Tuesday, September 17, 2013

ഇതിനുള്ളിൽ ആരോ ഒളിച്ചിരിപ്പുണ്ട്... Written by എസ്. ജേക്കബ്

ഇതിനുള്ളിൽ ആരോ ഒളിച്ചിരിപ്പുണ്ട്... Written by എസ്. ജേക്കബ്
1995 ഒക്‌ടോബർ എട്ട്, ഞായറാഴ്ച. വാഴ്ത്തപ്പെട്ട ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അമേരിക്കൻ സന്ദർശനത്തിന്റെ അവസാനത്തെ ദിവസം. 'സഞ്ചാരിയായ പാപ്പ'യുടെ അത്തവണത്തെ യാത്രയുടെ അഞ്ചാമത്തെ ദിവസമാണ് അമേരിക്കയിൽ. അമേരിക്കൻ ഐക്യനാടുകളിലെ കത്തോലിക്കാ സഭയുടെ ആരംഭം കുറിച്ച ബാൾട്ടിമോറിലാണ് പാപ്പയുടെ അവസാനത്തെ സന്ദർശനം. പത്തുമണിക്കൂർ ദൈർഘ്യമുള്ളതാണ് അന്നത്തെ സന്ദർശന പരിപാടി. ഓറിയോൾ പാർക്കിൽ രാവിലെ വിശുദ്ധ കുർബാന. ബാൾട്ടിമോറിൽ 4,67,000 കത്തോലിക്കരാണുള്ളത്. ഇവരെക്കാൾ അധികമാളുകൾ എത്തിച്ചേർന്നിരുന്നു ആ ദിവസം ഓറിയോൾ പാർക്കിൽ. അമേരിക്കയിലെ ആദ്യത്തെ ബസിലിക്കയായ അസംപ്ഷൻ ദേവാലയത്തിലൊരു സന്ദർശനം, അഗതികളെ സഹായിക്കാനുള്ള 'സൂപ്പ് കിച്ചണിൽ' ഉച്ചഭക്ഷണം, മേരിക്യൂൻ കത്തീഡ്രലിൽ പ്രാർത്ഥന, ഒടുവിൽ സെന്റ് മേരീസ് സെമിനാരിയിലെത്തി ഭാവിയിലെ പുരോഹിതന്മാരുമായി അൽപനേരം. ഇങ്ങനെയായിരുന്നു പരിശുദ്ധ പിതാവിന്റെ അവസാന ദിവസത്തെ സന്ദർശന പരിപാടികൾ. അക്കൊല്ലം 75-ാം വയസിലായിരുന്നു ജോൺ പോൾ പാപ്പ. എങ്കിലും പ്രസരിപ്പിനു ഒട്ടും കുറവില്ല. രാവിലെ 10.13 ന് ബാൾട്ടിമോറിലെ വാഷിംഗ്ടൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 'ഷെപ്പേർഡ് ഒന്ന്' ചാർട്ടർ വിമാനം നിലംതൊട്ട നിമിഷംമുതൽ വിശ്രമിച്ചില്ല പാപ്പ. നേരം വൈകിയിരിക്കുന്നു; പാപ്പ ക്ഷീണിതൻ. സെമിനാരി വിദ്യാർത്ഥികളുമായി കുശലപ്രശ്‌നം കഴിഞ്ഞ് മടക്കയാത്ര. ഇതായിരുന്നു സംഘാടകരുടെ മനസിൽ. അമേരിക്കയിലെ തന്നെ ആദ്യ കത്തോലിക്കാ സെമിനാരിയാണ് സെന്റ് മേരീസ്. 300 വൈദിക വിദ്യാർത്ഥികളുണ്ടായിരുന്നു അക്കൊല്ലം. ബാൾട്ടിമോറിലെ റോളൺഡ് പാർക്കിൽ പ്രൗഢഗംഭീരമായൊരു കെട്ടിടസമുച്ചയമാണിത്. പാപ്പയുടെ വാഹനവ്യൂഹം സെമിനാരിയിലെത്തി. അന്നു പകൽ മുഴുവൻ സുരക്ഷാ സൈനികരുടെ നിരീക്ഷണത്തിലായിരുന്നു സെമിനാരിയും ചുറ്റുവട്ടങ്ങളും. പാപ്പാമൊബീലിൽ നിന്നിറങ്ങിയ പരിശുദ്ധ പിതാവ് തന്നെ കാത്തുനിന്ന വൈദിക വിദ്യാർത്ഥികളോട് കുശലം പറഞ്ഞു; ഹസ്തദാനം ചെയ്തു. തുടർന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടു