Showing posts with label വിശുദ്ധര്‍. Show all posts
Showing posts with label വിശുദ്ധര്‍. Show all posts

Friday, October 25, 2013

ഈ വിശുദ്ധനെ പരിചപ്പെടാം... പരിചയപ്പെടുത്താം....

ഈ വിശുദ്ധനെ പരിചപ്പെടാം... പരിചയപ്പെടുത്താം....
ജോസ് സാൻഷെസ് ദെൽ റിയൊ
 Written by  ബിനു എ. ജി   

നിരീശ്വരവാദിയായിരുന്ന പ്ലുട്ടാർക്കോ എലിയാസ് കാലസ് മെക്‌സിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് അവിടുത്തെ ക്രിസ്ത്യനികൾക്ക് ഏറെ സഹിക്കേണ്ടി വന്നു. ക്രിസ്തീയ വിശ്വാസത്തെ തകർക്കുന്നതിനായി കൊടിയ പീഡനങ്ങൾ അഴിച്ചു വിട്ടു. അവസാനം ക്രിസ്‌തേരോ എന്നറിയപ്പെടുന്ന കത്തോലിക്കാ വിശ്വാസികളും പ്രസിഡന്റ് പ്ലുട്ടാർക്കോയുടെ നിരീശ്വര പ്രസ്ഥാനവും തമ്മിൽ യുദ്ധം നടന്നു.  അപ്പോൾ ജോസ് സാൻഷെസ് ദെൽ റിയോയ്ക്ക് പതിമൂന്ന് വയസ് മാത്രം പ്രായം. കത്തോലിക്കാ സഭയെ  പീഡിപ്പിക്കുന്നത് ബാലനായ ജോസിന് കണ്ടുനില്ക്കാനായില്ല. ക്രിസ്തീയ സൈന്യത്തിൽ ചേർന്ന് യുദ്ധത്തിൽ ഏർപ്പെടാൻ തന്നെ അനുവദിക്കണമെന്ന് ജോസ് ജനറലിനോട് ആവശ്യപ്പെട്ടു. പ്രായം തികയാത്ത ജോസിന്റ ആവശ്യം ബാലിശമായി  ജനറലിന് തോന്നി. സായുധ സേനയിൽ ചെരാൻ ജോസ് ആഗ്രഹിച്ചതിന്റെ പിന്നിലെ യഥാർത്ഥ ലക്ഷ്യം ജനറലിന് മനസിലായിരുന്നില്ല. സഭയെ പീഡിപ്പിക്കുന്ന ശക്തികൾക്കെതിരെ പോരാടാനാ യിരുന്നു ജോസ് പട്ടാളത്തിൽ ചേരാനാഗ്രഹിച്ചത്. മമ്മാ ഞാൻ സഭയ്ക്ക് വേണ്ടി യുദ്ധം ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക്  താങ്ങാൻ കഴിഞ്ഞില്ല. മകനെ കണ്ട് കൊതി തീരാത്ത അമ്മയ്ക്ക് നെഞ്ചു പിടയുന്ന വേദനയായിരുന്നു ആ വാക്കുകൾ. അമ്മ അവനോട് പറഞ്ഞു,  ''നിന്നെ കണ്ടു കൊതിതീർന്നിട്ടില്ല. നിന്നെ യുദ്ധത്തിനയച്ച് മരണം കാണാൻ എനിക്കാവില്ല''...അവന്റെ അമ്മ തേങ്ങി..അമ്മയുടെ കരച്ചിൽ കണ്ട് അവൻ പറഞ്ഞു, ''അമ്മേ, എത്രയും വേഗം സ്വർഗത്തിൽ എത്തിച്ചേരാനാണ് എനിക്കാഗ്രഹം അതിൽ നിന്നും എന്നെ തടയരുത.