ഇന്നത്തെ പ്രാര്‍ത്ഥന....
സര്‍വശക്തനായ ദൈവമേ പാപികളും ബലഹീനരുമായ ഞങ്ങള്‍ അങ്ങയുടെ കരുണക്കായി യാചിക്കുന്നു. ഞങ്ങളുടെ അപേക്ഷ അവിടുന്ന് നിരസിക്കരുതെ. ശാന്തിയും സമാധാനവും നഷ്ടമായിരിക്കുന്ന ഈ ലോകത്തിനു അവിടുത്തെ സമാധാനം നല്കണമേ. കലഹങ്ങളാലും, യുദ്ധ ഭീഷണിയാലും ബുദ്ധിമുട്ടനുഭവിക്കുന്ന രാജ്യങ്ങളെ അങ്ങ് കാത്തുകൊള്ളണമേ. ഓരോ രാജ്യത്തിന്റെയും ഭരണാധികാരികളെ അങ്ങയുടെ പരിശുദ്ധാതമാവിന്റെ വരങ്ങളാൽ നിറയ്ക്കെണമേ. ദൈവമേ രാജ്യങ്ങളും ജനങ്ങളും അങ്ങയുടെതാണെന്ന ബോദ്ധ്യം അവർക്ക് നല്കണമേ. അങ്ങയുടെ രാജ്യവും അങ്ങയുടെ നീതിയും ഭൂമിയിൽ സംജാതമാകുവാൻ ഞങ്ങൾ ഓരോരുത്തരും പരിശ്രമിക്കട്ടെ. ദൈവമേ, അങ്ങയുടെ മക്കളുടെ ചോരയാൽ ഈ ഭൂമി നനയാതിരിക്കട്ടെ. യുദ്ധങ്ങളിൽ മരിച്ചുവീഴുന്ന നിർദ്ധനരും നിസ്സഹായരുമായ ഞങ്ങളുടെ സഹോദരങ്ങളുടെ ചിത്രങ്ങൾ ഹൃദയം തകർക്കുന്നു ദൈവമേ. ദൈവമേ, ഓരോ വ്യക്തിയിലും, ഓരോ കൂട്ടായ്മയിലും ഓരോ രാജ്യത്തും അങ്ങയുടെ സമാധാനം നല്കണമേ. യുദ്ധത്തെ കുറിച്ച് ചിന്തിക്കുന്നവർ അതില്നിന്നും പിൻവാങ്ങട്ടെ. സ്വാർത്ഥതയും അസൂയയും അഹങ്കാരവും ഞങ്ങളിൽ നിന്നും അകന്നുനില്ക്കട്ടെ. ദൈവമേ, പരിശുദ്ധാത്മാവിനെ അയച്ചു ഞങ്ങളുടെ ഹൃദയങ്ങളെയും ഭൂമിയും നവീകരിക്കണമേ. അങ്ങാണ് ഞങ്ങളുടെ രാജാവ്. അങ്ങാണ് ഞങ്ങളുടെ സൃഷ്ടാവ്. ഭൂമിയിലുള്ള ഒരു നേതാവിനും നല്കുവാനാകാത്ത സമാധാനവും സന്തോഷവും നല്കുവാൻ അങ്ങേക്ക് മാത്രമേ സാധിക്കു. നിസ്സഹായരായ അങ്ങയുടെ മക്കളെ എല്ലാവിധ അപകടങ്ങളില്‍ നിന്നും രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യണമേ. അങ്ങേക്ക് അസാദ്ധ്യമായി ഒന്നുമില്ല ദൈവമേ.
അനഗ്യുടെ തിരുവിഷ്ടത്തിനു ഞങ്ങളെയും ഞങ്ങളുടെ രാജ്യങ്ങളെയും ഞങ്ങളുടെ നേതാക്കളെയും സമര്പ്പിക്കുന്നു. ആമേൻ. പരിശുദ്ധ അമ്മെ, സമാധാനത്തിന്റെ രാജ്ഞി ഈ ലോകം മുഴുവനുംവേണ്ടി പ്രാർത്ഥിക്കണമേ.
No comments :
Post a Comment