Wednesday, September 11, 2013

ബറാബാസിൽനിന്ന് ക്രിസ്തുവിലേക്ക്

ബറാബാസിൽനിന്ന് ക്രിസ്തുവിലേക്ക് Written by  ഫാ. ജി കടൂപ്പാറയിൽ
ക്രിസ്തുവിനുമുമ്പും പിൻപും. ലോകഗതിയെ ഇപ്രകാരം വേർതിരിക്കുന്നപോലെ പിയേത്രോ സറൂബിയുടെ ജീവിതത്തെയും വേർതിരിക്കാം 'ദി പാഷൻ ഓഫ് ക്രൈസ്റ്റി'ന് മുമ്പും അതിനുശേഷവും. ആരാണീ പിയേത്രോ സറൂബി എന്നല്ലേ? 'ദി പാഷൻ ഓഫ് ക്രൈസ്റ്റ്' എന്ന സുപ്രസിദ്ധ ഹോളിവുഡ്ചിത്രത്തിൽ ബറാബാസിനെ അനശ്വരനാക്കിയ അതുല്യ നടൻ.

കുരിശുമരണത്തിനു വിധിക്കപ്പെട്ട യേശുവിന്റെ കണ്ണുകളിലേക്ക് നോക്കുന്ന ഒരൊറ്റ ഷോട്ട്, അത്രയേ ഉണ്ടായിരുന്നുള്ളൂ സിനി മയിൽ. പക്ഷേ, ആ നോട്ടത്തിലൂടെ ബറാബാസിൽനിന്ന് ക്രിസ്തുവിലേക്കുള്ള യാത്ര ആരംഭിക്കുകയായിരുന്നു സറൂബി. ക്രിസ്ത്യാനിയെങ്കിലും ക്രിസ്തുവിനെ അറിയാതിരുന്ന അയാളും കുടുംബവും ഉത്തമകത്തോലിക്കരാണിന്ന്. മാത്രമല്ല, പകർന്നു കിട്ടിയ ദൈവാനുഭവം മറ്റുള്ളവരിലേക്ക് പകരാനും തൽപ്പരൻ.

മിലാനടുത്തുള്ള പിൻസാനോ ഇടവക ദൈവാലയത്തിൽ പ്രാർത്ഥിക്കാനെത്തിയ സറൂബി സൺഡേ ശാലോമിനോട് തന്റെ മാനസാന്തര കഥ പങ്കുവെച്ചത് “യേശുവിന്റെ ഒരൊറ്റനോട്ടം എന്നെ പരിവർത്തനപ്പെടുത്തി” എന്ന മുഖവുരയോടെയാണ്. ദി പാഷൻ ഓഫ് ക്രൈസ്റ്റിൽ അഭിനയിക്കാൻ ഇടയായതിനെക്കുറിച്ചും അതിലൂടെയുണ്ടായ പുതുജീവിതത്തെക്കുറിച്ചും അദ്ദേഹംവികാരനിർഭരമായി സംസാരിച്ചു.

ബ്രസീലുകാരിയായ അമ്മയിൽനിന്നും ഇറ്റലിക്കാരനായ പിതാവിൽനിന്നും മിലാനിലാണ് സറൂബി ജനിച്ചത്, 1961ൽ. സർക്കസ് അഭ്യാസിയാകണമെന്ന് ആഗ്രഹിച്ച് 13-ാം വയസിൽ വീടുവിട്ടു. ശരീരത്തെ നിയന്ത്രിച്ച് ആത്മീയസമാധാനം നേടാമെന്നു കരുതിയായിരുന്നു ആയോധനകലയിലേക്കുള്ള പ്രയാണം. പ്രൊഫഷണൽ നടനായി നാടകവേദിയിലൂടെ 1979ൽ കലാരംഗത്തെത്തിയ ഇദ്ദേഹം പിന്നീട് ഇറ്റാലിയൻ ടെലിവിഷൻ സീരിയലുകളിൽ സജീവമായി. താമസിയാതെ സിനിമാലോകത്തെത്തി. സംവിധായകൻ, ടി.വി അവതാരകൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രസിദ്ധനാണ് സറൂബി.