്'' അവന്റെ നിർബന്ധം കണ്ട്  ജനറൽ അവനെ യുദ്ധ മുന്നണിയിലെ കൊടിപിടിക്കുന്ന ജോലി ഏല്പിച്ചു. റോമിലെ രക്തസാക്ഷിയായ താർസീസിയോയുടെ പേരും നല്കി. 1928 ലെ കൊടും യുദ്ധത്തിൽ ജനറലിന്റെ കുതിരയ്ക്ക് വെടിയേറ്റു. അപകടത്തിൽ പെട്ട് കിടക്കുന്ന ജനറലിനെ കണ്ടപ്പോൾ ജോസ് തന്റെ കുതിരയെ കാണിച്ചുകൊണ്ട് ഇതിൽ കയറി രക്ഷപെടാൻ ആവശ്യപ്പെട്ടു. അവരെന്നെ കൊന്നാൽ ഒരു കുഴപ്പവുമില്ല, പക്ഷേ, അങ്ങേയ്ക്കങ്ങനെയല്ലല്ലോ...ഇത് പറയുന്നതിനിടയിലും വെടിയുണ്ടകൾ ചീറിപാഞ്ഞു വരുന്നുണ്ടായിരുന്നു. യുദ്ധ സമയത്ത് എതിരാളികൾ ദേവാലയങ്ങൾ പിടിച്ചടക്കുകയും തടവുകാരെ പാർക്കാൻ ഉപയോഗിക്കുകയും ചെയ്തു. സാൻഷെസും പിടിക്കപ്പെട്ടു. ജന്മനാടായ സാഹുവായിലേക്ക് കൊണ്ടുപോയി ഒരു ദേവായത്തിന്റ സങ്കീർത്തിക്കുള്ളിൽ ഇട്ട് പൂട്ടി.
ജയിലിൽ സാൻഷെസ് സ്വർഗയാത്രക്കുള്ള ഒരുക്കങ്ങളിലായിരുന്നു. പളളിക്കുള്ളിലെ തടവറയിൽ നിന്നും എനിക്ക് സ്വർഗത്തിലേക്ക് പോകണമെന്ന് ഉറക്കെ പാടുമായിരുന്നു. സാഹുയോ ഗ്രാമത്തിന്റെ തലവൻ സാൻഷെസിനോട് പറഞ്ഞു, ''നീ ചെറുപ്പമാണ്, അതുകൊണ്ട് ക്രിസ്തുവിനെ തള്ളിപ്പറഞ്ഞാൽ നിന്നെ ഞങ്ങൾ വെറുതെ വിടാം.'' ജോസിന്റെ സുഹൃത്തുക്കളുടെ കേൾക്കയാണ് ഇങ്ങനെ ഗ്രാമത്തലവൻ പറഞ്ഞത്. പീഡനങ്ങൾ  കൂടുമ്പോൾ ജോസ് വിശ്വാസത്തെ തള്ളിപറയുമോയെന്ന ആശങ്കയായി അവർക്ക്. സുഹൃത്തുക്കൾ ജോസിന് വേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർത്ഥിച്ചു. ജോസിന്റെ ജിവൻ നഷ്ടമാകരുതെന്നും ക്രൈസ്തവ വിശ്വാസത്തെ അവൻ തളളിപറയരുതെന്നുമായിരുന്നു അവരുടെ ഉള്ളുരുകിയ പ്രാർത്ഥന. പക്ഷേ, അവരെ അത്ഭുതപ്പെടുത്തുന്ന വിശ്വാസമായിരുന്നു ജോസിന്റേത്. അവൻ വിശ്വാസത്തെ തള്ളിപ്പറഞ്ഞു ജീവൻ രക്ഷിക്കാൻ ശ്രമിച്ചില്ല. അത് അവരിൽ വലിയ മാറ്റം വരുത്തി. ജോസിന് വേണ്ടി പ്രാർത്ഥിച്ച രണ്ട് കൂട്ടുകാരിൽ ഒരാൾ പിന്നീട് വൈദികനായി മാറി. അദേഹമാണ് ലീജിയണറീസ് ഓഫ് സഭ സ്ഥാപകൻ ഫാ. മാർഷ്യൽ മസിയേൽ.
