Saturday, August 31, 2013
പ്രഭാത പ്രാര്‍ത്ഥന 01.09.2013
എന്റെ നല്ല ഈശോയെ, ഇതാ ഞാൻ..................(നിങ്ങളുടെ പേര് പറയുക) അങ്ങയെ ആരാധിക്കുവാനും സ്തുതിക്കുവാനുമായി അങ്ങയുടെ സന്നിധിയിൽ നില്ക്കുന്നു. എന്റെ പൂര്ണ ഹൃദയത്തോടെ അങ്ങയെ ഞാൻ ആരാധിക്കുന്നു. എന്നെ സൃഷ്ടിച്ചതിനും ഇന്ന് എനിക്ക് ജീവിതം നൽകിയതിനും നന്ദി പറയുന്നു. ഇന്നത്തെ എന്റെ എല്ലാ പ്രവര്ത്തനങ്ങളും അങ്ങയുടെ സന്നിധിയിൽ സമര്പ്പിക്കുന്നു. അവയെല്ലാം അങ്ങയുടെ മഹത്വത്തിന് മാത്രം കാരണമാകട്ടെ. അങ്ങയെ എന്നിൽ നിന്നും അകറ്റുന്ന ഒരു പാപകരമായ വാക്കോ നോട്ടമോ കേൾവിയോ ചിന്തയോ സംഭവിക്കാതിരിക്കട്ടെ. എന്റെ മുഖം ഇപ്പോഴും അങ്ങയിലേക്ക് തിരിയുകയും എന്റെ ഹൃദയം അങ്ങയെ തേടുകയും ചെയ്യട്ടെ.
ഈശോയെ അങ്ങ് ആഗ്രഹിക്കുന്നതുപോലെ ചിന്തിക്കാനും കേള്ക്കാനും സംസാരിക്കുവാനും ജീവിക്കുവാനും ഇന്നെനിക്കു സാധിക്കട്ടെ. മറ്റുള്ളവരാൽ ഒഴിവാക്കപ്പെടുന്ന സഹോദരങ്ങളുടെ അടുത്തേക്ക് പോയി അവരോടു അൽപ സമയം ചെലവഴിക്കുവാനും അവരുമായി സംസാരിക്കുവാനും എന്നെ അനുഗ്രഹിക്കണമേ. എന്റെ ജീവിതത്തിൽ പ്രമുഖ സ്ഥാനമോ പേരോ പ്രശസ്തിയോ ഞാൻ ആഗ്രഹിക്കാതിരിക്കട്ടെ. ലോകം നല്കുന്ന സ്ഥാനമാനങ്ങളെ അങ്ങയുടെ നാമത്തിൽ ആശ്രയിച്ചു ഞാൻ വേണ്ടെന്നു പറയട്ടെ.
ഈശോയെ ലോകത്തെ ആയിരംപെരോട് സംസാരിച്ചാൽ കിട്ടാത്ത സന്തോഷം അങ്ങയോടു സംസാരിക്കുമ്പോൾ ലഭിക്കുന്നു. ഈ ലോകത്തിനു നല്കുവാൻ സാധിക്കാത്ത സമാധാനംകൊണ്ടു അങ്ങ് എന്റെഹൃദയം നിറയ്ക്കുന്നു.
സ്വര്ഗ്ഗം ലക്ഷ്യമാക്കി ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ.
ഈശോയെ, ഈ ഭൂമിയിൽ ആരുമെന്നെ സ്നേഹിക്കാൻ ഇല്ലാതിരുന്നപ്പോൾ എന്നെ സ്നേഹിച്ചത് അങ്ങ് മാത്രമാണ്. എന്നെ ആരും കാണുകയോ കേള്ക്കുകയോ ചെയ്യാതിരുന്നപ്പോൾ കാണുകയും കേള്ക്കുകയും ചെയ്തവാൻ അങ്ങ് മാത്രമാണു. അതിനാൽ തന്നെ അങ്ങയോടുള്ള എന്റെ നന്ദി ജീവിതംകൊണ്ടു പൂർത്തിയാക്കേണ്ടിയിരിക്കുന്നു.
എന്നെ പേരുചൊല്ലി വിളിക്കുകയും വഴിനടത്തുകയും ചെയ്യുന്ന ഈശോയെ അങ്ങേക്ക് നന്ദി. ഈ നിമിഷം വരെ കണ്ണിലെ കൃഷ്ണമണി പോലെ എന്നെ കാത്തു പരിപാലിച്ച അങ്ങേക്ക് രക്ഷയുടെ പാനപാത്രമുയര്ത്തി നന്ദി പറയും.
ഈശോയെ തൊഴിൽ ചെയ്തിട്ടും മാസങ്ങളായി ശമ്പളം ലഭിക്കാത്ത മക്കളെ സമര്പ്പിക്കുന്നു. അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളെ അങ്ങയുടെ സംരക്ഷണയിൽ സമര്പ്പിക്കുന്നു.
അതോടൊപ്പം തന്നെ തെറ്റിദ്ധാരണയുടെ പേരില് അകന്നു ജീവിക്കുന്ന ദമ്പതികളെ ഓര്ക്കുന്നു, സമര്പ്പിക്കുന്നു. ഐക്യത്തിൽ ജീവിക്കുവാനും പരസ്പരം പൊറുക്കുവാനും അവരെ അനുഗ്രഹിക്കണമേ.
ഈശോയെ ഞാനും , എല്ലാ സഹോദരങ്ങളും അങ്ങയുടെ ഇഷ്ടം മാത്രം പൂര്ത്തിയാക്കി പരിശുദ്ധ അമ്മയും മാലാഖമാരും വിശുദ്ധരും നിരന്തരം അങ്ങയെ പാടിസ്തുതിക്കുന്ന സ്വർഗ്ഗത്തിൽ എത്തിചേരട്ടെ. ആമേൻ.
Labels:
പ്രാര്‍ത്ഥനകള്‍
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment