Monday, September 2, 2013

അന്ന് അമ്മ അങ്ങനെയൊരു തീരുമാനമെടുത്തില്ലായിരുന്നുവെങ്കിൽ



അന്ന് അമ്മ അങ്ങനെയൊരു തീരുമാനമെടുത്തില്ലായിരുന്നുവെങ്കിൽ... Written by  ബിജു സെബാസ്റ്റ്യൻ    

അതെ, റോസ സിൽവ എന്ന അമ്മ അന്ന് അങ്ങനെയൊരു തീരുമാനമെടുത്തില്ലായിരുന്നുവെങ്കിൽ ഇന്ന്  പൗലോയും  ഫിലിപ്പിയും ദൈവത്തിന്റെ അഭിഷിക്തരായി ശുശ്രൂഷ ചെയ്യുവാൻ ഈ ഭൂമിയിലുണ്ടാവുമായിരുന്നില്ല. സഹനങ്ങളും ദുരിതങ്ങളും ഏറ്റെടുക്കാൻ ഒരമ്മ മനസായപ്പോൾ അതിന് മീതെ ദൈവം ആശീർവദിച്ച കഥയാണ് ഇരട്ടസഹോദരങ്ങളും വൈദികരുമായ പൗലോയുടെയും ഫിലിപ്പിയുടേതും.

ചിലിയിലാണ് സംഭവം.  ഗർഭിണിയായ റോസയുടെ സ്‌കാനിങ്ങ് റിപ്പോർട്ട് പരിശോധിച്ചപ്പോൾ അതിശയകരമായ കാഴ്ചയാണ് ഡോക്‌ടേഴ്‌സ് കണ്ടത്. കുഞ്ഞിന് മൂന്ന് കൈകൾ.. രണ്ട് ശിരസ്..കാലുകൾ കെട്ടുപിണഞ്ഞ അവസ്ഥയിൽ...

ചികിത്സയുമായി ബന്ധപ്പെട്ട് അബോർഷൻ ചിലിയിൽ അനുവദനീയമായിരുന്നതിനാൽ ഡോക്‌ടേഴ്‌സ് ആ വഴി സ്വീകരിക്കാനാണ് ഉപദേശിച്ചത്. റോസയുടെ ജീവന് തന്നെ ഭീഷണിയായതിനാൽ അത് അത്യാവശ്യമാണെന്നും അവർ ശഠിച്ചു.

പക്ഷേ റോസയ്ക്ക് അതിന് സമ്മതമുണ്ടായിരുന്നില്ല. ദൈവം അയക്കുന്ന എന്തിനെയും താൻ സ്വീകരിച്ചുകൊള്ളാമെന്ന് അവൾ മെഡിക്കൽ സംഘത്തോട് പറഞ്ഞു. പിന്നെ അവളെ നിർബന്ധിക്കാൻ അവർക്കായില്ല. അങ്ങനെ ആ ദിവസമെത്തി. 1984 സെപ്റ്റംബർ 10. റോസ പ്രസവിച്ചു. ഫിലിപ്പിയെ.

എന്നാൽ പ്ലസന്റ വേർപെട്ടിരുന്നില്ല. ഗർഭപാത്രം തുന്നിക്കെട്ടാൻ ഡോക്ടർമാർ തയ്യാറായപ്പോൾ റോസ അതിനും തടസം പറഞ്ഞു. ഒരു കുഞ്ഞ് കൂടി  പിറന്നുവീഴാനുണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു. അതുകൊണ്ട് അല്പം കാത്തിരിക്കണം. റോസ പറഞ്ഞു. പതിനേഴ് മിനിറ്റുകൾക്ക് ശേഷം റോസ  പൗലോയ്ക്ക് ജന്മം നല്കി.