ജോസിന്റെ മനസുമാറ്റാൻ വേണ്ടി ജയിലിൽ കിടന്ന ഒരു കത്തോലിക്കാ വിശ്വാസിയെ ജോസിന്റെ കൺമുൻപിൽ തുക്കിലേറ്റി. ഇത് കണ്ട് ഭയക്കുന്നതിനു പകരം മരണം വരിക്കാൻ പോകുന്ന അയാളെ അനുമോദിച്ച് കൊണ്ട് പറഞ്ഞു, ധീരനായ ക്രിസ്റ്റസ് നീ എനിക്ക് മുൻപേ സ്വർഗത്തിലായിരിക്കും. നീ അവിടെ ചെല്ലുമ്പോൾ എനിക്ക് വേണ്ടി ഒരു സ്ഥലമൊരുക്കി വയ്ക്കാൻ രാജാവായ യേശുവിനോട് പറയണം.  ഞാൻ താമസിയാതെ അവിടെ എത്തിച്ചേരും. മരണത്തെ മുൻപിൽ കണ്ട് മരണം കാത്ത് ദൈവത്തെ മുഖാഭിമുഖം കാണാനുള്ള ദിവസത്തിനായി അവൻ കാത്തിരുന്നു. വിശാസം ത്യജിച്ച് രക്ഷപ്പെടാൻ ഒരിക്കലും ജോസിന് താത്പര്യമില്ലായിരുന്നു.എപ്പോഴും ജപമാല ചൊല്ലിയും പാട്ടുപാടിയും ജയിലിൽ വിശ്വാസം  പ്രഘോഷിച്ചുകൊണ്ടിരുന്നു. മരണം കാത്തുകിടന്നപ്പോൾ അവസാനമായി അമ്മയ്ക്ക് ദൈവ ഇഷ്ടത്തിന് കീഴ്‌പ്പെട്ട് മരണം വരിക്കാൻ  പോവുകയാണെന്നെഴുതി.
1928 ഫെബ്രുവരി 10 ന് അതിക്രൂരമായി ജോസ് മർദിക്കപ്പെട്ടു. നിസാരമായ വേദനയല്ലായിരുന്നു അത്. ജോസിന്റെ  കലിനടിയിലെ തൊലിയുരിഞ്ഞെടുത്തു ഉപ്പുപാറയ്ക്ക് മുകളിലുടെ നടത്തി, തുടർന്ന് പട്ടാളക്കാർ അവനെ നഗര കവാടം മുതൽ സെമിത്തേരി വരെ ചോരയിൽ കുളിച്ച് അടർന്നു മാറിയ പാദങ്ങൾ ഉറപ്പിച്ച് നടത്തിച്ചു. വേദന സഹിക്കാൻ വയ്യാതെ അവൻ ഉറക്കെ കരഞ്ഞു. ജോസിനെ കുഴിച്ചു മൂടാനായി അവർ തയാറാക്കിയ കുഴിക്കരികിലേക്ക് അവനെ കൊണ്ടു വന്നു. പെട്ടന്ന് പട്ടാളക്കാർ മൂർച്ചയുള്ള കത്തിയെടുത്ത് അവന്റെ മാറ് പിളർന്നു. എന്നെ പിതാവിന്റെ സന്നിധിയിലേക്ക് പോകാൻ സഹായിച്ചവർക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കും, അവരെയും  ഞാൻ സ്വർഗത്തിൽ കാത്തിരിക്കുമെന്ന് പറഞ്ഞ് ജോസ് സാൻഷെസ് കണ്ണുകളടച്ചു.  വിശ്വാസത്തിന് വേണ്ടി ജീവൻ സമർപ്പിച്ച സാൻഷെസിനെ വിശുദ്ധനായി കാണാൻ മെക്‌സിക്കൻ ജനത അതിയായി ആഗ്രഹിച്ചു.
മെക്‌സിക്കോയിലെ സഹുവായോയിൽ സെനോറ മക്കാരിയോ സാൻഷെസിന്റെയും സെനോറ മരിയ ദെൽ റെയോയുടെയും നാലു മക്കളിൽ മൂന്നാമനായി മാർച്ച് 28, 1913 നാണ്  ജോസ് ജനിച്ചത്. 2005 മാർച്ച് 20 ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ ജോസ് സാൻഷേസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
കടപ്പാട്.... ശാലോം...