“ചെറുപ്പംമുതൽ ഒരു കുറവ് എനിക്ക് അനുഭവപ്പെട്ടിരുന്നു. എല്ലാമുണ്ടായിട്ടും എന്തിനോവേണ്ടിയുള്ള ഒരു ദാഹം. അതിന് ഉത്തരംതേടി ആത്മീയതയുടെ ഉറവിടമെന്ന് വിളിക്കുന്ന ഏഷ്യയിലും ഞാനെത്തി. ഒരു ടിബറ്റൻ ആശ്രമത്തിൽ ആറു മാസം മൗനവ്രതമെടുത്തു. ഇന്ത്യയിലും ആമസോണി ലും താമസിച്ചു. പക്ഷേ, ഒരിടത്തും എനിക്ക് സമാധാനം കിട്ടിയില്ല. ഇതിനിടയിൽ സിനിമാ-സീരിയൽ അഭിനയവും തുടർന്നു. ഒടുവിൽ യേശുവിനെ ഞാൻ കണ്ടെത്തി, ഞാൻ വ്യാപരിച്ചിരുന്ന സിനിമയിലൂടെത്തന്നെ.”

പത്രോസാകാൻ റോമിലേക്ക്

ഇറ്റലിയിൽ വിവിധ സീരിയലുകളിൽ അഭിനയിക്കുന്ന കാലം. ഒരിക്കൽ ഒരു ഫോൺകോൾ. ഹോളിവുഡിലെ സുപ്രസിദ്ധ സംവിധായകൻ മെൽ ഗിബ്‌സണാണ് അങ്ങേ തലയ്ക്കൽ. യേശുവിന്റെ പീഡാനുഭവങ്ങളെക്കുറിച്ച് ഒരുക്കുന്ന സിനിമയിലേക്ക് എന്നെ തിരഞ്ഞെടുത്തു എന്നുപറഞ്ഞ അദ്ദേഹം, അടുത്ത ദിവസം റോമിൽവെച്ച് കാണണമെന്ന് നിർദേശിച്ച് ഫോൺവെച്ചു.

കാര്യമറിഞ്ഞപ്പോൾ വീട്ടുകാർക്കും സന്തോഷമായി. പക്ഷേ, ഏത് റോളാണ് എനിക്ക് കിട്ടുക? അതേക്കുറിച്ച് ഗിബ്‌സൺ ഒന്നും പറഞ്ഞതുമില്ല. എനിക്കാണെങ്കിൽ യേശുവിനെക്കുറിച്ച് അധികമൊന്നും അറിയില്ല. ദൈവാലയത്തിൽ പോകാറില്ല, കൂദാശ സ്വീകരണവുമില്ല. പക്ഷേ, മകന് കുറെയൊക്കെ ബൈബിളറിയാം. യേശുവിനെക്കുറിച്ചുള്ള സിനിമയിൽ ഏതു വേഷമാണ് നല്ലതെന്നറിയാൻ ഞാൻ അവനെ സമീപിച്ചു. “യേശുവിന്റെ വേഷം പപ്പയ്ക്ക് കിട്ടുമെന്ന് തോന്നുന്നില്ല. പിന്നെയുള്ളത് പത്രോസിന്റേതാണ്. ശിഷ്യരിൽ ഒന്നാമനാണ് പത്രോസ്. അതുകൊണ്ട് പത്രോസായി അഭിനയിച്ചാൽ നല്ലതാണ്.” മകന്റെ വാക്കുകളിൽനിന്നും പത്രോസിന്റെ വേഷംചെയ്യാമെന്ന് മനസ്സിൽ ഉറപ്പിച്ച് ഞാൻ മെൽ ഗിബ്‌സനെ കാണാൻ പോയി.

ബറാബാസ്; അതാരാ?

