Saturday, September 14, 2013

ഘാതകനെ മാനസാന്തരപ്പെടുത്തിയ വിശുദ്ധൻ

ഘാതകനെ മാനസാന്തരപ്പെടുത്തിയ വിശുദ്ധൻ Written by  രഞ്ചിത്ത് ലോറൻസ്
        
        

രക്തസാക്ഷികളുടെ ചുടുനിണം വീണ മണ്ണ് ആത്മാക്കളുടെ കൊയ്ത്തു ഭൂമിയായി മാറിയ ചരിത്രമാണ് കത്തോലി ക്കാ സഭയുടേത്. എത്രമാത്രം ശക്തിയോടെ അടിച്ചമർത്താൻ ശ്രമിച്ചുവോ അതിലധികം ശക്തിയോടെ വിശ്വാസം തഴച്ചു വളർന്നതിന്റെ ചരിത്രം. രക്തസാക്ഷിത്വം വഴിയായി ഒരു ദേശത്തെ മുഴുവൻ വിശ്വാസത്തിലേക്ക് നയിച്ച വിശുദ്ധനാണ് പീറ്റർ ചാനൽ. അദ്ദേഹത്തിന്റെ ഘാതകൻവരെ വിശ്വാസിയായി മാറിയെന്നതാണ് മറ്റൊരു അത്ഭുതം. വിദേശത്ത് പ്രവർത്തിച്ചിരുന്ന മിഷനറിമാരുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ അവർ അയച്ചിരുന്ന കത്തുകളിലൂടെ വായിച്ചതാണ് ഒരു മിഷനറിയാകാൻ വിശുദ്ധന് പ്രചോദനമായത്.

1803 ൽ ഫ്രാൻസിലെ ക്‌ളെറ്റ് എന്ന സ്ഥലത്താണ് പീറ്റർ ജനിച്ചത്.
രൂപതാ വൈദികനായി അഭിഷിക്തനായ അദ്ദേഹം മിഷനറി വൈദികനാകണമെന്നുള്ള ആഗ്രഹത്തോടെ 'സൊസൈറ്റി ഓഫ് മേരി' (മേരിറ്റ്‌സ്) എന്ന സന്യാസസഭയിൽ അംഗമായി. എന്നാൽ, അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി, ബെല്ലി എന്ന സ്ഥലത്തെ സെമിനാരിയിൽ പഠിപ്പിക്കാനുള്ള ചുമതലയാണ് അധികാരികൾ നല്കിയത്. അഞ്ചുവർഷം ഫാ. പീറ്റർ തന്നെ ഏല്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചു. പൂർണമനസോടെയുള്ള അദ്ദേഹത്തിന്റെ അനുസരണം, ആഗ്രഹിച്ചതുപോലെയുള്ള മിഷനറി പ്രവർത്തനങ്ങൾക്കുള്ള ഒരുക്കവും അടിത്തറയുമായി മാറി. ആ സന്യാസ സമൂഹം അദ്ദേഹത്തെ മിഷനറി പ്രവർത്തനങ്ങൾക്കായി അയക്കാൻ തീരുമാനിച്ചു.

ഏതാനും മിഷനറിമാരോടൊപ്പം പത്തു മാസത്തോളം നീണ്ട യാത്രയ്ക്കുശേഷം 1836-ൽ പസഫിക്കിലുള്ള 'ന്യൂ ഹെബ്രൈഡ്‌സ്' ദ്വീപിൽ  ഫാ. പീറ്റർ ചാനൽ എത്തി. അദ്ദേഹമായിരുന്നു അവരുടെ സുപ്പീരിയർ. തുടന്നവർ ഗ്രൂപ്പുകളായി തിരിഞ്ഞ് പല സ്ഥലങ്ങളിലേക്കുപോയി. ഫാ. പീറ്റർ ചാനലും ഇംഗ്ലീഷുകാരനായ തോമസ് ബൂഗും ഫുച്ചുണ എന്ന ദ്വീപിലേക്കാണ് പോയത്. വിജാതീയരായ അവിടുത്തുകാർ അവരെ സ്‌നേഹപൂർവം അവിടെ സ്വീകരിച്ചു. നിയുലികി എന്ന രാജാവാണ് അവിടെ ഭരണം നടത്തിയിരുന്നത്. ദ്വീപിൽ നരഭോജനം നിരോധിച്ചത് ഉൾപ്പെടെ നിരവധി പരിഷ്‌ക്കാരങ്ങൾ നടത്തിയ രാജാവായിരുന്നു അദ്ദേഹം. എന്നാൽ, തന്റെ അധികാരത്തിനും പുരോഹിതസ്ഥാനത്തിനും ഇളക്കം തട്ടുമോ എന്ന ഭയം രാജാവിനെ ക്രിസ്തുമതത്തിന് എതിരാക്കി. രാജാവിന്റെ എതിർപ്പ് കൂടാതെ, വ്യത്യസ്തമായ ആചാരങ്ങൾ, പരിചയമില്ലാത്ത ഭാഷ തുടങ്ങിയ മറ്റനേകം പ്രതിബന്ധങ്ങളും ഫാ. പീറ്ററിന്  നേരിടേണ്ടിവന്നു. എന്നാൽ, അവയ്‌ക്കൊന്നും അദ്ദേഹത്തിന്റെ തീക്ഷ്ണതയെ കെടുത്താനായില്ല. അവരുടെ ഭാഷ പഠിച്ച് അതിൽ വൈദഗ്ധ്യം നേടാൻ ഫാ. പീറ്ററിന് സാധിച്ചു. ക്രമേണ അദ്ദേഹത്തിന്റെ അധ്വാനത്തിന്റെയും ക്ഷമയോടെയുള്ള കാത്തിരിപ്പിന്റെയും ഫലങ്ങൾ കണ്ടുതുടങ്ങി. കുറച്ചാളുകൾ മാമോദീസ സ്വീകരിച്ചു. വല്ലപ്പോഴും കടന്നുപോകുന്ന ചരക്കുകപ്പലുകൾ വഴി മാത്രം പുറംലോകവുമായി ബന്ധപ്പെട്ടിരുന്ന ആ ദ്വീപിൽ ഫാ. പീറ്റർ ചാനൽ നാലുവർഷത്തോളം സുവിശേഷം പ്രഘോ ഷിച്ചു. രാജാവിന്റെ മകനും മാമോദീസ സ്വീകരിക്കാൻ ആഗ്രഹം  പ്രകടിപ്പിച്ചു. ഇതറിഞ്ഞ രാജാവിന് ക്രിസ്ത്യാനികളോടുള്ള വിദ്വേഷം വർധിച്ചു. രാജാവ് തന്റെ മരുമകനായ മുസുമുസുവിനോട് ഫാ. പീറ്റർ ചാനലിനെ വധിക്കാൻ ആവശ്യപ്പെട്ടു. യുദ്ധവീരനായ മുസുമുസു ഫാ. പീറ്റർ ചാനലിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. അങ്ങനെ 1841 ഏപ്രിൽ 28-ന് ഫാ. പീറ്റർ ചാനൽ രക്തസാക്ഷിയായി.

ഫാ. പീറ്ററിന്റെ രക്തസാക്ഷിത്വം ഫുച്ചുണ ദ്വീപിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. അതുവരെ ക്രിസ്ത്യാനികൾ ന്യൂനപക്ഷമായിരുന്നെങ്കിൽ വളരെ പെട്ടെന്ന് അവർ ഭൂരിപക്ഷമായി വളർന്നു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം അനേകരെ ക്രിസ്തുവിലേക്ക് ആകർഷിച്ചു എന്നതാണ് യാഥാർത്ഥ്യം.  ഫാ. പീറ്ററിന്റെ ഘാതകനായ മുസുമുസുവും മാനസാന്തരപ്പെട്ട് ക്രിസ്തുമതം സ്വീകരിച്ചു. 'പൊയി'ലുള്ള ദേവാലയത്തിന്റെ പുറത്ത് തന്നെ അടക്കണമെന്ന് മുസുമുസു തന്റെ മരണക്കിടക്കയിൽ വച്ച ് ആവശ്യപ്പെട്ടു. അങ്ങനെയാവുമ്പോൾ  ഫാ. പീറ്റർ ചാനലിനെ വണങ്ങാനായി ദേവാലയത്തിലേക്ക് പോകുന്നവർ തന്റെ കുഴിമാടത്തിൽ ചവിട്ടിയാകുമല്ലോ അവിടേക്ക് പോകുന്നതെന്നദ്ദേഹം ആശ്വസിച്ചു.

1954 ജൂൺ 12 ന് പയസ് പന്ത്രണ്ടാമൻ മാർപാപ്പ ഫാ. പീറ്റർ ചാനലിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

കടപ്പാട് ശാലോം..

No comments :

Post a Comment