Saturday, September 14, 2013

ഘാതകനെ മാനസാന്തരപ്പെടുത്തിയ വിശുദ്ധൻ

ഘാതകനെ മാനസാന്തരപ്പെടുത്തിയ വിശുദ്ധൻ Written by  രഞ്ചിത്ത് ലോറൻസ്
        
        

രക്തസാക്ഷികളുടെ ചുടുനിണം വീണ മണ്ണ് ആത്മാക്കളുടെ കൊയ്ത്തു ഭൂമിയായി മാറിയ ചരിത്രമാണ് കത്തോലി ക്കാ സഭയുടേത്. എത്രമാത്രം ശക്തിയോടെ അടിച്ചമർത്താൻ ശ്രമിച്ചുവോ അതിലധികം ശക്തിയോടെ വിശ്വാസം തഴച്ചു വളർന്നതിന്റെ ചരിത്രം. രക്തസാക്ഷിത്വം വഴിയായി ഒരു ദേശത്തെ മുഴുവൻ വിശ്വാസത്തിലേക്ക് നയിച്ച വിശുദ്ധനാണ് പീറ്റർ ചാനൽ. അദ്ദേഹത്തിന്റെ ഘാതകൻവരെ വിശ്വാസിയായി മാറിയെന്നതാണ് മറ്റൊരു അത്ഭുതം. വിദേശത്ത് പ്രവർത്തിച്ചിരുന്ന മിഷനറിമാരുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ അവർ അയച്ചിരുന്ന കത്തുകളിലൂടെ വായിച്ചതാണ് ഒരു മിഷനറിയാകാൻ വിശുദ്ധന് പ്രചോദനമായത്.

1803 ൽ ഫ്രാൻസിലെ ക്‌ളെറ്റ് എന്ന സ്ഥലത്താണ് പീറ്റർ ജനിച്ചത്.
രൂപതാ വൈദികനായി അഭിഷിക്തനായ അദ്ദേഹം മിഷനറി വൈദികനാകണമെന്നുള്ള ആഗ്രഹത്തോടെ 'സൊസൈറ്റി ഓഫ് മേരി' (മേരിറ്റ്‌സ്) എന്ന സന്യാസസഭയിൽ അംഗമായി. എന്നാൽ, അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി, ബെല്ലി എന്ന സ്ഥലത്തെ സെമിനാരിയിൽ പഠിപ്പിക്കാനുള്ള ചുമതലയാണ് അധികാരികൾ നല്കിയത്. അഞ്ചുവർഷം ഫാ. പീറ്റർ തന്നെ ഏല്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചു. പൂർണമനസോടെയുള്ള അദ്ദേഹത്തിന്റെ അനുസരണം, ആഗ്രഹിച്ചതുപോലെയുള്ള മിഷനറി പ്രവർത്തനങ്ങൾക്കുള്ള ഒരുക്കവും അടിത്തറയുമായി മാറി. ആ സന്യാസ സമൂഹം അദ്ദേഹത്തെ മിഷനറി പ്രവർത്തനങ്ങൾക്കായി അയക്കാൻ തീരുമാനിച്ചു.