റോമിലെ ഒരു ഹോട്ടലിൽവെച്ചായിരുന്നു മെൽ ഗിബ്‌സണുമായുള്ള കൂടിക്കാഴ്ച. സംഭാഷണമധ്യേ, പത്രോസായി അഭിനയിക്കാനുള്ള എന്റെ ആഗ്രഹം ഞാനങ്ങു പറഞ്ഞു. അപ്പോൾ മെൽ ഗിബ്‌സൻ ചിരിയടക്കാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. എന്നിട്ടു പറഞ്ഞു: “താങ്കളെ ബറാബാസായി അഭിനയിക്കാനാണ് ഞാൻ വിളിച്ചത്”. അതുകേട്ടപ്പോൾ ഞാനാകെ തകർന്നുപോയി. ഉദ്ദേശിച്ചുവന്ന വേഷം കിട്ടാത്തതല്ല എന്നെ അലട്ടിയത്. മറിച്ച്, ബറാബാസ് ആരെന്നുപോലും അറിയില്ല എന്നതായിരുന്നു പ്രശ്‌നം.

വീട്ടിൽ ചെന്ന് എന്തു പറയും? എന്റെ ഭാഗംകേട്ടശേഷം അദ്ദേഹം പറഞ്ഞു: “യേശുവിന്റെ ജീവിതവും പീഡാനുഭവവും കരവാജോ തുടങ്ങിയ പ്രമുഖ ചിത്രകാരന്മാർ ചിത്രരൂപത്തിലാക്കിയിട്ടുണ്ട്. അവരുടെ ചിത്രങ്ങളിൽ കാണുന്ന രൂപങ്ങളോട് സാദൃശ്യമുള്ള മുഖങ്ങളെയാണ് സിനിമയിലെ കഥാപാത്രങ്ങളായി നിശ്ചയിച്ചിരിക്കുന്നത്.” അങ്ങനെ അദ്ദേഹമെന്നെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. ക്രിസ്തു സംസാരിച്ച അറമായ ഭാഷ യിലായിരിക്കും സിനിമയെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഡയലോഗ് 'പറയണം' കണ്ണുകൊണ്ട്

എത്രയുംവേഗം അറമായ ഭാഷ പ~ിക്കുക, അതായിരുന്നു പിന്നെ ലക്ഷ്യം. അധികം താമസിക്കാതെ അറമായ ഭാഷയെ വരുതിയിലാക്കുകയും ചെയ്തു. ക്രിസ്തുവിനേക്കാൾ കൂടുതൽ സംഭാഷണങ്ങൾ ബറാബാസിനുണ്ടാകുമെന്നും ഞാൻ ഉറപ്പിച്ചു. പിന്നെയും കുറെക്കാലംകൂടി കഴിഞ്ഞാണ് ഷൂട്ടിങ്ങ് തുടങ്ങുന്നത്. അങ്ങനെ ഭാഷയൊക്കെ പ~ിച്ച് മിടുക്കനായി ചെന്നപ്പോഴാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ മെൽ ഗിബ്‌സണിൽനിന്നുണ്ടായത്: “ബറാബാസിന് ഡയലോഗില്ല”.  

ഞാൻ വിളറിപ്പോയി. ഡയലോഗില്ലാതെ എന്തു സിനിമ. ഒരു ചെറിയ സംഭാഷണമെങ്കിലും വേണമെന്ന് ഞാൻ പറഞ്ഞപ്പോഴാണ് ബറാബാസിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ഞാനറിഞ്ഞത്.

മെൽഗിബ്‌സൻ പറഞ്ഞു: “സുവിശേഷത്തിലെ ബറാബാസ് സംസാരിക്കില്ല.” ഒരു പുരോഹിതനിൽനിന്ന് ഇങ്ങനെയൊരു മറുപടി പ്രതീക്ഷിക്കാം, പക്ഷേ, ഭാവനകൊണ്ട് കഥ പറയുന്ന സിനിമാസംവിധായകനിൽനിന്ന് ഞാൻ ഈ മറുപടി പ്രതീക്ഷിച്ചില്ല. എന്റെ അമ്പരപ്പ് ഇരട്ടിപ്പിക്കുന്ന കാര്യമാണ് പിന്നെ ഞാൻ കേട്ടത്. സുവിശേഷങ്ങളും മറ്റ് വ്യാഖ്യാനഗ്രന്ഥങ്ങളും 13 വർഷം വായിച്ച്, ധ്യാനിച്ച് പ~ിച്ചാണത്രേ അദ്ദേഹം ഈ സിനിമയുടെ തിരക്കഥ എഴുതിയത്.

