമായ സന്തോഷം തങ്ങൾക്ക് നല്കുന്നു..'' ഫാ.ഫിലിപ്പി പറഞ്ഞു.

കടപ്പാട്  സണ്ടേ ശാലോം

Saturday, August 31, 2013

നന്മ



'ദൈവവിളി' പോലെ സിസ്റ്റര്‍ മെര്‍ലിയെത്തി; ഷാരോണിന്റെ അമ്മയ്ക്ക് വൃക്ക നല്‍കാന്‍എ.ഡി. ഷാജു തൃശ്ശൂര്‍ : ആസ്പത്രിയിലെ ഡയാലിസിസ് മുറിയില്‍ ഷാജിയെ പരിചരിക്കുന്നതിനിടയിലാണ് സിസ്റ്റര്‍ മെര്‍ലി മാത്യുവിന് ദൈവവിളിയുണ്ടാവുന്നത്. ഷാരോണിന് അമ്മവേണം. അതിനായി ജീവന്റെ ഒരു ഭാഗം ദൈവത്തെ സാക്ഷിയാക്കി താന്‍ നല്‍കും. കന്യാസ്ത്രീമഠത്തില്‍നിന്നു നീളുന്ന കരുണയുടെ കരങ്ങള്‍ പതിനൊന്നുകാരന്‍ ഷാരോണിന്റെ അമ്മയുടെ ജീവന് കാവലാകുന്നതങ്ങനെയാണ്. അച്ഛനില്ലാത്ത കുട്ടിക്ക് അമ്മകൂടി നഷ്ടപ്പെടരുതെന്ന് മനസ്സിലുറച്ചാണ് സിസ്റ്റര്‍ മെര്‍ലി മാത്യു ഷാജിക്ക് സ്വന്തം വൃക്ക നല്‍കാന്‍ ഒരുങ്ങുന്നത്. പക്ഷേ, ശസ്ത്രക്രിയയ്ക്കുവേണ്ട പതിനഞ്ച് ലക്ഷം രൂപ കൂടി സംഘടിപ്പിക്കാനായാലേ ഷാരോണിന് അമ്മയെ തിരിച്ചുകിട്ടൂ. ഷാരോണിന് ഒരുവയസ്സുള്ളപ്പോഴാണ് അച്ഛന്‍ പാവറട്ടി, കണ്ണനായ്ക്കല്‍ രാജു മരിച്ചത്. ആയുര്‍വ്വേദ ആസ്പത്രിയിലെ ജോലിയില്‍നിന്നു കിട്ടുന്ന ചെറിയ വരുമാനംകൊണ്ട് അമ്മ ഷാജി (39) ജീവിതം മുന്നോട്ടുകൊണ്ടുപോയി. ആറ് വര്‍ഷംമുമ്പ് ഷാജിക്കു വൃക്കരോഗം പിടിപെട്ടു. ഇരുവൃക്കകളും തകരാറിലായി. അത്യാസന്ന നിലയില്‍ കഴിയുന്ന ഷാജിയുടെ ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റിവെയ്ക്കല്‍ അല്ലാതെ വേറെ വഴിയില്ലെന്നറിഞ്ഞതോടെകുടുംബം പകച്ചുപോയി. ദൈവവിളികേട്ടപോലെ സിസ്റ്റര്‍ മെര്‍ലി മാത്യു കൈനീട്ടുന്നത് ഈ സന്ദര്‍ഭത്തിലാണ്. ജൂബിലി മിഷന്‍ ആസ്പത്രിയിലെ നഴ്‌സിങ് ഡെപ്യൂട്ടി സൂപ്രണ്ടും ഹോളി ഫാമിലി സംന്യാസസഭയിലെ അംഗവുമായ സിസ്റ്റര്‍ മെര്‍ലി മാത്യു (55) വൃക്കദാനത്തിന് തയ്യാറായി. ഷാജിയുടെ ഇരട്ടസഹോദരിയായ സിസ്റ്റര്‍ റോസ് പോള്‍ വൃക്ക നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍, മെഡിക്കല്‍ പരിശോധനയില്‍ പരാജയപ്പെട്ടു. തുടര്‍ന്നാണ് അവരുടെ സഹപ്രവര്‍ത്തകയായ സിസ്റ്റര്‍ മെര്‍ലി മാത്യു നല്ലകുഞ്ഞാടാകുന്നത്. ചേലക്കര, പങ്ങാരപ്പിള്ളി കറുത്തേടത്ത് പരേതനായ മാത്യുവിന്റെയും അന്നംകുട്ടിയുടെയും മകളായ സിസ്റ്റര്‍ മെര്‍ലി മാത്യു ജര്‍മനിയില്‍ നഴ്‌സായിരുന്നു. അവിടെനിന്നു മടങ്ങി അമല ആസ്പത്രിയില്‍ ജോലി ചെയ്തു. ഒരുവര്‍ഷമായി ജൂബിലി മിഷനിലുണ്ട്. ഷാജി ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യാനെത്തുന്നതും ഇവിടെത്തന്നെ.ഡയാലിസിസിനിടെ ഉണ്ടായ ഉള്‍വിളി സിസ്റ്റര്‍ മെര്‍ലി, ഷാജിയെ അറിയിച്ചു. പിന്നെ അനുമതി തേടി സഭാധികാരികളുടെ അടുത്തേക്ക്. സപ്തംബര്‍ ഏഴിന് എറണാകുളം ലിസി ആസ്പത്രിയില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. പക്ഷേ, ശസ്ത്രക്രിയയ്ക്കുവേണ്ട പതിനഞ്ച് ലക്ഷത്തോളം രൂപ എങ്ങനെ കണ്ടെത്തുമെന്ന് ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിയില്ല. ഇതിനായി സമൂഹത്തിന്റെ സഹായം ആവശ്യമുണ്ട്. ചേലക്കര, പാഞ്ഞാള്‍ എസ്.ബി.ഐ.യില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുമുണ്ട്. നമ്പര്‍: 10536593042. ഐ.എഫ്.എസ്. കോഡ്: എസ്ബിഐ എന്‍0008029. വിലാസം: ഷാജി, C/O കുഞ്ഞേട്ടന്‍, കുഴുക്കായില്‍ വീട്, കിള്ളിമംഗലം പി.ഒ., ചേലക്കര, തൃശ്ശൂര്‍. ഈ ലേഖനത്തിനു കടപ്പാട് മാതൃഭൂമി. http://www.mathrubhumi.com/story.php?id=387882