നടന്നു. സെമിനാരിയുടെ ചാപ്പലിലേക്കായിരുന്നു ആ യാത്ര. സുരക്ഷാ സംഘത്തിന്റെ ചങ്കിടിച്ചു. പരിപാടിയിൽ ഇല്ലാത്തതാണിത്. പാപ്പയ്ക്കുമുമ്പേ അവർ ഓടി. എല്ലാം സുരക്ഷിതമെന്ന് ഉറപ്പുവരുത്തണമല്ലോ... ലോകാരാധ്യനായ മാർപാപ്പയുടെ സുരക്ഷയ്ക്കുവേണ്ടി അമേരിക്കൻ ഭരണകൂടം ഒരുക്കിയിരുന്നത് ഏറ്റവും മികച്ച സംവിധാനങ്ങൾ. യൂണിഫോമിലും അല്ലാതെയും എണ്ണാനാവാത്തവിധം സുരക്ഷാ സൈനികർ, രഹസ്യാന്വേഷകർ, ലോക്കൽ പോലിസ്. ഇവർക്കൊക്കെ പുറമെ ഏറ്റവും ആധുനികമായ നിരീക്ഷണ ഉപകരണങ്ങൾ. ഒളിച്ചിരിക്കുന്ന വ്യക്തികളെ മണത്തു കണ്ടുപിടിക്കാൻ പരിശീലനം സിദ്ധിച്ച 'കെ-9' നായ്ക്കൾ. അതും അമേരിക്കയിലെ ഏറ്റവും മിടുക്കരായ 'സ്റ്റിഫർ ഡോഗ്‌സ്.' ഒളിപ്പിച്ച ആയുധങ്ങൾ കണ്ടുപിടിക്കുന്നതിൽ വിദഗ്ധർ. ഭൂകമ്പംപോലുള്ള ദുരന്തസ്ഥലങ്ങളിൽ തകർന്നുവീഴുന്ന കെട്ടിടങ്ങൾക്കിടയിൽ കുരുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നത് ഇത്തരം നായ്ക്കളുടെ സഹായത്തോടെയാണ്. മനുഷ്യജീവന്റെ സ്പന്ദനം മണത്തറിയാനുള്ള 'ആറാം ഇന്ദ്രിയം' സ്വന്തമായവയാണ് ഈ ജീവികൾ. വർഷങ്ങളുടെ പരിശീലനം സിദ്ധിച്ചവരാണ് ഇവയുടെ നിയന്താക്കൾ. 'ഹാൻഡ്‌ലേഴ്‌സ്' എന്നാണ് ഈ ഓഫിസർമാരെ വിളിക്കുന്നത്. വീണ്ടും ബാൾട്ടിമോറിലെ സെന്റ് മേരീസ് സെമിനാരി ചാപ്പലിലേക്ക്. ഇതൊരു ഇടത്തരം ദേവാലയംപോലെ വിശാലം. വലതുവശത്തായി ഒരു ചെറിയ ചാപ്പലുമുണ്ട്. വിശുദ്ധ കുർബാന സൂക്ഷിച്ചിരിക്കുന്നത് ഇവിടെ. സുരക്ഷാ ഭടന്മാരും 'കെ-9' നായ്ക്കളും ചാപ്പലിന്റെ ഓരോ ഇഞ്ചും പരിശോധിക്കുകയാണ്. പ്രധാന ചാപ്പലിൽ എല്ലാം സുരക്ഷിതം. ഇനി സൈഡ് ചാപ്പലിലാണ് പരിശോധന. അവിടെയും എല്ലാം സാധാരണംപോലെ. എന്നാൽ 'കെ-9' നായ്ക്കൾ മാത്രം അസാധാരണമായതെന്തോ കണ്ടതുപോലെ മുരണ്ടു തുടങ്ങി. ഹാൻഡ്‌ലേഴ്‌സിന്റെ ശ്രദ്ധയാകർഷിക്കാനായി അവ മുഖം ഒരു പ്രത്യേക ദിശയിലേക്കാക്കി. ദൃഷ്ടികൾ ഒരേ ബിന്ദുവിലുറപ്പിച്ചു. അതെ, ജീവനുള്ള എന്തോ അവർ കണ്ടെത്തിക്കഴിഞ്ഞു; മറഞ്ഞിരിക്കുന്ന ഒരാളുടെ സാന്നിധ്യം! സക്രാരിയിൽ നോക്കി ഇവയെന്തിനാണ് ശബ്ദമുണ്ടാക്കുന്നതെന്ന സംശയമായി ഹാൻഡ്‌ലേഴ്‌സിന്. വൈദികർ സക്രാരി തുറന്നു. അതിനുള്ളിൽ 'കുസ്‌തോദി'യും ദിവ്യകാരുണ്യവും മാത്രം! ചമ്മലോടെ 'കെ-9' ഹാൻഡ്‌ലേഴ്‌സ് തിരികെ നടക്കാനാഞ്ഞു. പക്ഷേ, നായ്ക്കൾക്കു ചലനമില്ല. സക്രാരിയിൽ നോക്കിക്കൊണ്ട് അനങ്ങാതെ നിൽക്കുകയാണവർ! ഏറെ നേരത്തെ ശ്രമഫലമായാണ് അവയെ ചാപ്പലിൽനിന്നു പുറത്തെത്തിച്ചത്. 