''എന്റെ ജനനത്തിന്റെ അവസാനനിമിഷങ്ങൾ വളരെ നിർണായകമായിരുന്നു. പ്ലസന്റ പുറത്തേയ്ക്ക് വരാത്തതിനാൽ അത് പുറത്തേക്ക് വരാനായി ചില ഉപകരണങ്ങൾ കൊണ്ട് അത് നീക്കം ചെയ്യാൻ ഡോക്ടർമാർ ശ്രമിച്ചപ്പോൾ അമ്മ തടസം പറഞ്ഞു. ഞാൻ കൂടി ജനിക്കാനുണ്ടെന്ന് അമ്മയ്ക്കറിയാമായിരുന്നു..'' ഫാ. പൗലോ പറഞ്ഞു.

''ഞങ്ങൾ എപ്പോഴും അമ്മയുടെ ധീരതയെയും സന്മനസിനെയും കുറിച്ചോർക്കും. അതാണ് ഞങ്ങൾ ജനിച്ചുവീഴാൻ കാരണം. ഞങ്ങൾ അമ്മയോട് എന്നും കടപ്പെട്ടിരിക്കുന്നു..''
2003 മാർച്ചിലാണ് ഇരുവരും സെമിനാരിയിൽ പ്രവേശിക്കുന്നത്. എങ്കിലും തങ്ങളിൽ ആർക്കാണ് ആദ്യം ദൈവവിളിയുണ്ടായതെന്ന് എന്നതിനെക്കുറിച്ച് ഇവർക്ക് ഓർമ്മയില്ല.'' ഒരു പുരോഹിതനായിരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു.'' ഫാ. ഫിലിപ്പി പറഞ്ഞു.

കത്തോലിക്കാവിശ്വാസത്തിലാണ്  വളർന്നുവന്നതെങ്കിലും ജീവിതത്തിലെ ഒരു ഘട്ടത്തിൽ  വിശ്വാസത്തിൽ അകന്നുജീവിക്കുന്ന സാഹചര്യവും അവരുടെ ജീവിതത്തിൽ സംഭവിച്ചു. അങ്ങനെ പള്ളിയിൽ പോക്കും കൂദാശാസ്വീകരണവും നിലച്ചു. പിന്നീട് മാതാപിതാക്കളുടെ വേർപിരിയലിനെ തുടർന്ന് അവർ സഭാത്മകജീവിതത്തിലേക്ക് തിരികെ വരുകയായിരുന്നു.ഫിലിപ്പിയുടെ ദൈവവിളിയിൽ  ഫാ. റെയ്‌നാൾഡോ സോറിയോയ്ക്ക് നിർണ്ണായക പങ്കുണ്ട്.  അദ്ദേഹം പിന്നീട് ഫിലിപ്പിയുടെ സെമിനാരിയിലെ ഫോർമേഷൻ ഡയറക്ടറായി. ഇവരുടെ സെമിനാരിപ്രവേശനം കുടുംബത്തിൽ ആദ്യം എതിർപ്പാണ് ഉണ്ടാക്കിയത്. ഇരുവരും സെമിനാരിയിൽ ചേർന്നതിന് ശേഷമുള്ള ഒരുവർഷം മനസിൽ വളരെ ശാന്തതയും സമാധാനവും തനിക്ക് അനുഭവിക്കാൻ കഴിഞ്ഞുവെന്ന് അമ്മ പറഞ്ഞു. അത് തങ്ങളുടെ ദൈവവിളിയുടെ സ്ഥിരത ഉറപ്പാക്കാൻ അവരെ സഹായിക്കുകയും ചെയ്തു.

 ഇരുവരും സെമിനാരിയിൽ ആറുവർഷം പൂർത്തിയാക്കിയതിന് ശേഷമാണ് തങ്ങളുടെ ജനനകഥ അമ്മയിൽ നിന്ന് അവർ ആദ്യമായി അറിയുന്നത്. 2012 ഏപ്രിൽ 28 ന് ഇരുവരും അഭിഷിക്തരായി. ''ദൈവവിളി മനോഹരമാണ്. അത് പരിപൂർണമായ സന്തോഷം തങ്ങൾക്ക് നല്കുന്നു..'' ഫാ.ഫിലിപ്പി പറഞ്ഞു.

കടപ്പാട്  സണ്ടേ ശാലോം

No comments :

Post a Comment