Wednesday, December 18, 2013

ഇന്നുമുണ്ട് മനുഷ്യനെ സ്നേഹിക്കുന്നവര്‍!!

ഇന്നുമുണ്ട് മനുഷ്യനെ സ്നേഹിക്കുന്നവര്‍!!
************************************







 "ജോണ്‍ മരിയ വിയാനി" എന്നു കേട്ടാല്‍ ഉടനെ ഓര്‍മ്മ വരിക വിയാനി പുണ്യവാനെയാണ്, അല്ലേ? എന്നാല്‍ അതേ നാമധേയത്തിലുള്ള മറ്റൊരു പുണ്യാത്മാവിനെയാണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത്.

പാലക്കാട് ജില്ലയില്‍ മലമ്പുഴയില്‍ രൂപതയുടെ കീഴില്‍ "കൃപാസദന്‍" എന്ന ഒരു വൃദ്ധമന്ദിരമുണ്ട്. കഴിഞ്ഞ പതിനാറു വര്‍ഷമായി അതിന്റെ ഡയരക്ടര്‍ ആയി സേവനമനുഷ്ടിക്കുന്ന ഒരു വൈദികനാണ് മനുഷ്യസ്നേഹിയായ ഫാ.ജോണ്‍ മരിയ വിയാനി.

ഇന്ന് പല വൃദ്ധമന്ദിരങ്ങളും വെറും ബിസിനസ് ആയി മാറിയിരിക്കുന്ന കാലത്താണ് അതിനു അപവാദമെന്നോണം തീര്‍ത്തും നിര്‍ധനരും നിരാലംബരും ആയ വൃദ്ധരെ പരിപാലിക്കാന്‍ ഈ വൈദികന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. അവിടെ അഡ്മിഷന്‍ ഫീസോ മറ്റു ചെലവുകളോ ഒന്നുംതന്നെ ഈ പാവങ്ങളില്‍ നിന്നും ഈടാക്കാറില്ല. ഇപ്പോള്‍ അമ്പതോളം അന്തേവാസികള്‍ സന്തോഷത്തിലും സമാധാനത്തിലും അവിടെ ജീവിക്കുന്നുണ്ട്. അവര്‍ക്ക് വിയാനി അച്ചന്‍ എന്നു പറഞ്ഞാല്‍ ജീവനാണ്.

പൊതുവേ പത്താം ക്ലാസ് കഴിയുമ്പോള്‍ വൈദികനാകാന്‍ കുട്ടികൾ സെമിനാരിയില്‍ പോകുന്ന സമയത്ത് ഇദ്ദേഹം MA കഴിഞ്ഞതിനു ശേഷമാണ് സെമിനാരിയില്‍ ചേര്‍ന്നത്‌. തൃശ്ശൂര്‍ രൂപതാ അംഗം ആയ ഇദ്ദേഹം പാലക്കാട് രൂപത തെരഞ്ഞെടുത്തത് തന്നെ കഷ്ടത അനുഭവിക്കുന്നവരെ സേവിക്കാന്‍ വേണ്ടിയാണ്. ഇന്ന് പൊതുവേ എല്ലാവരുംതന്നെ അടിപൊളി ഷൂസ് ധരിച്ചു നടക്കുമ്പോള്‍ വിയാനി അച്ചന് അന്നും ഇന്നും ഉള്ളത് വെറും വള്ളിചെരുപ്പ് മാത്രം. അച്ചന്റെ ളോഹയില്‍ ചുരുങ്ങിയത് നാലഞ്ചു തുന്നിക്കൂട്ടലുകളെങ്കിലും കാണാം. പാവങ്ങളുടെ ഇടയില്‍ ജീവിക്കുമ്പോള്‍ ഇതുതന്നെ ധാരാളമാണ് എന്നാണ് അച്ചന്റെ ഭാഷ്യം.

അച്ചന് ഒരു ജീപ്പുണ്ട്. ആ ജീപ്പില്‍ തന്നെയാണ് അച്ചന്‍ പച്ചക്കറി വാങ്ങിക്കൊണ്ടു വരുന്നതും രോഗികളെ ആസ്പത്രിയില്‍ കൊണ്ടുപോകുന്നതും ആരെങ്കിലും മരിച്ചാല്‍ അടക്കാന്‍ കൊണ്ടുപോകുന്നതും എല്ലാം എല്ലാം. ശവമടക്കിന് ആരേയും സഹായത്തിനു കിട്ടാത്തപ്പോള്‍ പലപ്പോഴും അച്ചന്‍തന്നെ ഒറ്റയ്ക്ക് കുഴിവെട്ടി മരിച്ചവരെ പൊതു ശ്മശാനത്തില്‍ അടക്കിയിട്ടുണ്ട്.

തൃശൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ നിത്യ സന്ദര്‍ശകനാണ് ഈ വിയാനിയച്ചന്‍. കൈയ്യില്‍ ഒരു ചാക്കും പിടിച്ച് അവിടെയുള്ള പച്ചക്കറി കച്ചവടക്കാരോട് കേടായി കളയുന്നതെങ്കിലും തരണേ എന്ന് യാചിക്കാന്‍ വേണ്ടിയാണ് അച്ചന്‍ അവിടെ എത്തുന്നത്‌. ആദ്യമൊക്കെ പലരും അച്ചനോട് വളരെ പരുഷമായാണ് പെരുമാറിയിരുന്നതെങ്കില്‍ ഇന്ന് അവരെല്ലാം അച്ചനെ കാത്തിരിക്കുകയാണ്, ഉള്ളതില്‍ നല്ലത് കൊടുക്കാന്‍. അതിനും കാരണമുണ്ട്. അച്ചന് മനസ്സറിഞ്ഞു കൊടുക്കാന്‍ തുടങ്ങിയപ്പോഴാണത്രെ പലരുടെയും കച്ചവടം പച്ചപിടിക്കാന്‍ തുടങ്ങിയത്.

രൂപതയില്‍ നിന്ന് കിട്ടുന്ന നാമമാത്രമായ സംഖ്യകൊണ്ട് അവിടത്തെ കാര്യങ്ങള്‍ ഒന്നും നടക്കില്ല. അതുകൊണ്ട് നടന്നു തെണ്ടുകതന്നെയാണ് അച്ചന്‍ അന്നും ഇന്നും. അതിനു അച്ചന് ഒരു നാണവുമില്ലത്രേ. ദൈവത്തിനുവേണ്ടി ഇത്രയെങ്കിലും ചെയ്യാന്‍ കഴിയുന്നതുതന്നെ വലിയ ഭാഗ്യവും അനുഗ്രവുമാണ് എന്നാണ് അച്ചന്‍ പറയുക.

ഈ വൈദികനെ ദേഷ്യം പിടിപ്പിക്കാം എന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവര്‍ക്ക് തെറ്റി. എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും വേദനയുണ്ടെങ്കിലും അച്ചന്‍ എന്നും പ്രസന്നനായിരിക്കും. പുഞ്ചിരിയോടുകൂടിയല്ലാതെ അച്ചന്‍ സംസാരിക്കാറില്ല.

ഒരിക്കല്‍ ഈ വൈദികന്റെ പേരില്‍ ഒരു അതിര്‍ത്തി കേസ് വന്നു. കേസ് അന്വേഷിക്കാന്‍ വന്ന ഇന്‍സ്പെക്ടര്‍ പോക്കറ്റിലുണ്ടായിരുന്ന തുക ഈ വൃദ്ധമന്ദിരത്തിനു വേണ്ടി സംഭാവന കൊടുത്ത് അച്ചന്റെ അനുഗ്രവും വാങ്ങിയിട്ടാണ് തിരികെ പോയത്.

പതിനാറു വര്‍ഷം മുന്‍പ് വെറും തരിശായി കിടന്നിരുന്ന ആ ഭൂമി ഇന്ന് ഒരു പൂങ്കാവനമാണ്. നിറയെ ഔഷധ ചെടികളാണ്. (അവയും ഭിക്ഷ യാചിച്ചു നേടിയെടുത്തതാണ്).

പബ്ലിസിറ്റി അച്ചന് ഇഷ്ടമല്ല. ഞാന്‍ ഇത് എഴുതുന്നതുപോലും അച്ചനോട് പറയാതെയാണ്. പറഞ്ഞാല്‍ അച്ചന്‍ സമ്മതിക്കില്ല, അതുതന്നെ കാരണം.

ആര്‍ക്കെങ്കിലും വിയാനി അച്ചനെ നേരിട്ട് ബന്ധപ്പെടണമെങ്കില്‍ അവിടത്തെ അശരണരും രോഗികളുമായ വൃദ്ധർക്ക് ഒരുനേരത്തെ ആഹാരം കൊടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ അച്ചന്റെ ഫോണ്‍ നമ്പര്‍ താഴെ കുറിക്കാം.

0091 491 2815665
0091 902 0098498


പോള്‍സണ്‍ പാവറട്ടി
00971 50 5490334


No comments :

Post a Comment