Monday, December 2, 2013

ആ നക്ഷത്രം ഇന്നും മിന്നുന്നു

ആ നക്ഷത്രം ഇന്നും മിന്നുന്നു------വിനായക് നിര്‍മ്മല്‍




ഒരു ക്രിസ്മസ് തലേന്നാള്‍ അയല്‍ വീടുകളില്‍ ക്രിസ്മസിന്റെ ആഘോഷങ്ങളും ആര്‍ഭാടങ്ങളും... അന്ന് മാത്രം അവധിക്കെത്തിയ വിരുന്നുകാരുടെ സംഗമം. പുല്‍ക്കൂട്, നക്ഷത്ര വിളക്കുകള്‍.. എവിടെയും ആഹ്ലാദം. പക്ഷേ അത്തവണത്തെ ഞങ്ങളുടെ ക്രിസ്മസിന് യാതൊരു സന്തോഷങ്ങളുമുണ്ടായിരുന്നില്ല. അന്നത്തെ ഞങ്ങളുടെ ജീവിതം പുകഞ്ഞു കത്തുന്ന ഒരു വിളക്കിന് തുല്യമായിരുന്നു. നന്നായി കത്താനുള്ള എണ്ണയില്ല എന്നാല്‍ അണഞ്ഞു പോകുന്നുണ്ടോ... അതുമില്ല. അങ്ങനെയൊരു ജീവിതം... അപ്പന്റെ കച്ചവടം നാള്‍ക്കു നാള്‍ നഷ്ടത്തിലായിക്കൊണ്ടിരിക്കുകയായിരുന്നു. കാലിയായ മിഠായി ഭരണികള്‍ക്കും തീരാറായ പഴക്കുലകള്‍ക്കും നടുവില്‍ അപ്പന്‍ ഇനിയും മുമ്പോട്ടു നീങ്ങാന്‍ കഴിയാതെ വിഷമിച്ചു നിന്നു. വലിയൊരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അപ്പന്റെ ചുമലിലായിരുന്നുവല്ലോ. അപ്പനെ താങ്ങാന്‍ അന്നാരും ഉണ്ടായിരുന്നുമില്ലല്ലോ.
കച്ചവടം പൊളിഞ്ഞു കൊണ്ടിരിക്കുകയും കുടുംബം പോറ്റാന്‍ മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലാതിരിക്കുകയും ചെയ്യവേ അപ്പന്റെ മുന്‍പില്‍ ഒരൊറ്റ മാര്‍ഗമേ ഉണ്ടായിരുന്നുള്ളൂ. കടം വാങ്ങുക. പറ്റുന്നവരോടൊക്കെ അപ്പന്‍ പണം കടം വാങ്ങി. തിരിച്ചു കൊടുക്കാമെന്ന് പറഞ്ഞ് തീയതിക്കൊന്നും അപ്പന് പണം തിരികെ കൊടുക്കാന്‍ കഴിഞ്ഞതുമില്ല. പണം കൊടുത്തവര്‍ തിരികെ ചോദിക്കാന്‍ വന്നപ്പോള്‍ അപ്പന്‍ നിസഹായനായി. തീയതികള്‍ മാറ്റിപ്പറഞ്ഞും പുതിയ ആള്‍ക്കാരോട് കടം വാങ്ങി പഴയ ആള്‍ക്ക് കൊടുത്തും അപ്പന്‍ ജീവിതത്തെ നേരിട്ടു കൊണ്ടിരുന്നു. പിന്നെ ആരും അപ്പന് പണം കടം കൊടുക്കാതെയായി. തിരിച്ചു കൊടുക്കാന്‍ പണമില്ലാതെയും കടക്കാരെ പേടിച്ചും ഒടുവില്‍ അപ്പന്‍ കച്ചവടത്തിന് പോകാതെയായി. അപ്പന്‍ വീടിന് പുറത്തിറങ്ങാതെയുമായി. കടക്കാര്‍ പണം ചോദിച്ച് വീട്ടിലെത്തുമ്പോള്‍ അപ്പനിവിടെയില്ലെന്ന് ഞങ്ങള്‍ മക്കള്‍ നുണ പറഞ്ഞു. ഞങ്ങള്‍ പറഞ്ഞതിനെ വിശ്വസിക്കാതിരുന്നിട്ടും കടക്കാര്‍ പിന്‍വാങ്ങിയപ്പോഴൊക്കെ, വാതിലിന് മറവില്‍ നിന്ന് 'അവര് പോയോ' എന്ന് അപ്പന്റെ അടക്കി നിര്‍ത്തിയ ചോദ്യം ഞങ്ങളെ തേടിയെത്തി. അപ്പനെ ഞങ്ങള്‍ മക്കള്‍, ശരിക്കും വെറുത്തുപോയ അവസരങ്ങളായിരുന്നു അതെന്നും ഇപ്പോള്‍ കുമ്പസാരിച്ചു കൊള്ളട്ടെ. അതെന്തിനെന്ന് ഇന്നറിയില്ല. അപ്പന്‍ അനാവശ്യമായി പണം ധൂര്‍ത്തടിക്കുകയോ ഒന്നും ചെയിതിരുന്നില്ല എന്നിട്ടും കടം മാത്രമായിരുന്നു അപ്പന്റെ സമ്പാദ്യം കടം വാങ്ങിയും ഞങ്ങള്‍ക്ക് തിന്നാന്‍ തന്നവനാണ് അപ്പന്‍.