'ദിവ്യകാരുണ്യം' സജീവ സത്യമാണ്; പ്രപഞ്ചത്തിന്റെ ജീവൻ മുഴുവനും സന്നിവേശിപ്പിച്ച സനാതന സത്യം. ദിവ്യകാരുണ്യം ആത്മാവിനു മാത്രമല്ല ശരീരത്തിനും ജീവൻ നൽകുന്ന അമർത്യതയുടെ അപ്പമാണ്. 1991 ഡിസംബർ എട്ട്. അമലോത്ഭവ മാതാവിന്റെ തിരുനാൾദിനം. വെനിസ്വേലയിലെ പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രമായ ഫിൻകബെറ്റാനിയയിലെ ചാപ്പലിൽ വിശുദ്ധ കുർബാന. ദേവാലയത്തിനകത്തും പുറത്തും തിങ്ങിനിറഞ്ഞ ജനക്കൂട്ടം. ഫാ. ഓട്ടോ ഓസാ അവിസ്റ്റബേൽ എന്ന വൈദികനാണ് കാർമികൻ. ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായി കാർമികൻ വലിയ തിരുവോസ്തി നാലായി മുറിച്ചു. അതിലൊരു ഭാഗം അദ്ദേഹം ഭക്ഷിച്ചു. പീലാസയിൽ ഇനി ശേഷിക്കുന്നത് മൂന്നു ഭാഗങ്ങൾ. പെട്ടെന്ന് ഫാ. ഓട്ടോയെ ഒരു ഞടുക്കം ബാധിച്ചു. തന്റെ കണ്ണുകൾക്ക് വിശ്വസിക്കാനാവാത്ത കാഴ്ച. പീലാസയിലെ തിരുവോസ്തിയുടെ ഭാഗങ്ങളിലൊന്നിൽ ചോര പൊടിഞ്ഞിരിക്കുന്നു. അദ്ദേഹം സ്വയം കണ്ണുകൾ തിരുമിത്തുടച്ചു. അതെ, ഇതു പകൽപോലെ യാഥാർത്ഥ്യം! പീലാസയിൽ മെല്ലെമെല്ലെ പരക്കുകയാണ് രക്തം. എന്തു ചെയ്യണമെന്നറിയാതെ അമ്പരന്നു നിൽക്കുന്ന വൈദികൻ. ഏഴുതവണ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷ ദർശനം ലഭിച്ച തീർത്ഥാടനകേന്ദ്രമാണ് ഫിൻക ബെറ്റാനിയ. കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ച പ്രത്യക്ഷീകരണങ്ങളിലൊന്ന്. അനാവശ്യമായ സെൻസേഷൻ ഒഴിവാക്കാൻ തന്നെ തീരുമാനിച്ചു ഫാ. ഓട്ടോ. ദിവ്യകാരുണ്യം അദ്ദേഹം മൂടിവച്ചു. ബലി തുടർന്നു. വിശ്വാസീ സമൂഹത്തിന് യാതൊരു സൂചനയും നൽകിയില്ല അദ്ദേഹം. കുർബാനയ്ക്കുശേഷം രക്തം കിനിയുന്ന തിരുവോസ്തി അദ്ദേഹം സക്രാരിയിലേക്കുമാറ്റി. സക്രാരി പൂട്ടിയതിനുശേഷം രൂപതാധികൃതരെ വിവരമറിയിച്ചു. ക്ഷമയോടെ കാത്തിരിക്കാനായിരുന്നു ബിഷപ്പിന്റെ മറുപടി. പിറ്റേന്ന് അതിരാവിലെ തന്നെ ഫാ. ഓട്ടോ ഉണർന്നു. വൈകാതെ ദേവാലയത്തിലെത്തി സക്രാരി തുറന്നുനോക്കി. അതെ, ഇപ്പോഴും ചോര പൊടിയുകയാണ് ദിവ്യകാരുണ്യത്തിൽനിന്ന്. ഇതു മിഥ്യയല്ല, മനസിന്റെ തോന്നലുമല്ല. ഇക്കുറി