ഏതാനും മിഷനറിമാരോടൊപ്പം പത്തു മാസത്തോളം നീണ്ട യാത്രയ്ക്കുശേഷം 1836-ൽ പസഫിക്കിലുള്ള 'ന്യൂ ഹെബ്രൈഡ്‌സ്' ദ്വീപിൽ  ഫാ. പീറ്റർ ചാനൽ എത്തി. അദ്ദേഹമായിരുന്നു അവരുടെ സുപ്പീരിയർ. തുടന്നവർ ഗ്രൂപ്പുകളായി തിരിഞ്ഞ് പല സ്ഥലങ്ങളിലേക്കുപോയി. ഫാ. പീറ്റർ ചാനലും ഇംഗ്ലീഷുകാരനായ തോമസ് ബൂഗും ഫുച്ചുണ എന്ന ദ്വീപിലേക്കാണ് പോയത്. വിജാതീയരായ അവിടുത്തുകാർ അവരെ സ്‌നേഹപൂർവം അവിടെ സ്വീകരിച്ചു. നിയുലികി എന്ന രാജാവാണ് അവിടെ ഭരണം നടത്തിയിരുന്നത്. ദ്വീപിൽ നരഭോജനം നിരോധിച്ചത് ഉൾപ്പെടെ നിരവധി പരിഷ്‌ക്കാരങ്ങൾ നടത്തിയ രാജാവായിരുന്നു അദ്ദേഹം. എന്നാൽ, തന്റെ അധികാരത്തിനും പുരോഹിതസ്ഥാനത്തിനും ഇളക്കം തട്ടുമോ എന്ന ഭയം രാജാവിനെ ക്രിസ്തുമതത്തിന് എതിരാക്കി. രാജാവിന്റെ എതിർപ്പ് കൂടാതെ, വ്യത്യസ്തമായ ആചാരങ്ങൾ, പരിചയമില്ലാത്ത ഭാഷ തുടങ്ങിയ മറ്റനേകം പ്രതിബന്ധങ്ങളും ഫാ. പീറ്ററിന്  നേരിടേണ്ടിവന്നു. എന്നാൽ, അവയ്‌ക്കൊന്നും അദ്ദേഹത്തിന്റെ തീക്ഷ്ണതയെ കെടുത്താനായില്ല. അവരുടെ ഭാഷ പഠിച്ച് അതിൽ വൈദഗ്ധ്യം നേടാൻ ഫാ. പീറ്ററിന് സാധിച്ചു. ക്രമേണ അദ്ദേഹത്തിന്റെ അധ്വാനത്തിന്റെയും ക്ഷമയോടെയുള്ള കാത്തിരിപ്പിന്റെയും ഫലങ്ങൾ കണ്ടുതുടങ്ങി. കുറച്ചാളുകൾ മാമോദീസ സ്വീകരിച്ചു. വല്ലപ്പോഴും കടന്നുപോകുന്ന ചരക്കുകപ്പലുകൾ വഴി മാത്രം പുറംലോകവുമായി ബന്ധപ്പെട്ടിരുന്ന ആ ദ്വീപിൽ ഫാ. പീറ്റർ ചാനൽ നാലുവർഷത്തോളം സുവിശേഷം പ്രഘോ ഷിച്ചു. രാജാവിന്റെ മകനും മാമോദീസ സ്വീകരിക്കാൻ ആഗ്രഹം  പ്രകടിപ്പിച്ചു. ഇതറിഞ്ഞ രാജാവിന് ക്രിസ്ത്യാനികളോടുള്ള വിദ്വേഷം വർധിച്ചു. രാജാവ് തന്റെ മരുമകനായ മുസുമുസുവിനോട് ഫാ. പീറ്റർ ചാനലിനെ വധിക്കാൻ ആവശ്യപ്പെട്ടു. യുദ്ധവീരനായ മുസുമുസു ഫാ. പീറ്റർ ചാനലിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. അങ്ങനെ 1841 ഏപ്രിൽ 28-ന് ഫാ. പീറ്റർ ചാനൽ രക്തസാക്ഷിയായി.

ഫാ. പീറ്ററിന്റെ രക്തസാക്ഷിത്വം ഫുച്ചുണ ദ്വീപിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. അതുവരെ ക്രിസ്ത്യാനികൾ ന്യൂനപക്ഷമായിരുന്നെങ്കിൽ വളരെ പെട്ടെന്ന് അവർ ഭൂരിപക്ഷമായി വളർന്നു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം അനേകരെ ക്രിസ്തുവിലേക്ക് ആകർഷിച്ചു എന്നതാണ് യാഥാർത്ഥ്യം.  ഫാ. പീറ്ററിന്റെ ഘാതകനായ മുസുമുസുവും മാനസാന്തരപ്പെട്ട് ക്രിസ്തുമതം സ്വീകരിച്ചു. 'പൊയി'ലുള്ള ദേവാലയത്തിന്റെ പുറത്ത് തന്നെ അടക്കണമെന്ന് മുസുമുസു തന്റെ മരണക്കിടക്കയിൽ വച്ച ് ആവശ്യപ്പെട്ടു. അങ്ങനെയാവുമ്പോൾ  ഫാ. പീറ്റർ ചാനലിനെ വണങ്ങാനായി ദേവാലയത്തിലേക്ക് പോകുന്നവർ തന്റെ കുഴിമാടത്തിൽ ചവിട്ടിയാകുമല്ലോ അവിടേക്ക് പോകുന്നതെന്നദ്ദേഹം ആശ്വസിച്ചു.

1954 ജൂൺ 12 ന് പയസ് പന്ത്രണ്ടാമൻ മാർപാപ്പ ഫാ. പീറ്റർ ചാനലിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

കടപ്പാട് ശാലോം..