ഞങ്ങള്‍ക്കു വേണ്ടി മാത്രമായിരുന്നു അപ്പന്റെ ജീവിതം. പക്ഷേ ഞങ്ങളെ തൃപ്തിപ്പെടുത്താന്‍ അപ്പന് കഴിഞ്ഞിരുന്നുമില്ല. അങ്ങനെയായിരുന്നിട്ടും അപ്പന്റെ പക്ഷം ചേര്‍ന്ന് ചിന്തിക്കാനോ അപ്പനെ ആശ്വസിപ്പിക്കാനോ അമ്മയുള്‍പ്പെടെ ഞങ്ങളാരും തയാറായിരുന്നില്ല. അപ്പന്റെ പിടിപ്പുകേടുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് ഞങ്ങളെല്ലാവരും കൂടി വിധിയെഴുതുകയും ചെയ്തു. അപ്പന്‍ വീടിന് പുറത്തിറങ്ങാതായതോടെ വീട്ടില്‍ നിശബ്ദത മാത്രമായി. കാരണം അപ്പന്‍ വീട്ടിലായതോടെ ഞങ്ങള്‍ക്കാര്‍ക്കും ഒന്നും സംസാരിക്കാനില്ലാതെയായി. അപ്പന്‍ വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍ ചിരിക്കാനോ സന്തോഷിക്കാനോ ഒന്നുമില്ലാത്ത ആ അവസ്ഥയില്‍പോലും നിര്‍ദ്ദോഷമായ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് മാത്രം ചിരി വരുന്ന തമാശകള്‍ പറഞ്ഞ് ചിരിക്കാന്‍ വരെ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ചിരിയും വരുന്നില്ല. ഒരു തമാശയുമില്ല. അത് മനപ്പൂര്‍വ്വം ഞങ്ങള്‍ ഒഴിവാക്കിയതു തന്നെയാണ്. കാരണം അപ്പന്‍ വീട്ടിലുണ്ട് എന്നതു തന്നെ. ഇങ്ങനെയൊരു സാഹചര്യത്തിലാണ് അത്തവണത്തെ ക്രിസ്മസ് വന്നത്. ക്രിസ്മസ് വന്നത് അയല്‍വക്കത്തുനിന്നാണ് ഞങ്ങള്‍ അറിഞ്ഞതു തന്നെ! വീട്ടില്‍ പുല്‍ക്കൂടോ എന്തിന് ഒരു നക്ഷത്രം പോലുമോ ഉണ്ടായിരുന്നില്ല. ആര്‍ക്കും അതിനുള്ള മനസും ഉണ്ടായിരുന്നില്ല. അപ്പന്‍ ജനാലകള്‍ ചേര്‍ത്തടച്ച് കട്ടിലില്‍ കിടന്ന് കരയുകയും ഇടയ്ക്കിടെ ജനാല തുറന്ന് മുറ്റത്തേക്ക് കാര്‍ക്കിച്ച് തുപ്പുകയും ചെയ്തു കൊണ്ടിരുന്നു.