“നാവുകൊണ്ടല്ല, കണ്ണുകൊണ്ടാണ് ബറാബാസ് സംസാരിക്കേണ്ടത്. റോമാക്കാരുടെ പീഡനം ജയിലിൽവെച്ച് സഹിച്ച് മൃഗതുല്യനായിത്തീർന്ന ഒരാളാണ് ബറാബാസ്- യേശുവിനു പകരം ജയിൽമോചിതനാക്കാൻ ജനം തിരഞ്ഞെടുത്ത തടവുപുള്ളി. അയാൾ ആരോടും സംസാരിക്കില്ല. വന്യമൃഗങ്ങളെപ്പോലെ മുരളുകമാത്രം ചെയ്യും. പീഡനംമൂലം അയാളുടെ ഒരു കണ്ണും നഷ്ടപ്പെട്ടിരുന്നു. ഒറ്റക്കണ്ണുള്ള ക്രൂരനായ ഒരു വേട്ടമൃഗംപോലെയാണ് ബറാബാസ്.

“പക്ഷേ, ഉള്ളിൽ നന്മയുടെ പ്രകാശവുമുണ്ടാകണം. യേശുവിന്റെ ഒറ്റനോട്ടത്തിലൂടെ ശാന്തനായ, അനുസരണയുള്ളൊരു നായ്ക്കുട്ടിയായി തീരണം അയാൾ. രണ്ടു മിനിറ്റ് മാത്രമുള്ള ഈ കഥാപാത്രത്തെ 10 മിനിറ്റിലധികമുള്ള പീലാത്തോസിനെക്കാൾ ജനങ്ങൾ ഓർമിക്കണം,” ഗിബ്‌സന്റെ ഈ വാക്കുകൾ ഞാൻ സ്വീകരിച്ചു.

ആ ഒരൊറ്റ നോട്ടം, സംഭവിച്ചത് അത്ഭുതം

ഷൂട്ടിങ്ങിനിടയിൽ മെൽ ഗിബ്‌സൻ ഒരു കാര്യം സൂചിപ്പിച്ചു. സിനിമയിൽ പീലാത്തോസിന്റെ അരമനയിൽവെച്ച് യേശുവും ബറാബാസും പരസ്പരം കണ്ണുകളിൽ നോക്കുന്ന രംഗമുണ്ട്. അതുവരെ, യേശുവായി അഭിനയിക്കുന്ന ജിം കാവിസിയേലിനെ ഞാൻ നോക്കരുത്. ആദ്യമായി ഒരാൾ യേശുവിന്റെ കണ്ണുകളിലേക്ക് നോക്കുന്ന അനുഭവം ഉണ്ടാകണം. അതാണ് തനിക്ക് ക്യാമറയിൽ പകർത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകന്റെ വാക്കനുസരിക്കേണ്ടതിനാൽ ഷൂട്ടിങ്ങ് ദിനങ്ങളിലൊന്നും ഞാൻ യേശുവായി അഭിനയിക്കുന്ന നടന്റെ അടുത്തുപോലുംപോയില്ല. ഒടുവിൽ എന്നോട് പറഞ്ഞതുപോലെ ഷൂട്ടിങ്ങ് സമയമെത്തി, ഞാനും യേശുവുമായി സിനിമയിൽ കാണുന്ന രണ്ടേരണ്ടു മിനിറ്റ്. ഞാൻ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടം എന്റെ ജീവിതത്തെ മാറ്റിമറിച്ചു.

പീലാത്തോസിന്റെ അരമനയുടെ ഇടനാഴിയിലൂടെ പടയാളികൾ ബറാബാസിനെ വലിച്ചിഴച്ചുകൊണ്ടുവരുന്നു. ഒരു തൂണിനോട് ചേർത്ത് നിർത്തി കഴുത്തിൽ ചങ്ങലയിട്ട് പിറകോട്ട് വലിക്കുന്നു. ബറാബാസ് ക്രൂരമായി മുരളുകമാത്രമേ ചെയ്യാവൂ. പിന്നീട്, ബറാബാസിനെ വിട്ടയക്കുന്ന വിധി പീലാത്തോസ് പറയുമ്പോൾ പട്ടാളക്കാർ ബറാബാസിനെ മോചിപ്പിക്കണം. മ്ലേഛകരമായ ആംഗ്യവിക്ഷേപങ്ങൾ കാട്ടി ബറാബാസ് നടന്നു നീങ്ങും.

