Tuesday, September 17, 2013

ഈ പ്രഭാതത്തിൽ....18.09.2013



ഈ പ്രഭാതത്തിൽ....സ്നേഹരാജനായ ഈശോയെ, എല്ലാ നന്മകളുടെയും ഉറവിടമായ അങ്ങയെ ഞാൻ ആരാധിക്കുന്നു, സ്തുതിക്കുന്നു.
അങ്ങയെപ്പോലെ എന്നെ സ്നേഹിക്കുവാനും കരുതുവാനും ക്ഷമിക്കുവാനും ഈ പ്രപഞ്ചത്തിൽ മറ്റൊരു ദൈവമില്ലെന്നു എനിക്കറിയാം. അങ്ങേക്ക് മാത്രമേ എന്റെ ഹൃദയത്തെ സ്പർശിക്കുവാൻ സാധിക്കു.
ഇതാ ഈ പ്രഭാതത്തിൽ എളിമയുള്ള ഹൃദയത്തിനായി പ്രാർത്ഥിക്കുന്നു. എന്നെ ശരിക്കും എളിമപ്പെടുത്തണമേ. എപ്പോഴൊക്കെ ഞാൻ അങ്ങയെ ഒഴിവാക്കി വിജയം ആഗ്രഹിക്കുന്നുവോ അവിടെ പരാജയവും, എപ്പോഴൊക്കെ അങ്ങയെ ഒഴിവാക്കി ഞാൻ സന്തോഷം തേടുന്നുവോ അവിടെ ദുഖവും നല്കി എന്നെ  എളിമപ്പെടുത്തണമേ.
അങ്ങാണ് എന്റെ എല്ലാമെല്ലാം. എന്റെ ബലഹീനതയിലെ ശക്തിയും, ഞാൻ തേടുന്ന നിധിയും അങ്ങുതന്നെ. അമൂല്യമായ രത്നത്തെയെന്നപോലെ ഞാൻ അങ്ങയെ അന്വേഷിക്കുന്നു.
എന്റെ പാപങ്ങൾ ഭാരങ്ങൾ ശാപങ്ങൾ എല്ലാം ഏറ്റെടുത്തു എന്നെ സ്വതന്ത്രനാക്കിയ അങ്ങാണ് എന്റെയും ലോകം മുഴുവന്റെയും ദൈവം. അങ്ങയുടെ നാമത്തിനു മഹത്വമുണ്ടാകട്ടെ ഈശോയെ.
ഞാൻ വീഴും മുൻപേ എന്നെ താങ്ങുന്ന ദൈവവും, വാടിക്കരിയും മുൻപേ, ജലം നല്കി എന്നെ പരിപാലിക്കുന്നവനും അങ്ങാണ്.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടെ, എല്ലാ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടെതാകുന്നു. ആ സ്വർഗ്ഗരാജ്യത്തിൽ എത്തുവാൻ എന്നെ യോഗ്യനാക്കുന്ന സ്നേഹവും എളിമയും ക്ഷമയും വിശുദ്ധിയും വിശ്വാസവും അവയെല്ലാം പൂര്ത്തിയാക്കുന്ന പുണ്യപ്രവര്ത്തി ചെയ്യാനുള്ള കൃപാവരവും എനിക്ക് നല്കണമേ.
യേശുവേ, രക്ഷക, അങ്ങയെ അറിയാത്ത, അറിഞ്ഞിട്ടും അങ്ങയെ സ്നേഹിക്കാത്ത എല്ലാ സഹോദരങ്ങളെയും ഈ നിമിഷം സമര്പ്പിക്കുന്നു. ജാതിമത ഭേദമന്യേ എല്ലാ മക്കളും അങ്ങയുടെ സ്നേഹത്തിന്റെ ചിറകിൻ കീഴില ഒരുമിക്കുകയും അഭയം കണ്ടെത്തുകയും ചെയ്യട്ടെ.
ഇതാ എന്റെ ഭവനം, എന്റെ കുടുംബം, തൊഴിൽ, സാമ്പത്തികം, ബന്ധങ്ങൾ, എല്ലാം അങ്ങയുടെ ദാനമാണെന്നു തിരിച്ചറിയുകയും, അവയെല്ലാം വിശുദ്ധീകരിക്കപ്പെടുവാൻ വേണ്ടി അങ്ങയുടെ കരങ്ങളിൽ സമര്പ്പിക്കുകയും ചെയ്യുന്നു.
തിരുക്കരത്താൽ താങ്ങി ഞങ്ങളെ, തിരുഹിതംപോൽ നടത്തണമേ. ഞങ്ങൾ അങ്ങയുടെ കയ്യിലെ കളിമണ്ണാണ്, ഞങ്ങളെ അങ്ങയുടെ ഇഷ്ടംപോലെ രൂപപ്പെടുത്തണമേ.
ഈശോയെ, എന്റെ തൊഴിലിൽ, പഠനത്തിൽ, ഭവനത്തിൽ ഞാൻ അങ്ങേക്ക് ഇഷ്ടമില്ലാത്ത ഒന്നും ചെയ്യാതിരിക്കട്ടെ.
ഇതാ അങ്ങയുടെ അമ്മയായ മറിയത്തിനെയും, അങ്ങയുടെ സഹോദരങ്ങളായ വിശുദ്ധരെയും സ്നേഹിച്ചുകൊണ്ട് ഞാൻ അവരുടെ പുണ്യ യോഗ്യതകളോട് ചേര്ത്തു എന്റെ ഇന്നത്തെ എല്ലാ നിയോഗങ്ങളും ജീവിതവും സമര്പ്പിക്കുന്നു. ദൈവമേ അങ്ങെന്നെന്നും വാഴ്ത്തപ്പെടട്ടെ....ആമേൻ..

No comments :

Post a Comment