ഇത്തരം അവസരങ്ങളിലൊക്കെ അപ്പന്‍ ദൈവത്തെ വിശ്വസിക്കുകയോ പ്രാര്‍ഥിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. സന്ധ്യാപ്രാര്‍ഥനകളിലും പങ്കെടുത്തിരുന്നില്ല. മാത്രവുമല്ല അമ്മ പള്ളിയില്‍ പോകുന്നതിനും പ്രാര്‍ഥിക്കുന്നതിനുമൊക്കെ അപ്പന്‍ വഴക്കുണ്ടാക്കുകയും എതിരു നില്‍ക്കുകയും ചെയ്തിരുന്നു അത് അമ്മയ്ക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പ്രാര്‍ഥന പോലുള്ള ഒരു നല്ല കാര്യത്തിന് പോയിട്ടു അതിനെ അപ്പന്‍ എതിര്‍ക്കുന്നതെന്നതിനെന്ന് അമ്മയ്ക്ക് മനസിലായതുമില്ല. ഞാന്‍ പള്ളിയില്‍ പോകുന്നതിന് നിങ്ങള്‍ക്കെന്താ മനുഷ്യാ... അതോ ഞാനും നിങ്ങളെപ്പോലെ ഇവിടെ പട്ടി മോങ്ങുന്നതുപോലെ കരഞ്ഞോണ്ടിരിക്കണോ എന്ന് അമ്മ ദേഷ്യത്തില്‍ ചോദിച്ചു. ഇന്നത്തെ അവസ്ഥയില്‍ അമ്മ തന്നെ പട്ടിയോട് ഉദാഹരിച്ചത് അപ്പന് പൊറുക്കാന്‍ കഴിഞ്ഞില.ï തന്നെ ആശ്വസിപ്പിക്കുകയും തനിക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന ഒരു ഭാര്യയെയായിരുന്നു അപ്പനപ്പോള്‍ ആവശ്യം. ഞാനിപ്പോ നിനക്കൊക്കെ വെറും പട്ടിയായല്ലേടീ. അപ്പന്‍ പല്ലിറുമ്മി ചോദിച്ചു. താന്‍ തീരെ വിലയില്ലാത്തവനായിപ്പോയീയെന്നാണ് അപ്പന്റെ ധാരണ. അമ്മ അതിനെ നിഷേധിച്ചില്ല. ങാ അങ്ങനെതന്നെ വച്ചോ. അമ്മ പറഞ്ഞു അപ്പന്‍ അതിന് തിരിച്ചു പറഞ്ഞു അങ്ങനെ രണ്ടാളും ഒന്നും രണ്ടും പറഞ്ഞ്... അമ്മ എന്തോ വാശിപിടിച്ച മട്ടിലായിരുന്നു. അമ്മ ഒട്ടും വിട്ടു കുറച്ചില്ല. ഞങ്ങള്‍ മക്കളുടെ ഇടപെടലുകള്‍ രണ്ടാളെയും ശാന്തരാക്കിയുമില്ല. സാധാരണ ഇത്തരം അവസരങ്ങളില്‍ വഴക്ക് തീര്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. ഇത്തവണ അതും ഫലിച്ചില്ല. അങ്ങനെയെങ്കില്‍ രണ്ടാളും കൂടി ഇതെങ്ങനെയും അവസാനിപ്പിക്കട്ടെയെന്ന് ഞങ്ങളും നിര്‍വികാരരായി. ഒടുവില്‍ അപ്പന്‍ പറഞ്ഞു കാണിച്ചു തരാമെടീ. എന്റെ ശവം ഞാന്‍ നിന്നെക്കൊണ്ട് തീറ്റിക്കും.
തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത ഒരു ദുരന്തം പോലെ അപ്പന്‍ പുറത്തേക്ക് ഇറങ്ങിപ്പോയി. ഒരു വഴക്ക് തീര്‍ന്ന ആശ്വാസത്തിലായിരുന്നു ഞങ്ങള്‍. പിന്നെ ഇരുട്ട് വന്നു..പക്ഷേ അപ്പന്‍ തിരികെ വന്നില്ല. അപ്പോള്‍ മാത്രം ഞങ്ങള്‍ക്കിടയില്‍ പേടി കലര്‍ന്നു. ഇതുവരെയും അപ്പന്‍ വരാത്തതെന്താണ്? എവിടെപ്പോയതാണപ്പന്‍? ഇത്രയും വൈകാന്‍ ഒരു കാരണവുമില്ല. ഇതിന് മുമ്പും നിസാര പ്രശ്‌നത്തിന്റെ പേരില്‍ വഴക്കുണ്ടാക്കി ഇതേപോലെ അപ്പന്‍ ഇറങ്ങിപ്പോയിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും ഇത്രയും വൈകിയിട്ടില്ല. മാത്രവുമല്ല ഇതുപോലെ ഉള്ളില്‍ പേടിയും അന്ന് തോന്നിയിട്ടില്ല. എന്തോ അഹിതകരമായത് സംഭവിക്കാന്‍ പോകുന്നതുപോലെ. അപ്പോള്‍ ഞങ്ങളിലാരോ പറഞ്ഞു. കര്‍ത്താവേ ഇനി അപ്പന്‍ പറഞ്ഞതുപോലെയെങ്ങാനും ചെയ്തു കളഞ്ഞോ..
