Saturday, August 31, 2013

നന്മ



'ദൈവവിളി' പോലെ സിസ്റ്റര്‍ മെര്‍ലിയെത്തി; ഷാരോണിന്റെ അമ്മയ്ക്ക് വൃക്ക നല്‍കാന്‍എ.ഡി. ഷാജു തൃശ്ശൂര്‍ : ആസ്പത്രിയിലെ ഡയാലിസിസ് മുറിയില്‍ ഷാജിയെ പരിചരിക്കുന്നതിനിടയിലാണ് സിസ്റ്റര്‍ മെര്‍ലി മാത്യുവിന് ദൈവവിളിയുണ്ടാവുന്നത്. ഷാരോണിന് അമ്മവേണം. അതിനായി ജീവന്റെ ഒരു ഭാഗം ദൈവത്തെ സാക്ഷിയാക്കി താന്‍ നല്‍കും. കന്യാസ്ത്രീമഠത്തില്‍നിന്നു നീളുന്ന കരുണയുടെ കരങ്ങള്‍ പതിനൊന്നുകാരന്‍ ഷാരോണിന്റെ അമ്മയുടെ ജീവന് കാവലാകുന്നതങ്ങനെയാണ്. അച്ഛനില്ലാത്ത കുട്ടിക്ക് അമ്മകൂടി നഷ്ടപ്പെടരുതെന്ന് മനസ്സിലുറച്ചാണ് സിസ്റ്റര്‍ മെര്‍ലി മാത്യു ഷാജിക്ക് സ്വന്തം വൃക്ക നല്‍കാന്‍ ഒരുങ്ങുന്നത്. പക്ഷേ, ശസ്ത്രക്രിയയ്ക്കുവേണ്ട പതിനഞ്ച് ലക്ഷം രൂപ കൂടി സംഘടിപ്പിക്കാനായാലേ ഷാരോണിന് അമ്മയെ തിരിച്ചുകിട്ടൂ. ഷാരോണിന് ഒരുവയസ്സുള്ളപ്പോഴാണ് അച്ഛന്‍ പാവറട്ടി, കണ്ണനായ്ക്കല്‍ രാജു മരിച്ചത്. ആയുര്‍വ്വേദ ആസ്പത്രിയിലെ ജോലിയില്‍നിന്നു കിട്ടുന്ന ചെറിയ വരുമാനംകൊണ്ട് അമ്മ ഷാജി (39) ജീവിതം മുന്നോട്ടുകൊണ്ടുപോയി. ആറ് വര്‍ഷംമുമ്പ് ഷാജിക്കു വൃക്കരോഗം പിടിപെട്ടു. ഇരുവൃക്കകളും തകരാറിലായി. അത്യാസന്ന നിലയില്‍ കഴിയുന്ന ഷാജിയുടെ ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റിവെയ്ക്കല്‍ അല്ലാതെ വേറെ വഴിയില്ലെന്നറിഞ്ഞതോടെകുടുംബം പകച്ചുപോയി. ദൈവവിളികേട്ടപോലെ സിസ്റ്റര്‍ മെര്‍ലി മാത്യു കൈനീട്ടുന്നത് ഈ സന്ദര്‍ഭത്തിലാണ്. ജൂബിലി മിഷന്‍ ആസ്പത്രിയിലെ നഴ്‌സിങ് ഡെപ്യൂട്ടി സൂപ്രണ്ടും ഹോളി ഫാമിലി സംന്യാസസഭയിലെ അംഗവുമായ സിസ്റ്റര്‍ മെര്‍ലി മാത്യു (55) വൃക്കദാനത്തിന് തയ്യാറായി. ഷാജിയുടെ ഇരട്ടസഹോദരിയായ സിസ്റ്റര്‍ റോസ് പോള്‍ വൃക്ക നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍, മെഡിക്കല്‍ പരിശോധനയില്‍ പരാജയപ്പെട്ടു. തുടര്‍ന്നാണ് അവരുടെ സഹപ്രവര്‍ത്തകയായ സിസ്റ്റര്‍ മെര്‍ലി മാത്യു നല്ലകുഞ്ഞാടാകുന്നത്. ചേലക്കര, പങ്ങാരപ്പിള്ളി കറുത്തേടത്ത് പരേതനായ മാത്യുവിന്റെയും അന്നംകുട്ടിയുടെയും മകളായ സിസ്റ്റര്‍ മെര്‍ലി മാത്യു ജര്‍മനിയില്‍ നഴ്‌സായിരുന്നു. അവിടെനിന്നു മടങ്ങി അമല ആസ്പത്രിയില്‍ ജോലി ചെയ്തു. ഒരുവര്‍ഷമായി ജൂബിലി മിഷനിലുണ്ട്. ഷാജി ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യാനെത്തുന്നതും ഇവിടെത്തന്നെ.ഡയാലിസിസിനിടെ ഉണ്ടായ ഉള്‍വിളി സിസ്റ്റര്‍ മെര്‍ലി, ഷാജിയെ അറിയിച്ചു. പിന്നെ അനുമതി തേടി സഭാധികാരികളുടെ അടുത്തേക്ക്. സപ്തംബര്‍ ഏഴിന് എറണാകുളം ലിസി ആസ്പത്രിയില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. പക്ഷേ, ശസ്ത്രക്രിയയ്ക്കുവേണ്ട പതിനഞ്ച് ലക്ഷത്തോളം രൂപ എങ്ങനെ കണ്ടെത്തുമെന്ന് ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിയില്ല. ഇതിനായി സമൂഹത്തിന്റെ സഹായം ആവശ്യമുണ്ട്. ചേലക്കര, പാഞ്ഞാള്‍ എസ്.ബി.ഐ.യില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുമുണ്ട്. നമ്പര്‍: 10536593042. ഐ.എഫ്.എസ്. കോഡ്: എസ്ബിഐ എന്‍0008029. വിലാസം: ഷാജി, C/O കുഞ്ഞേട്ടന്‍, കുഴുക്കായില്‍ വീട്, കിള്ളിമംഗലം പി.ഒ., ചേലക്കര, തൃശ്ശൂര്‍. ഈ ലേഖനത്തിനു കടപ്പാട് മാതൃഭൂമി. http://www.mathrubhumi.com/story.php?id=387882

No comments :

Post a Comment