ഫാ. ഓട്ടോയുടെ കണ്ണുകൾ നിറഞ്ഞു. അദ്ദേഹം ഈ സംഭവം വിവരിക്കുന്നതിങ്ങനെയാണ്: ''മുറിക്കപ്പെട്ട തിരുവോസ്തിയുടെ മൂന്നു ഭാഗങ്ങളാണ് ഞാൻ പീലാസയിൽ വച്ചത്. മുറിച്ചെടുത്ത ഭാഗത്ത് അതിലൊരു കഷണത്തിൽ ചോരപോലെ എന്തോ ഒന്ന്. ഞാൻ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. തിരുവോസ്തിയുടെ വക്കിൽനിന്നു കിനിയുകയാണ് രക്തം! ''വിശുദ്ധ കുർബാന പൂർത്തിയാക്കിയശേഷം ഈ ഭാഗങ്ങൾ ഞാൻ സക്രാരിയിൽ വച്ചുപൂട്ടി. അപ്പോഴും ചോര കിനിയുന്ന അവസ്ഥയിലായിരുന്നു തിരുവോസ്തി. മൂന്നു ദിവസത്തോളം ഈ നില തുടർന്നു. പീലാസയിൽ പരന്നിറങ്ങിയ രക്തം തിരുവോസ്തി ആഗീരണം ചെയ്യുന്നില്ലെന്നതും അത്ഭുതകരമായിത്തോന്നി.'' ലോസ്‌ടെക്യൂസ് രൂപതയിലാണ് ഫിൻക ബെറ്റാനിയ. ബിഷപ് പിയോ ബെല്ലോ റിക്കാർഡോ ആയിരുന്നു അക്കാലത്തെ രൂപതാ ബിഷപ്. ഈശോ സഭാംഗമായിരുന്ന ഇദ്ദേഹം 2003 ൽ ദിവംഗതനായി. ബിഷപ് റിക്കാർഡോ ഫിൻക ബെറ്റാനിയ സംഭവത്തെക്കുറിച്ച് പഠിക്കാൻ ഒരു രൂപതാതല കമ്മീഷനു രൂപം നൽകി. കമ്മീഷന്റെ പഠനഫലം പുറത്തുവരുംവരെ മാധ്യമങ്ങളിൽനിന്നും ഈ സംഭവം മറച്ചുവയ്ക്കാനും നിർദേശിച്ചു അദ്ദേഹം. ശാസ്ത്രീയ പരീക്ഷണങ്ങൾക്കായി ഒരു അംഗീകൃത ലബോറട്ടറിയിൽ ഈ തിരുവോസ്തി എത്തിക്കാനായിരുന്നു രൂപതാ കമ്മീഷന്റെ സുചിന്തിത തീരുമാനം. വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലെ പ്രമുഖമായൊരു ലബോറട്ടറിയിലായിരുന്നു പരിശോധനകൾ. 'ശാസ്ത്രീയമായി വിശദീകരിക്കാനാവാത്ത സംഭവമാണിത്' ഇതായിരുന്നു ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. കാരണം, തിരുവോസ്തിയിൽനിന്ന് ഒഴുകിപ്പരന്നത് യഥാർത്ഥത്തിലുള്ള മനുഷ്യരക്തം തന്നെ. അതിന്റെ രാസഘടനകളെല്ലാം സജീവമായ മനുഷ്യരക്തത്തിനു തുല്യം! എബി രക്തഗ്രൂപ്പിൽപ്പെട്ടതാണ് ഈ രക്തമെന്നും വിധിയെഴുതി ശാസ്ത്രജ്ഞർ. ലോക്‌ടെക്യൂസിലെ അഗസ്റ്റീനിയൻ കോൺവെന്റ് ചാപ്പലിൽ നിത്യാരാധനയ്ക്കും വണക്കത്തിനുമായി ഈ ദിവ്യകാരുണ്യം സൂക്ഷിക്കാൻ നിർദേശിച്ചു ബിഷപ് റിക്കാർഡോ. തെക്കെ അമേരിക്കയിൽനിന്ന് ഈ വാർത്ത വടക്കേ അമേരിക്കയിലെത്താൻ അധികനാൾ വേണ്ടിവന്നില്ല. അമേരിക്കയിൽനിന്ന് ഒറ്റയ്ക്കും കൂട്ടായും തീർത്ഥാടകർ ഒഴുകിത്തുടങ്ങി ഫിൻക ബെറ്റാനിയയിലേക്ക്. കടപ്പാട് സണ്ടേ ശാലോം....

No comments :

Post a Comment