ഒരു നിമിഷം! തനിക്കുവേണ്ടി ആരെയാണോ കുരിശിൽ തറയ്ക്കുന്നത്, അയാളെ യേശുവിനെ നോക്കുന്നു. അവരുടെ കണ്ണുകൾ തമ്മിലുടക്കുന്നു. ബറാബാസിന്റെ തകർന്ന കണ്ണുകളിലേക്ക് യേശുവിന്റെ ജീവസുറ്റ കണ്ണുകളിലെ വെളിച്ചം. പിന്നീടയാൾ ജനക്കൂട്ടത്തിലേക്ക് ഇറങ്ങി നടന്നു മറയുന്നു. ഇതാണ് സിനിമയിലെ രംഗം.

അതുതന്നെ ഞാൻ അഭിനയിച്ചു. യേശുനാഥനെ നോക്കുന്ന ആ ഒരു നിമിഷം. തിരക്കഥയിലേതുപോലെ ഞാൻ യേശുവിന്റെ കണ്ണുകളിലേക്ക് നോക്കി. ആ സമയത്ത് യഥാർത്ഥമായ ഒരു പ്രകാശം എന്റെ മനസ്സിലേക്ക് കടന്നുവന്നു. സത്യമായും ഞാൻ അവിടെ യേശുവിനെയാണ് കണ്ടത്.

ആ നിമിഷംമുതൽ എനിക്ക് മാറ്റംവന്നു. ഞാൻ ക്രിസ്തുവിലേക്ക് നടന്നു തുടങ്ങി. ബറാബാസിന്റെ അഥവാ, മാനവകുലത്തിന്റെ മോചനത്തിനാണ് യേശു കുരിശിലേറ്റപ്പെട്ടത്. തനിക്കുവേണ്ടിയാണ് യേശു മരിച്ചതെന്നു ബോധ്യമുള്ള ബറാബാസ് (മാനവകുലം) യേശുവിനുവേണ്ടി ജീവിക്കണം. എനിക്കുകിട്ടിയ പുതിയൊരു തിരിച്ചറിവായിരുന്നു അത്.

സിനിമവഴി സഭയിലേക്ക്

കലാകാരന്മാർക്ക് വികാരപ്രകടനങ്ങൾ  കൂടുതലാണെന്ന് പറയാറില്ലേ? പക്ഷേ, ഇത് അങ്ങനെയൊരു വികാരപ്രകടനം ആയിരുന്നില്ല. യഥാർത്ഥ മാറ്റമായിരുന്നു. ഷൂട്ടിങ്ങിനുശേഷം വീട്ടിലെത്തിയ ഞാൻ തികച്ചും അസ്വസ്ഥനായിരുന്നു. എന്തുസംഭവിച്ചു എന്ന അന്ധാളിപ്പിൽനിന്നുണ്ടായ അസ്വസ്ഥത. അതെന്നെ ഡോൺ ജാന്നി എന്ന കത്തോലിക്കാ വൈദികന്റെ സമീപമെത്തിച്ചു. അദ്ദേഹം തിരുസഭയെപ്പറ്റി, കൂദാശകളെപ്പറ്റി എനിക്കു പറഞ്ഞുതന്നു.

നല്ലൊരു കത്തോലിക്കാവിശ്വാസിയാകൂ എന്ന് യേശു എന്നോട് മന്ത്രിക്കുന്നതായി തോന്നി ആ നാളുകളിൽ. ഈ സമയത്ത്, ഭാര്യയോടും മൂന്നു മക്കളോടുമൊപ്പമായിരുന്നു എന്റെ താമസമെങ്കിലും സഭാനിയമം അനുസരിച്ച് വിവാഹിതനായിരുന്നില്ല. ക്രിസ്തുവിനെയും സഭയെയും തിരിച്ചറിഞ്ഞശേഷം ഞാൻ ദൈവാലയത്തിൽവെച്ച് വിവാഹിതനാകാൻ തീരുമാനിച്ചു. എന്റെ വിവാഹത്തിന് ലേഖനം വായിച്ചത് ഞാൻതന്നെയായിരുന്നു. കരഞ്ഞുകൊണ്ടാണ് ഞാനത് വായിച്ചു തുടങ്ങിയതും പൂർത്തിയാക്കിയതും. എന്റെ മൂന്നു മക്കളെയും അന്നുതന്നെ മാമ്മോദീസ മുക്കി. അതിനുശേഷം രണ്ടു കുട്ടികൾകൂടി എനിക്കുണ്ടായി.