എന്റെ നിത്യസഹായ മാതാവേ എന്ന് അതു കേട്ട മാത്രയില്‍ അമ്മ വിലപിച്ചു തുടങ്ങി ആ മനുഷ്യനെനിക്ക് ഒരു സുഖോം തന്നിട്ടില്ല അമ്മ കരഞ്ഞു അപ്പന്‍ എവിടേക്കാണോ പോയത്? എവിടെച്ചെന്ന് അപ്പനെ കണ്ടു പിടിക്കും? ആരോട് ചോദിക്കും? ഞങ്ങളുടെ സങ്കടങ്ങള്‍ക്ക് മീതെ എവിടെനിന്നൊക്കെയോ പടക്കങ്ങള്‍ പൊട്ടിത്തെറിച്ചു തുടങ്ങി. ലോകം ക്രിസ്മസ് ആഘോഷിക്കുകയായിരുന്നു. ആഹ്ലാദിക്കുകയായിരുന്നു. ഇനിയൊരിക്കലും ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ തോന്നി. ഞങ്ങളുടെ സന്തോഷങ്ങള്‍ എന്നന്നേക്കുമായ് അപഹരിക്കപ്പെട്ടിരിക്കുന്നു ഒരു ക്രിസ്മസ് രാത്രിയില്‍ അപ്പനെ എന്നന്നേക്കുമായി നഷ്ടപ്പെട്ട മക്കളുടെ വേദന... തന്റേതന്നെ വാക്കുകളുടെ പ്രതിപ്രവര്‍ത്തനമെന്നോണം ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഭാര്യയുടെ വേദന... ഞങ്ങളുടെ വ്യസനങ്ങള്‍ ആര്‍ക്കാണ് തൂക്കി നോക്കാനാവുക? അപ്പോള്‍ മുറ്റത്തുനിന്ന് കരോള്‍ഗാനം കേട്ടു. കരോള്‍ സംഘത്തിന്റെ ആഹ്ലാദങ്ങള്‍ കേട്ടു.അവരുടെ അത്ര നന്നായി വഴങ്ങാത്ത നൃത്തച്ചുവടുകള്‍ കണ്ടു. പക്ഷേ ഞങ്ങള്‍ക്കെങ്ങനെ അതില്‍ പങ്കു ചേരാന്‍ കഴിയും? ഉള്ളില്‍ തീയാണ്. തീയേറ്റ് വേവുകയാണ്. ഒടുവില്‍ കരോള്‍ സംഘം പിന്‍വാങ്ങി.
അത് നോക്കിനില്‍ക്കേ അവര്‍ക്കെതിരെ അപ്പന്‍ മുറ്റം കടന്നു വരുന്നത് ഞങ്ങള്‍ കണ്ടു. ദൈവമേ എന്തൊരു സന്തോഷമായിരുന്നു. അപ്പോള്‍ എന്തൊരാശ്വാസം അതിന് മുമ്പോ അതിനു ശേഷമോ അങ്ങനെയൊന്ന് അനുഭവിച്ചിട്ടില്ല. അമ്മ കരഞ്ഞുകൊണ്ട് അപ്പന്റെ അടുത്തേക്ക് ഓടിച്ചെന്നു. സന്തോഷം കൊണ്ട് അമ്മ പൊട്ടിത്തെറിച്ചു. എവിടെപ്പോയി കിടക്കുവായിരുന്നു മനുഷ്യാ നിങ്ങള്.. എന്തോ അപ്പന്‍ കണക്കറ്റ് ശാന്തനായിരുന്നു. ഒരു ക്രിസ്മസ് രാവിന്റെ മുഴുവന്‍ ശാന്തതയും അപ്പന്‍ ഉള്ളില്‍ ആവാഹിച്ചിരുന്നതു പോലെ. അപ്പോഴാണ് അപ്പന്റെ കൈയില്‍ ഒരു പൊതി ഞങ്ങള്‍ കണ്ടത്.
