Thursday, September 5, 2013

എല്ലാ കുരിശുകളിലും ക്രിസ്തുവില്ല

ഫ്രാൻസിസ് മാർപാപ്പ സെമിനാരിയിൽ ചേരുന്നതിനുമുൻപുള്ള ഒരു സംഭവം. അദ്ദേഹത്തിന് 21 വയസുള്ളപ്പോൾ ശ്വാസകോശ സംബന്ധമായ മാരകരോഗത്തിന് അടിമയായി. തൽഫലമായി വലതുവശത്തെ ശ്വാസകോശത്തിന്റെ ഒരു ഭാഗം മുറിച്ചു മാറ്റേണ്ടിവന്നു. കഠിനമായ വേദനയും ആകുലതയും നിറഞ്ഞ നാളുകൾ... മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ചാഞ്ചാട്ടം... ആശുപത്രിയിൽ സന്ദർശനം നടത്തിയ പലരും അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി ഇങ്ങനെ പറഞ്ഞു:

''ജോർജ് ഇനി പേടിക്കാനൊന്നുമില്ല. നിനക്ക് അധികം വൈകാതെ വീട്ടിലേക്ക് പോകാൻ പറ്റും.''
പ്രത്യാശ പകരുന്ന വാക്കുകൾ. പക്ഷേ, താങ്ങാനാകാത്ത ശാരീരിക വേദനയും മാനസിക പീഡനവും. പ്രിയപ്പെട്ടവർ നല്കുന്ന സാന്ത്വന വചനങ്ങളൊന്നും ജോർജിനെ ആശ്വസിപ്പിച്ചില്ല. എന്നാൽ, തന്നെ ആദ്യകുർബാനയ്‌ക്കൊരുക്കിയ സിസ്റ്റർ ഡൊളോറസ് പറഞ്ഞ ഒരു വാചകം ആശുപത്രിക്കിടക്കയിൽ ജോർജിന് ആശ്വാസമായി. സിസ്റ്റർ പറഞ്ഞതിത്രയേ ഉള്ളൂ: ''ഓരോ നിമിഷവും ഈശോയെ അനുകരിച്ചുകൊണ്ടിരിക്കുക.''

ഈശോ എങ്ങനെയാണ് സഹിച്ചതെന്ന് അവൻ ചിന്തിച്ചു. അവിടുന്ന് സഹനത്തെ എതിർത്തില്ല; സഹനത്തിൽനിന്നും ഒളിച്ചോടിയില്ല. മറിച്ച്, സഹനത്തെ ഹൃദയംകൊണ്ട് സ്വീകരിക്കുകയായിരുന്നു. സഹനത്തെ മറക്കാനും സഹനത്തിൽനിന്ന് രക്ഷപെടാനുമുള്ള ശ്രമങ്ങൾ വേദനകൾ വർധിപ്പിക്കുകയേ ഉള്ളൂവെന്ന തിരിച്ചറിവ് ആ യുവാവിനുണ്ടായി. ക്രിസ്തുവിന്റെ സഹനത്തെക്കുറിച്ചുള്ള ധ്യാനം സ്വന്തം സഹനത്തെ സന്തോഷത്തിലേക്കുള്ള വാതിലാക്കി മാറ്റാൻ ഭാവിപാപ്പായ്ക്ക് സഹായകമായി.

പരിശുദ്ധ പിതാവ് പറയുന്നത് ഇപ്രകാരമാ ണ്: ''സഹനം അതിൽത്തന്നെ ഒരു പുണ്യമല്ല. എന്നാൽ, നാം അതിനെ എങ്ങനെ സ്വീകരിക്കുന്നു എന്നത് പുണ്യാഭിവൃദ്ധിക്ക് കാരണമാകും.''
യേശു സഹനത്തിന്റെ നടുവിൽ ആരോടും പരാതി പറഞ്ഞില്ല.

യേശു സഹനം തന്നവരെ വെറുത്തില്ല.
മനുഷ്യന്റെ ദുഷ്ടതയ്ക്കുപകരം ദൈവപിതാവിന്റെ തിരുഹിതമാണ് അവിടുന്ന് കുരിശിൽ ദർശിച്ചത്. അതിനാൽ സഹനത്തിൽനിന്ന് രക്ഷപെടാനുള്ള മാർഗങ്ങളൊന്നും ക്രിസ്തു തേടിയില്ല.
ഒറ്റപ്പെടൽ, ആകുലത, വഞ്ചന, പരിഹാസം, ശാരീരിക പീഡനം എല്ലാം ശാന്തതയോടെ സഹിച്ചു.
വേദനയെ അതിജീവിക്കാനുള്ള വഴികൾ ക്രിസ്തുവിന്റെ സഹനത്തിൽ മാത്രമാണുള്ളത്.

പരാതിയില്ലാതെ, പിറുപിറുക്കാതെ സഹിക്കുക.
വെറുപ്പില്ലാതെ സഹിക്കുക.
വേദനകളെ ദൈവകരങ്ങളിൽനിന്നും സ്വീകരിച്ചുകൊണ്ട് സഹിക്കുക.

കുരിശിൽനിന്നും ഓടി രക്ഷപെടാൻ ശ്രമിക്കാതിരിക്കുക. എല്ലാറ്റിലും ഉപരി സ്‌നേഹത്തോടെ സഹിക്കുക. ആ സഹനം ഉയിർപ്പിന്റെ മഹത്വത്തിലേക്ക് നമ്മെ ആനയിക്കും.

പ്രാർത്ഥന
എല്ലാ സഹനങ്ങളെയും മധുരമുള്ളതാക്കി മാറ്റുന്ന ക്രിസ്തുവിന്റെ പീഡാസഹനങ്ങളേ, എന്നെ ശക്തിപ്പെടുത്തിയാലും. എല്ലാ കുരിശുകളെയും കീഴടക്കാൻ ബലം പകരുന്ന ക്രിസ്തുവിന്റെ കുരിശേ, എന്റെ ദുരിതങ്ങളുടെ നടുവിൽ ഉയർന്നു നിന്നാലും. ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ, ശാന്തതയോടെ സഹിക്കുവാൻ എന്നെ പഠിപ്പിച്ചാലും, ആമ്മേൻ.

No comments :

Post a Comment