വെല്ലുവിളികൾ നേരിടാനുറച്ച്

ഒരു സിനിമാപ്രവർത്തകനെ സംബന്ധിച്ചിടത്തോളം വിശ്വാസിയായുള്ള ജീവിതം വെല്ലുവിളി നിറഞ്ഞതാണെന്നാണ് എന്റെ അഭിപ്രായം. പൊതുവെ സിനിമാലോകം ക്രിസ്തുവിനെയും കത്തോലിക്കാവിശ്വാസത്തേയും 'വിലക്കപ്പെട്ടവ' ആയാണ് കരുതുന്നത്. അവിടെ ക്രിസ്തുവിന് സാക്ഷ്യം പകരുക എന്നത് വലിയ വെല്ലുവിളിതന്നെയാണ്.

 ക്രിസ്തുവിനെ അറിഞ്ഞതിനുശേഷം എനിക്ക് 10 സിനിമകൾപോലും ഒരു വർഷം കിട്ടുന്നില്ല. ഞാൻ അഭിനയം പ~ിപ്പിക്കുന്ന സ്‌കൂളിലെ എന്റെ ഓഫിസിൽ ഒരു കുരിശുരൂപം വെച്ചിരുന്നു. എന്നാൽ, ചിലർ അതെടുത്തുമാറ്റി. അധികം താമസിയാതെ അവർ എന്റെ ജോലിയും  ഇല്ലാതാക്കി. അഞ്ചു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം പുലർത്താൻ ബുദ്ധിമുട്ടുണ്ടിപ്പോൾ. എങ്കിലും ക്രിസ്തുവിലുള്ള വിശ്വാസത്തിൽ  ഞാൻ ജീവിക്കുന്നു. ഞാൻ സൂചിപ്പിച്ച ക്രിസ്തീയവിശ്വാസത്തിനെതിരായ പ്രവർത്തനങ്ങൾ നടക്കുന്നത് അറബ്‌രാജ്യങ്ങളിലൊന്നുമല്ല; കത്തോലിക്കാ രാജ്യമായ ഇറ്റലിയിൽ ആണെന്നോർക്കണം.

അഭിനയത്തേക്കാൾ സന്തോഷം?

പ്രാർത്ഥനയും ദിവ്യബലിയും എന്റെ  ജീവിതത്തിന്റെ അവിഭാജ്യഭാഗമാണിപ്പോൾ. അതുകൊണ്ടുതന്നെ കുടുംബത്തിൽ ശാന്തിയും സമാധാനവും കളിയാടുന്നു. സ്വന്തം തൊഴിലായ അഭിനയവും ഭംഗിയായി തുടരുന്നു, അവസരങ്ങൾ കുറഞ്ഞെങ്കിലും. ചില സ്ഥലങ്ങളിൽ ഇപ്പോഴും അഭിനയം പ~ിപ്പിക്കാൻ പോകുന്നുണ്ട്.

വീണുകിട്ടുന്ന ഇടവേളകളിൽ യുവജന ക്യാംപുകളിലും ഇടവകകളിലും എന്റെ ക്രിസ്ത്വാനുഭവം പങ്കുവെക്കാനും ശ്രമിക്കുന്നു. അഭിനയത്തേക്കാളും എനിക്കേറെ സന്തോഷം തരുന്ന നിമിഷങ്ങളാണവ.

കടപ്പാട് ശാലോം...

6 comments :

 1. May Saroobi can carry the light of life he received from Jesus throughout his life...GOD BLESS HIM AND ALL..

  ReplyDelete
 2. God has a Great Plan for all of Us....God Bless u Mr.Saroobi

  ReplyDelete
 3. http://en.wikipedia.org/wiki/List_of_converts_to_Islam

  ReplyDelete
 4. God bless you and live in you and with you continuously to reevangelise your conutry.
  Gladis

  ReplyDelete