അപ്പനത് ഇളയവനായ എനിക്കു നേരെ നീട്ടി. തുറന്നു നോക്കാതെ തന്നെ അതെന്താണെന്ന് അറിയാമായിരുന്നു റൊട്ടി എവിടെനിന്ന് കിട്ടി അപ്പനതിനുള്ള പണം? അപ്പന്‍ ഒന്നും പറയാതെ വരാന്തയിലേക്ക് കയറി. അപ്പന്റെ കൈയില്‍ പിന്നെയും ഒരു പൊതി ബാക്കിയായിരുന്നു. അപ്പനാ പൊതി അഴിച്ചു നക്ഷത്രമായിരുന്നു അത്. അപ്പനത് ഇറയത്ത് തൂക്കി. അകത്തെ മുറിയില്‍ നിന്ന് ഒരു ബള്‍ബെടുത്ത് അതിലിട്ടു. നക്ഷത്രം തെളിഞ്ഞു ഹോ എന്തായിരുന്നു അതിന്റെ വെളിച്ചം! അരോടോ അപ്പന്‍ ഇരന്നു വാങ്ങിയ പണം കൊണ്ട് വാങ്ങിയ നക്ഷത്രം... ആ നക്ഷത്രത്തിന്റെ വെളിച്ചം ഇന്നും എന്റെ കണ്‍മുന്നിലുണ്ട്. ഇനിയെത്ര വര്‍ഷം കഴിഞ്ഞാലും അത് മായുമെന്നും തോന്നുന്നില്ല. ഇത്രയും സന്തോഷത്തോടെ പിന്നെയൊരിക്കലും ഞങ്ങള്‍ ക്രിസ്മസ് ആഘോഷിച്ചിട്ടില്ല. പിന്നെയൊരിക്കലും അത്തരമൊരു ക്രിസ്മസ് ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുമില്ല.
വിനായക് നിര്‍മ്മല്‍ മറന്നു വച്ച ചില സംഗതികളെ ഓര്‍ത്തെടുക്കാന്‍ പ്രേരിപ്പിക്കുന്നതാണു വിനായക് നിര്‍മ്മലിന്റെ എഴുത്തുകള്‍. രണ്ടു പേര്‍ക്കിടയിലുള്ള പുഴയുടെ ആഴമളക്കാനും, പെയ്തു തോരാത്ത മഴപ്പെയ്ത്തിന്റെ സുഖം അറിയാനും അദ്ദേഹത്തിന്റെ പുസ്തകങ്ങളെ ചേര്‍ത്തു പിടിക്കുന്ന ഒരുപറ്റമാളുകള്‍. ആധ്യാത്മികതയുടെ വേറിട്ട വഴികള്‍ പരിചയപ്പെടുത്തുന്നതാണ് വിനായക് നിര്‍മ്മലിന്റെ പുസ്തകങ്ങളും എഴുത്തുകളും. പാലായ്ക്കടുത്തു പ്രവിത്താനം തോട്ടുപുറത്തു സെബാസ്റ്റിയന്റെയും ത്രേസ്യാമ്മയുടെയും മകനായ വിനായക് നിര്‍മ്മല്‍.
പുതിയ കീര്‍ത്തനങ്ങള്‍, രണ്ടു പേര്‍ക്കിടയില്‍ ഒരു പുഴയുണ്ട്, മഴ പെയ്തു തോര്‍ന്നിരുന്നില്ല, ശീര്‍ഷകമില്ലാത്ത വിചാരങ്ങള്‍, പുകമഞ്ഞില്‍ മറയാത്ത മുഖങ്ങള്‍, കടല്‍ ഒരു പര്യായമാണ്, നനമുള്ള കാറ്റുകള്‍, അറിയപ്പെടാത്ത വിശുദ്ധര്‍, ജോണ്‍പോളിന്റെ വിശുദ്ധര്‍, നിദ്ര, വീട്ടില്‍ നിന്നുള്ള എഴുത്തുകള്‍, അപ്പനും ദൈവവും തുടങ്ങി മുപ്പതിലേറെ പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. ജീവിതത്തോടു ചേര്‍ന്നു നില്‍ക്കുന്ന രചനകളാണ് ഇദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പ്രത്യേകത. ഭാര്യ ഷീജ, മകന്‍ ഫ്രാന്‍സിസ് ലിയോ എന്നിവര്‍ക്കൊപ്പം കോഴിക്കോടാണ് ഇപ്പോള്‍ താമസം.

No comments :

Post a Comment